വാഷിംഗ്ടൺ: ഭൂമിയെ വലം വയ്ക്കുന്ന ബഹിരാകാശ മാലിന്യം ഇടിക്കുന്നത് ഒഴിവാക്കുന്നതിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം ഉയർത്തിയതായി നാസ.
ഭ്രമണപഥം ഉയർത്തുന്ന സമയത്ത് ബഹിരാകാശ നിലയത്തിലുണ്ടായിരുന്നവരെ സോയൂസ് ബഹിരാകാശ പേടകത്തിലേക്ക് മാറ്റുകയും ചെയ്തു. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ബഹിരാകാശ യാത്രികരെ സുരക്ഷിതരായി തിരികെ ഭൂമിയിലെത്തിക്കുന്നതിനുവേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തത്. ഭ്രമണപഥമുയർത്തിയ ഉടൻ ബഹിരാകാശ യാത്രികർ നിലയത്തിനുള്ളിലേക്ക് തന്നെ തിരിച്ചു കയറി.
ഭ്രമണപഥം ഉയർത്തിയതിന് പിന്നാലെ ബഹിരാകാശ മാലിന്യങ്ങള്‍ കടന്നുപോകുകയും ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 1.4 കിലോമീറ്റർ അടുത്തുകൂടിയാണ് മാലിന്യങ്ങൾ കടന്നു പോയത്.
ഭൗമോപരിതലത്തില്‍ നിന്ന് 420 കിലോ മീറ്റർ ഉയരത്തിൽ 17,000 മൈൽ വേഗത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിയെ വലംവയ്ക്കുന്നത്.
2018-ൽ വിക്ഷേപിച്ച ഒരു ജാപ്പനീസ് റോക്കറ്റിന്റെ 70 തിലേറെ കഷണങ്ങളാണ് ബഹിരാകാശ നിലയത്തിന് ഭീഷണി ആയത്.

