ദില്ലി: ഒരു മാസത്തിനിടെ ഇന്ത്യ നടത്തിയത് 12 മിസൈല്‍ പരീക്ഷണങ്ങള്‍. അക്ഷരാർത്ഥത്തിൽ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് രാജ്യം. നിര്‍ഭയ്, പൃഥ്വി, അഗ്നി, ബ്രഹ്മോസ് തുടങ്ങി യുദ്ധരംഗത്ത് സേനയ്ക്ക് കരുത്താകുന്ന പ്രഹര ശേഷിയും കൃത്യതയുമുള്ള മിസൈലുകളാണ് ഇന്ത്യ ഒരു മാസത്തിനുള്ളില്‍ പരീക്ഷിച്ച് വിജയിപ്പിച്ചത്. ചെനീസ് അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ തുടർചയായ മിസൈൽ പരീക്ഷണങ്ങൾ ആരംഭിച്ചത്. ആ അർത്ഥത്തിൽ ചൈനയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ പരീക്ഷണങ്ങള്‍ എന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം.
ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള സാന്റ് മിസൈല്‍ തിങ്കളാഴ്ചയാണ് വിജയകരമായി പരീക്ഷിച്ചത്. ഡിആർഡിഒ ഇന്ത്യൻ വ്യോമസേനയ്ക്കായി വികസിപ്പിച്ച ഈ മിസൈൽ ധ്രുവസ്ത്ര ഹെലീന ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ നവീകരിച്ചാണ് നിർമിച്ചിരിക്കുന്നത്. ഹെലികോപ്റ്ററില്‍ ഘടിപ്പിക്കാവുന്ന ഇവയ്ക്ക് താഴ്ന്ന് പറന്ന് ലക്ഷ്യത്തില്‍ കൃത്യമായി ആക്രമിക്കാന്‍ സാധിക്കും. ഒന്നര മാസത്തോളമായി നാലു ദിവസത്തില്‍ ഒരു മിസൈല്‍ എന്ന തോതിലാണ് പരീക്ഷണങ്ങൾ നടക്കുന്നത്.

