പാരിസ്: ഇസ്ലാമിക തീവ്രവാദത്തിനെതിരെ രാജ്യം ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മതനിന്ദ ആരോപിച്ച് ചരിത്രാദ്ധ്യാപകനെ അക്രമി തലയറുത്തു കൊന്ന സംഭവത്തിലാണ് പ്രതികരണവുമായി മാക്രോണ്‍ രംഗത്തെത്തിയത്. സംഭവത്തിന് പിന്നില്‍ ഇസ്‌ലാമിക ഭീകരരാണെന്നും മാക്രോണ്‍ തുറന്നടിച്ചു. കൊല്ലപ്പെട്ട അദ്ധ്യാപകന്‍ ജോലി ചെയ്യുന്ന സ്‌കൂളില്‍ 17.10.20 ശനിയാഴ്ച അദ്ദേഹം സന്ദര്‍ശനം നടത്തി. “രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ആക്രമണകാരികള്‍ ആഗ്രഹിക്കുന്നത്. അതാണ് തീവ്രവാദികളുടെ ലക്ഷ്യം. ഈ തീവ്രവാദത്തിനെതിരെ രാജ്യത്തെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണം” മാക്രോണ്‍ പറഞ്ഞു.
സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകനായ സാമുവല്‍ പാറ്റി ക്ലാസില്‍ വിദ്യാര്‍ഥികള്‍ക്ക് മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ കാണിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ആഴ്‌ചയ്‌ക്കിടെ രണ്ടാം തവണയാണ് ഇത്തരത്തിലുള്ള സംഭവം നടക്കുന്നത്. അദ്ധ്യാപകന്‍റെ തലയറുത്ത അക്രമിയെ പൊലീസ് വെടിവച്ച് കൊന്നിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. തീവ്രവാദ കേസുകളില്‍ സംശയിക്കപ്പെടുന്നവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്.

