ജനീവ: സമാധാനം നിലനിര്‍ത്താനും കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ലോകത്തോട് ഹിന്ദിയില്‍ ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. നാം ദുര്‍ബലരല്ല. ഇത് ഒരു മഹാമാരിയാണ്. അതിനെ പോരാടി തോല്‍പ്പിക്കണം. ശാന്തി (സമാധാനം) ആണ് വേണ്ടതെന്നുമാണ് അദ്ദേഹം ഹിന്ദിയില്‍ ട്വീറ്റ് ചെയ്തത്. നേരത്തെ, കൊവിഡ് പ്രതിരോധത്തില്‍ സംഘടനയെ പ്രധാനമന്ത്രി മോദി വിമര്‍ശിച്ചിരുന്നു.
കൊറോണ വൈറസിനെതിരായ വാക്സിന് ഈ വര്‍ഷം അവസാനത്തോടെ തയ്യാറായേക്കുമെന്നു നേരത്തെ ലോകാരോഗ്യ സംഘടന തലവന്‍ വ്യക്തമാക്കിയിരുന്നു. വാക്സിന് ലഭ്യമാകുമ്പോള്‍ തുല്യമായ രീതിയിലുള്ള വിതരണം ഉറപ്പാക്കണമെന്നു ടെഡ്രോസ് ലോകനേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിയ്ക്ക് കീഴില്‍ പരീക്ഷണ ഘട്ടത്തിലുള്ള ഒമ്പത് വാക്സിനുകളാണ് ഉള്ളത്. 2021 അവസാനത്തോടെ രണ്ട് ബില്ല്യണ്‍ ഡോസ് അംഗീകൃത വാക്സിനുകള്‍ സംഭരിച്ച് വിതരണം ചെയ്യാനാണ് കോവാക്സ് ലക്ഷ്യമിടുന്നത്.

