തിരുവനന്തപുരം: ഇടുക്കി ജില്ലയില്ലെ റവന്യൂ ഓഫീസുകളില്‍ കാലപഴക്കം കൊണ്ട് ജീര്‍ണ്ണിച്ചുപോയിട്ടുളളതും, കണ്ടെത്താനാവാത്തതും, ഫയലുകളിലെ പ്രസക്തമായ രേഖകള്‍ നഷ്ടപ്പെട്ടുപോയിട്ടുളളതുമായ ഭൂപതിവ് ഫയലുകള്‍ നിരവധിയുണ്ടെന്നും അത്തരം കേസുകളില്‍ പെട്ട ഭൂമികള്‍ക്ക് പട്ടയ പകര്‍പ്പ് നല്‍കുക റീ സര്‍വ്വേ നിജസ്ഥിതി പരിശോധന തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാകുന്നതായി ബോധ്യപ്പെട്ടിട്ടുളളതായി ലാന്‍റ് റവന്യൂ കമ്മീഷണര്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പട്ടയ ഫയല്‍ നഷ്ടപ്പെട്ട കേസുകളില്‍ പട്ടയം ലഭിച്ച ഭൂമി സര്‍വ്വേ റിക്കാര്‍ഡുകളില്‍ ഉള്‍പ്പെട്ട് നിലവിലെ കൈവശക്കാരുടെ അല്ലെങ്കില്‍ പട്ടയം ലഭിച്ചിട്ടുണ്ടായിരുന്ന വ്യക്തിയുടെ പേരില്‍ തണ്ടപ്പേര്‍ വന്നിട്ടുളള കേസുകള്‍, പട്ടയഫയല്‍ നഷ്ടപ്പെട്ടിട്ടുളളതും എന്നാല്‍ പട്ടയം നല്‍കിയിട്ടുളള ഭൂമി വില്ലേജ് റിക്കാര്‍ഡുകളിലും സര്‍വ്വേ റിക്കാര്‍ഡുകളിലും പട്ടയം നല്‍കിയതനുസരിച്ച് മാറ്റം വരുത്തിയിട്ടില്ലാത്ത കേസുകള്‍, പട്ടയഫയലുകള്‍ നഷ്ടപ്പെട്ടിട്ടുളളതും എന്നാല്‍ പട്ടയം നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഭൂമി വില്ലേജ് റിക്കാര്‍ഡുകളില്‍ അഥവാ സര്‍വ്വേ റിക്കാര്‍ഡുകളില്‍ പട്ടയം നല്‍കിയതനുസരിച്ച് മാറ്റം വരുത്തിയിട്ടില്ലാത്ത കേസുകള്‍ എന്നിവയുടെ കാര്യത്തിലാണ് തീരുമാനങ്ങള്‍ ഉണ്ടാായിരിക്കുന്നത്.
ഭൂമി പതിവ് സംബന്ധിച്ച രേഖകളായ നമ്പര്‍-1, നമ്പര്‍-2 രജിസ്റ്ററുകള്‍, കൂടുതല്‍ കുറവ് രജിസ്റ്ററുകള്‍, പതിവ് ലിസ്റ്റ് എന്നിവയടക്കം ലഭ്യമായ മറ്റ് വില്ലേജ് സര്‍വ്വേ രേഖകളുടെ അടിസ്ഥാനത്തില്‍ പട്ടയ വസ്തുവില്‍ ഭൗതീക പരിശോധനയും പ്രാദേശിക അന്വേഷണവും നടത്തിയും, പതിവ് നടപടി ക്രമങ്ങളുടെ ആധികാരികത ഉറപ്പാക്കി പട്ടയം ഏത് ചട്ടപ്രകാരം നല്‍കിയിട്ടുളളതാണെന്ന് കൃത്യമായി കണ്ടെത്തി പട്ടയം നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താവുന്ന കേസുകളില്‍ നിലവിലെ കൈവശക്കാരന്‍ അതായത് പട്ടയം ലഭിച്ച വ്യക്തിയോ , അയാളുടെ നിയമാനുസൃത അവകാശിയോ, നിയമ വിധേയമായി കൈമാറി ലഭിച്ചിട്ടുളള വ്യക്തിയോ ആണെന്ന് ബോധ്യപ്പെടുന്ന പക്ഷം രേഖകള്‍ നല്‍കാവുന്നതാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
അത്തരം കേസുകളില്‍ പട്ടയം നല്‍കിയിട്ടുളള വസ്തുവിന്‍റെ സ്‌കെച്ച് സഹിതം അതിര്‍ത്തി പങ്കിടുന്ന കക്ഷികള്‍ക്ക് നോട്ടീസ് നല്‍കുന്നത് ഉള്‍പ്പടെയുളള നടപടികള്‍ പാലിച്ച് ഭൂരേഖാ തഹ്‌സീല്‍ദാര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് റവന്യൂ ഡിവിഷനല്‍ ഓഫീസര്‍ പരിശോധിച്ച് വ്യക്തമായ ശുപാര്‍ശ സഹിതം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതും , ജില്ലാ കളക്ടര്‍ അത് പരിശോധിച്ച് നിജസ്ഥിതി സാക്ഷ്യപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കേണ്ടതുമാണ്
പരിശോധനയില്‍ പട്ടയം ലഭിച്ചിട്ടുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കുന്ന രേഖകള്‍ ഒന്നും ലഭ്യമല്ലാത്ത കേസുകളില്‍ പ്രസ്തുത ഭൂമി പതിവിന് വിധേയമായ സര്‍ക്കാര്‍ ഭൂമി ആണെങ്കില്‍ നിലവിലെ കൈവശക്കാരന്‍റെ അര്‍ഹത പരിശോധിച്ച് ഭൂമി പതിവ് ചട്ടങ്ങള്‍ക്ക് വിധേയമായി പുതിയ പട്ടയം നല്‍കുന്നതിന് നിയമാനുസൃത നടപടി സ്വീകരിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

