കൊച്ചി: മഞ്ജു വാര്യരുടെയും ആക്രമിക്കപ്പെട്ട നടിയുടെയും മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച സംഭവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
അമ്പതോളം പേജുള്ള സത്യവാങ്മൂലത്തിന്റെ പതിനഞ്ചാം പേജിലാണ് വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍ പരാമർശം. വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി 2020 നവംബർ 6 ന് വെള്ളിയാഴ്ച പരിഗണിക്കും. അതുവരെ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപ് മകളെ ഉപയോഗിച്ച് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് മഞ്ജു വാര്യര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ മൊഴി രേഖപ്പെടുത്താന്‍ വിചാരണക്കോടതി തയാറായില്ല എന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. കേസിനെ സ്വാധീനിക്കാനുള്ള പ്രതിയുടെ ശ്രമത്തെക്കുറിച്ച് അറിഞ്ഞിട്ടും വിചാരണ കോടതി ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.
ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയിൽ നടി ഭാമയോട് തന്നെ വകവരുത്തുമെന്ന് ദിലീപ് പറഞ്ഞതായി വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും വിചാരണ കോടതി രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ വിചാരണക്കോടതി പ്രതിയ്ക്കൊപ്പമാണെന്നും കേസ് മാറ്റണമെന്നും സർക്കാർ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിയും വിചാരണക്കോടതിയിൽ നിന്നും കേസ് മാറ്റണമെന്ന് അപേക്ഷ നൽകിയിരുന്നു.

