കേരളത്തില്‍ നിന്ന് നെതര്‍ലന്‍ഡ്സിലേക്ക് നഴ്സുമാരെ ആവശ്യമില്ലെന്ന് നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്

കോട്ടയം ഡിസംബര്‍ 3: നെതര്‍ലന്‍ഡ്സിലെ ആരോഗ്യമേഖലയ്ക്ക് കേരളത്തില്‍ നിന്ന് നഴ്സുമാരെ ആവശ്യമില്ലെന്ന് നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ കേരള സര്‍ക്കാരിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഡച്ച് ഭാഷ അറിഞ്ഞിരിക്കണമെന്ന നിബന്ധനയാണ് പ്രധാന വെല്ലുവിളി. എന്നാല്‍ സാധ്യതകള്‍ പൂര്‍ണ്ണമായും അടഞ്ഞിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

നെതര്‍ലാന്‍ഡ്സില്‍ നഴ്സുമാരുടെ ക്ഷാമമുണ്ടെന്നും 30,000-40,000 പേരുടെ ആവശ്യമിപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ നഴ്സുമാരുടെ സേവനം ഉറപ്പു നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലാന്‍ഡ്സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്.

ഡച്ച് എംബസിയുമായി ഏകോപിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഡല്‍ഹിയിലെ റസിഡന്‍റ് കമ്മീഷറോട് മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. റിക്രൂട്ട്മെന്‍റ് നടപടികള്‍ക്കായി നോര്‍ക്കയെ ചുമതലപ്പെടുത്തുകയും ചെയ്തു. റിക്രൂട്ട്മെന്‍റ് ചര്‍ച്ചകളുടെ ഭാഗമായാണ് യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് ആരേയും റിക്രൂട്ട് ചെയ്യുന്നില്ലെന്ന് നെതര്‍ലാന്‍ഡ് അറിയിച്ചത്. ആദ്യ പരിഗണന പ്രദേശവാസികള്‍ക്കും രണ്ടാമത്തെ പരിഗണന യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യത്ത് നിന്നുള്ളവര്‍ക്കുമാണെന്ന് നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →