വെടിവെച്ചത് സ്വയം പ്രതിരോധത്തിന്, സഹായിയെ ന്യായികരിച്ച് ബിജെപി എംഎല്‍എ

ബല്ലിയ: ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ റേഷന്‍ കട സംബന്ധിച്ച യോഗത്തിനിടെ സഹായി നടത്തിയ വെടിവെയ്പിനെ ന്യായീകരിച്ച് ബിജെപി എംഎല്‍എ രംഗത്ത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പോലിസിന്റെയും സാന്നിധ്യത്തില്‍ 46 കാരനായ ജയപ്രകാശിനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തെയാണ് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് ന്യായീകരിച്ചത്. സ്വയം പ്രതിരോധത്തിനു വേണ്ടിയാണ് വെടിയുതിര്‍ത്തതെന്നാണ് എംഎല്‍എയുടെ അഭിപ്രായം.

ഇദ്ദേഹത്തിന്റെ അടുത്ത അനുയായിയായ ബിജെപി പ്രവര്‍ത്തകന്‍ ധീരേന്ദ്ര സിങ്ങാണ് ജയപ്രകാശിനെ വെടിവച്ചുകൊന്നത്. സംഭവസ്ഥലത്തു നിന്ന് ധീരേന്ദ്ര സിങ് രക്ഷപ്പെട്ടപ്പോള്‍ സഹോദരന്‍ ദേവേന്ദ്ര സിങ് അറസ്റ്റിലായിയിട്ടുണ്ട്. വെടിയുതിര്‍ത്തയാള്‍ ബല്ലിയയിലെ ബിജെപിയുടെ മുന്‍ സൈനികരുടെ യൂനിറ്റിന് നേതൃത്വം നല്‍കിയതായി എംഎല്‍എ സുരേന്ദ്ര സിങ് സ്ഥിരീകരിച്ചു. സംഭവം നിര്‍ഭാഗ്യകരവും ദാരുണവുമാണ്. ഭരണകൂടത്തിന്റെ ഏകപക്ഷീയമായ അന്വേഷണത്തെ അപലപിക്കുന്നു. ആത്മരക്ഷയ്ക്കു വേണ്ടി വെടിവച്ചില്ലെങ്കില്‍ ധീരേന്ദ്ര സിങിന്റെ കുടുംബത്തില്‍ നിന്നുള്ള ഡസന്‍ പേര്‍ കൊല്ലപ്പെടുമായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. അത്തരമൊരു സംഭവം എവിടെയും സംഭവിക്കാമെന്ന് ഇന്നലെ സുരേന്ദ്ര സിങ് പറഞ്ഞിരുന്നു. ഇത് എവിടെയും സംഭവിക്കാവുന്ന ഒരു അപകടമാണ്. ഈ സംഭവത്തില്‍, ഇരുവശത്തുനിന്നും ആക്രമണം ഉണ്ടായിരുന്നു. നിയമം അതിന്റെ വഴി സ്വീകരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →