കൊച്ചി: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി. ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ചട്ടങ്ങൾ പാലിച്ചല്ല ഉത്തരവ് എന്ന് കാണിച്ചാണ് കോടതിയുടെ നടപടി.
എസ്റ്റേറ്റ് ഉടമകളായ ബിലീവേഴ്സ് ചർച്ചിനു കീഴിലെ അയന ചാരിറ്റബിൾ ട്രസ്റ്റാണ് ഉത്തരവ് റദ്ദാക്കാനാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച തർക്കം തീർപ്പാക്കാത്തതിനാൽ നിലവിലെ ഉത്തരവ് പ്രകാരം ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ബിലീവേഴ്സ് ചർച്ച് കൈവശം വച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിനാണെന്നും ആയതിനാൽ ഭൂമി ഏറ്റെടുക്കുമ്പോൾ ബിലീവേഴ്സ് ചർച്ചിന് പണം നൽകാനാകില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. തർക്കത്തിലിരിക്കുന്ന ഭൂമിയുടെ വില കോടതിയിൽ കെട്ടിവയ്ക്കാമെന്നായിരുന്നു നേരത്തെ തന്നെ സർക്കാരിന്റെ വാദം. ഈ വാദത്തെ കോടതി മുൻപു തന്നെ ചോദ്യം ചെയ്തിരുന്നു. ഭൂമി സർക്കാരിന്റേതാണെങ്കിൽ പിന്നെയെന്തിന് തുക കെട്ടി വയ്ക്കണം എന്നായിരുന്നു കോടതിയുടെ ചോദ്യം.
ഭൂമി ഏറ്റെടുക്കൽ ഉത്തരവ് നടപ്പിലാക്കാൻ കോട്ടയം ജില്ലാ കളക്ടർക്ക് നിർദേശം നൽകി തുടർ നടപടികളുമായി മുന്നോട്ടു പോകുമ്പോഴാണ് സർക്കാരിന് കോടതിയിൽ നിന്നും തിരിച്ചടിയുണ്ടായത്. ഹൈക്കോടതി ഇടപെടലോടെ ശബരിമല വിമാനത്താവള പദ്ധതി പ്രതിസന്ധിയിലായി. ഭൂമിയുടെ ഉടമസ്ഥാവകാശം ബിലീവേഴ്സ് ചർച്ചിനാണെന്ന് അംഗീകരിച്ചു കൊടുക്കുകയോ, കോടതിയിലെ തർക്കം തീരുന്നതു വരെ കാത്തിരിക്കുകയോ മാത്രമാണ് ഇനി സർക്കാരിനു മുൻപിലെ പോംവഴി, അല്ലെങ്കിൽ ശബരിമല വിമാനത്താവളത്തിനായി മറ്റു സ്ഥലങ്ങൾ നോക്കേണ്ടി വരും.