ന്യൂഡൽഹി: നാഗാ വിഘടനവാദികളുടെ എറ്റവും വലിയ സംഘടനയായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻറ് (ഐ എം ) തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും തങ്ങളുടെ ആവശ്യങ്ങളോട് നിഷേധാത്മക നിലപാട് തുടരുകയാണെന്നും തങ്ങൾക്കു നൽകിയ എല്ലാ വാഗ്ദാനങ്ങളിൽ നിന്നും പിന്നോട്ടു പോവുകയാണെന്നും സംഘടന ആരോപിക്കുന്നു.
ഇന്ത്യയ്ക്കകത്തു വച്ച് ചർച്ച സാധ്യമല്ലെങ്കിൽ മറ്റൊരു രാജ്യത്ത് വച്ചാകാമെന്ന് തങ്ങൾക്ക് ഉറപ്പു തന്നിരുന്നതാണ്. 2020 ഫെബ്രുവരി മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തങ്ങൾ നൽകിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ആശാവഹമായ മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങൾ ഇന്നേവരെ തങ്ങൾക്കു നൽകിയ ഉറപ്പിലെ കാര്യങ്ങൾ വെളിപ്പെടുത്താതിരുന്നത്. പക്ഷേ സർക്കാർ വാക്ക് പാലിച്ചില്ല. നാഗാ ജനതയോട് പ്രതിബദ്ധതയുള്ള സംഘടനയാണ് ഞങ്ങൾ അതു കൊണ്ടാണ് രഹസ്യ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നത് .’ സംഘടനാ നേതാക്കൾ പറയുന്നു.
പ്രത്യേക നാഗാ പതാകയും ഭരണഘടനയും വേണമെന്നാവശ്യപ്പെട്ട് സമ്മർദ്ധം ശക്തമാക്കുകയാണ് സംഘടന. നരേന്ദ്രമോദി സർക്കാറും എൻ.എസ്.സി.-ഐ.എമ്മും നാഗാപ്രശ്നപരിഹാരത്തിനുള്ള സമാധാനക്കരാറിൽ ഒപ്പുവെച്ചത് 2015 ഓഗസ്റ്റ് മൂന്നിനാണ്. കേവലമൊരു കരാറുകൊണ്ടു തീർക്കാവുന്നതായിരുന്നില്ല നാഗാ പ്രതിസന്ധി. അവിടുത്തെ ഗോത്രജനതയെ സംബന്ധിച്ചിടത്തോളം ആത്മാഭിമാനത്തിന്റെയും സ്വയംനിർണയാവകാശത്തിന്റെയും പ്രശ്നമാണത്. ഇന്ത്യൻ ഗവൺമെൻ്റിനാവട്ടെ രാജ്യത്തിന്റെ അഖണ്ഡതയുടെയും പരമാധികാരത്തിന്റെയും വിഷയവും. രണ്ടിനുമിടയിൽ യോജിപ്പിന്റെ തലങ്ങൾ അധികമില്ല.
ടിബറ്റൻ-ബർമീസ് വേരുകളുള്ള പതിനാറ് ആദിവാസി ഗോത്രങ്ങളെയാണ് പൊതുവേ നാഗന്മാർ എന്നു വിളിക്കുന്നത്. മുപ്പതോളം ഭാഷകളും വിഭിന്ന ആചാരാനുഷ്ഠാനങ്ങളുമായിക്കഴിയുന്ന നാഗാ ജനതയാണവർ. ഇന്നത്തെ നാഗാലാൻഡിൽ മാത്രമല്ല, സമീപസംസ്ഥാനങ്ങളായ അസം, മണിപ്പൂർ, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലും അയൽരാജ്യമായ മ്യാൻമാറിലുമായാണ് ഇവർ കഴിയുന്നത്. ഈ പ്രദേശങ്ങളെല്ലാം ചേർന്ന വിശാലനാഗരാജ്യമാണ് നാഗാ ദേശീയവാദി സംഘടനകളുടെ സ്വപ്നം.