ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭീം ആര്‍മി പാര്‍ട്ടിയുടെ പ്രചരണ വാഹനത്തിനു നേരെ വെടിവെപ്പ്. പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ബുലന്ദ്ശഹര്‍ ജില്ലയിൽ ഞായറാഴ്ച (25/10/2020) രാവിലെയാണ് സംഭവം നടന്നതെന്ന് ആസാദ് പറയുന്നു. ഞായറാഴ്ച നടന്ന ഉപതരെഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ചന്ദ്രശേഖര്‍ പങ്കെടുത്തിരുന്നു.
‘ ബുലന്ദ്ശഹര്‍ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളെ കണ്ട് അവര്‍ പേടിക്കുന്നുണ്ട്. ഞങ്ങളുടെ റാലി അവരെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഇതിനാലാണ് ഭീരുത്വത്തോടെ വാഹനത്തിനു നേരെ വെടിയുതിര്‍ത്തത്. ഇത് അവരുടെ നിരാശയെ വെളിവാക്കുന്നു. അന്തരീക്ഷം വിഷലിപ്തമാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. പക്ഷെ അത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു.
ഭീം ആര്‍മിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഹസിയമിനായി പ്രചരണത്തിനെത്തിയതായിരുന്നു ചന്ദ്രശേഖര്‍ ആസാദ്.
നവംബര്‍ മൂന്നിനാണ് യുപിയില്‍ ബുലന്ദ്ശഹര്‍ ഉള്‍പ്പെടെ ഏഴു നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി എം.എല്‍. എ വിരേന്ദ്ര സിരോഹിയുടെ മരണത്തെത്തുടര്‍ന്നാണ് ബുലന്ദ്ശഹറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.