മുംബൈ: രണ്ടാഴ്ച മുന്‍പ് കാണാതായ കോവിഡ് രോഗിയെ ആശുപത്രി ടോയ്ലറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടോയ്ലറ്റുകള്‍ പതിവായി വൃത്തിയാക്കേണ്ടതും മറ്റ് രോഗികള്‍ ഉപയോഗിക്കുന്നതുമായിരുന്നിട്ടും 14 ദിവസമായി മൃതദേഹം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നത് സംശയം ജനിപ്പിക്കുന്നതാണ്.കോവിഡ് സ്ഥിരീകരിച്ച 27കാരനായ ക്ഷയരോഗിയായ സൂര്യഭണ്‍ യാദവിന്റെ മൃതദേഹമാണ് വഡാലയില്‍ സെവ്രി ടിബി ആശുപത്രിയിലെ ടോയ്ലറ്റില്‍ നിന്ന് കണ്ടെത്തിയത്. ഇതോടെ ബിഎംസി ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും വാര്‍ഡില്‍ ജോലി ചെയ്തിരുന്ന 40 ആശുപത്രി ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
മൃതദേഹം അഴുകിയതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് രോഗികളുടെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് സൂര്യഭണ്‍ യാദവാണെന്ന് വ്യക്തമായത്. ഇയാളെ കാണാതായ വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും എന്നാല്‍ ടിബി രോഗികള്‍ ആശുപത്രിയില്‍ നിന്ന് ഒളിവില്‍ പോകുന്നത് സാധാരണമായതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിയില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് നല്‍കിയ വിശദീകരണം.ഒക്ടോബര്‍ നാലിന് ഇയാള്‍ ടോയ്ലറ്റില്‍ ചെന്ന് ശ്വാസതടസ്സം മൂലം കുഴഞ്ഞു വീണതാകാമെന്നാണ് അനുമാനം. ഒക്ടോബര്‍ 18 വരെ രോഗികളോ ജീവനക്കാരോ ടോയ്ലറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി പരാതിപ്പെട്ടില്ലെന്നും ആശുപത്രി മാനേജ്‌മെന്റ് പറയുന്നു. കോവിഡ് വാര്‍ഡായതിനാല്‍ വാര്‍ഡിലേക്ക് പ്രവേശിക്കുകയോ ടോയ്ലറ്റുകള്‍ പരിശോധിക്കുകയോ ചെയ്യുന്നതില്‍ നിന്നും ഉത്തരവാദിത്തപ്പെട്ടവര്‍ വിട്ടുനിന്നതും കാരണമാവാമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്

