ബസ്മതി അരി ഇന്ത്യയുടേത്: ഭൗമസൂചികാപദവിക്കായുള്ള ഇന്ത്യന്‍ നീക്കത്തെ ഏതിര്‍ക്കാന്‍ പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ബസ്മതി അരിക്ക് ഭൗമ സൂചികാ പദവി സ്ഥാപിച്ച് കിട്ടുന്നതിനുള്ള യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യയുടെ അപേക്ഷയെ എതിര്‍ക്കാന്‍ പാകിസ്ഥാന്‍.ബസ്മതി അരിയുടെ ജന്മദേശം ഇന്ത്യയിലാണെന്നാണ് ഇന്ത്യ സെപ്റ്റംബര്‍ 11ന് യൂറോപ്യന്‍ യൂണിയനില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ അവകാശപ്പെടുന്നത്. ഇതനുസരിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രത്യേക പ്രദേശത്ത് ഉത്പാദിപ്പിക്കുന്ന സുഗന്ധമുള്ള പ്രത്യേകതരം നീളമുള്ള അരിയാണ് ബസ്മതിയെന്ന് ഇന്ത്യ അവകാശപ്പെടുന്നു. ഉത്തരേന്ത്യയില്‍ ഹിമാലയന്‍ താഴ്വരയുള്‍പ്പെടുന്ന ഇന്തോ- ഗംഗ സമതലത്തിന്റെ ഭാഗമാണ് ഈ പ്രദേശമെന്നും യൂറോപ്യന്‍ യൂണിയന് നല്‍കിയ അപേക്ഷയില്‍ വിശദമാക്കുന്നു. എന്നാല്‍ ബസ്മതി അരി ഉത്പാദനത്തിലും കയറ്റുമതിയിലും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് പാകിസ്താനെന്നും ഇന്ത്യയുടെ നീക്കത്തെ അംഗീകരിക്കില്ലെന്നുമാണ് പാകിസ്ഥാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഉപദേഷ്ടാവ് റസാഖ് ദാവൂദിന്റെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ പ്രതിനിധികളും റൈസ് എക്‌സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് പാകിസ്താന്‍ (ആര്‍.ഇ.എ.പി)., ബൗദ്ധിക സ്വത്തവകാശസംഘടന തുടങ്ങിയവയിലെ അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് പാകിസ്ഥാന്റെ തീരുമാനം.ബസ്മതി അരി ഉത്പാദനത്തിലും കയറ്റുമതിയിലും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് പാകിസ്താനെന്നും ഇന്ത്യയുടെ നീക്കത്തെ അംഗീകരിക്കില്ലെന്നും അംഗങ്ങള്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യയുടെ അപേക്ഷയെ ശക്തമായി എതിര്‍ക്കാനും ധാരണയായതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം,പഞ്ചാബ്, ഹരിയാണ, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഈ നെല്ലിനം കൃഷിചെയ്യുന്നുണ്ടെന്ന് ഇന്ത്യ വിശദീകരിക്കുന്നു. ഇന്ത്യയുടെ അപേക്ഷ അംഗീകരിച്ച് ബസ്മതി അരിക്ക് ഭൗമ സൂചിക പദവി ലഭിച്ചാല്‍ പാകിസ്താനിലെ ബസ്മതി കയറ്റുമതിയെ ആകും ഗുരുതരമായി ബാധിക്കുക. യൂറോപ്യന്‍ യൂണിയനിലുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പാകിസ്താനും ബസ്മതി അരി നിലവില്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →