മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ പാര്‍ട്ടി വിട്ട് എന്‍.സി.പിയില്‍ ചേരാൻ തീരുമാനിച്ചത് മഹാരാഷ്ട്രയിൽ ബി ജെ പി ക്ക് തിരിച്ചടിയായേക്കും എന്ന് റിപ്പോർട്. എൻ സി പി സംസ്ഥാന പ്രസിഡൻ്റ് ജയന്ത് പാട്ടീലാണ് ഏക്‌നാഥ് ഖഡ്‌സെ എൻ സി പി യിലെത്തുന്ന കാര്യം പ്രഖ്യാപിച്ചത്.
ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതായി ഖഡ്‌സെ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഖഡ്‌സെയുടെ രാജി കത്ത് ഇതുവരെ പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു സംസ്ഥാന ബി.ജെ.പി വക്താവ് കേശവ് ഉപാധ്യേയ പറഞ്ഞത്.
അതിനിടെ ഖഡ്‌സെയുടെ രാജിയുമായി ബന്ധപ്പെട്ട വാര്‍ത്തകളോടൊന്നും പ്രതികരിക്കാനില്ലെന്നായിരുന്നു ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചത്
2016 ല്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെയാണ് അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഖഡ്‌സെ രാജിവെക്കുന്നത്. അന്ന് മുതല്‍ അദ്ദേഹം പാര്‍ട്ടിയുമായി അകല്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവാണ് ഏക്‌നാഥ് ഖഡ്‌സെ . ജനസംഘത്തിൻ്റെ കാലം മുതൽ അദ്ദേഹം മഹാരാഷ്ട്രയിലെ സംഘപരിപാർ രാഷ്ട്രീയത്തിൻ്റെ ഭാഗമാണ്. ബി ജെ പി നേതൃത്വത്തിൽ നിന്ന് അവഗണന നേരിടുന്നു എന്ന പരാതി ഏറെ നാളായി അദ്ദേഹത്തിനുണ്ടായിരുന്നു. കോർ കമ്മിറ്റിയിൽ സംസ്ഥാന ബിജെപി അദ്ദേഹത്തെ അംഗമായി നിലനിർത്തിയിരുന്നു. എന്നാൽ ഇതു കൊണ്ട് ഖാഡ്സേ സംതൃപ്തനായിരുന്നില്ല.
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഖാദ്‌സെയ്ക്ക് സ്വന്തം മണ്ഡലമായ മുക്തൈനഗറിൽ ബി ജെ പി ടിക്കറ്റ് നിഷേധിച്ചിരുന്നു.
സംഘടന കെട്ടിപ്പടുക്കുന്നതിൽ വളരെയധികം സംഭാവന നൽകിയ നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രതിച്ഛായ ബിജെപി പ്രവർത്തകരുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്. ബിജെപിയിൽ നിന്ന് പുറത്തുപോകാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഏക്‌നാഥ് ഖഡ്‌സെ യുടെ ലെവ പാട്ടീൽ സമുദായത്തിലെ ഒരു വലിയ വിഭാഗത്തെയും സ്വാധീനിച്ചേക്കാം.
“ഖാദ്സെ ഇത്രയും കടുത്ത നടപടി സ്വീകരിക്കുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ചർച്ചകളിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാമെന്നും ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നു… അദ്ദേഹം വിട്ടുപോകാൻ പാടില്ലായിരുന്നു. ”സംസ്ഥാന ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു,
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, ഖാദ്‌സെയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പാർട്ടി പ്രവർത്തകർ കൂട്ടത്തോടെ പുറത്തു പോകും എന്ന് ബിജെപി പ്രതീക്ഷിക്കുന്നില്ല. 1989 നും 2019 നും ഇടയിൽ തുടർച്ചയായി ആറ് തവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട മുക്തൈനഗർ നിയോജകമണ്ഡലത്തിലേക്ക് ഖാദ്‌സെയുടെ സ്വാധീനം പരിമിതപ്പെടുമെന്നാണ് പാർട്ടി വിശ്വസിക്കുന്നത്.

