ന്യൂഡല്‍ഹി ഡിസംബര്‍ 2: അയോദ്ധ്യകേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ജംഇയ്യത്തുള്‍ ഉലമ എ ഹിന്ദിന് വേണ്ടി മൗലാന സയ്യിദ് അസദ് റാഷിദിയാണ് ഹര്‍ജി നല്‍കിയത്. സുപ്രീംകോടതി വിധി നീതി പൂര്‍വ്വമല്ലെന്നും നിയമവിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കുന്നതാണ് അഞ്ചംഗ ബഞ്ചിന്റെ വിധിയെന്നും പുനഃപരിശോധന ഹര്‍ജിയില്‍ പറയുന്നു. പള്ളി പൊളിക്കല്‍, കടന്ന് കയറ്റം എന്നീ നിലപാടുകള്‍ തെറ്റാണെന്ന് കോടതി പറഞ്ഞിട്ടും ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്‍കിയത് ശരിയല്ല. നിയമ വിരുദ്ധ നടപടിക്ക് പ്രതിഫലം നല്‍കുന്നത് പോലെയായി അയോദ്ധ്യ വിധിയെന്നും ഹര്‍ജിയില്‍ പറയുന്നു.
രേഖാമൂലമുള്ള തെളിവുകള്‍ അവഗണിച്ച് കൊണ്ടാണ് സുപ്രീംകോടതി വിധി പറഞ്ഞത്. വാക്കാലുള്ള മൊഴികളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിലുള്ള വിധി ആയതിനാല്‍ പുനഃപരിശോധിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
നവംബര്‍ 9-നാണ് അയോദ്ധ്യകേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് വിധി പറഞ്ഞത്. അയോദ്ധ്യയിലെ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മ്മിക്കാന്‍ വിട്ടുനല്‍കണം. മസ്ജിദ് നിര്‍മ്മിക്കാന്‍ തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കാനുമായിരുന്നു കോടതി വിധി.

