കൊച്ചി: മക്കളുടെ ചികിത്സയ്ക്കും കടം വീട്ടാനുമായി അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്ത ശാന്തിയ്ക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറിന്റെ സാന്ത്വനം.
ശാന്തിയുടെ മക്കളുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ നിർവഹിക്കുമെന്ന് മന്ത്രി അറിയിച്ചു. 20-9 -2020 മുതലാണ് ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വില്പനയ്ക്ക് എന്ന ബോര്‍ഡുമായി കൊച്ചി കണ്ടെയ്നര്‍ റോഡിൽ വീട്ടമ്മ നില്ക്കാന് തുടങ്ങിയത്.
മൂത്ത മകന് തലയിലും, രണ്ടാമത്തെ മകന് വയറിലും മകള്‍ക്ക് കണ്ണിനും ശസത്രക്രിയ ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. മറ്റു മാർഗങ്ങൾ ഇല്ലാതെയാണ് ഹൃദയം അടക്കമുള്ള അവയവങ്ങൾ വില്പനയ്ക്ക് എന്ന ബോർഡുമായി ഇവർ നിൽപ്പുറപ്പിച്ചത്.
തന്റെത് ഒ- നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെന്നും കട ബാധ്യത തീർക്കാനും മക്കളുടെ ചികിത്സയ്ക്കും മറ്റ് മാര്‍ഗങ്ങളില്ലാത്തതു കൊണ്ടാണ് ആന്തരാവയവങ്ങൾ വിൽക്കുന്നതെന്നും വ്യക്തമാക്കുന്ന ബോർഡും സമീപത്തുണ്ടായിരുന്നു
ബന്ധപ്പെടേണ്ട നമ്പറും ഈ ബോര്‍ഡില്‍ കുറിച്ചു.
വാടക നല്കാന് പണമില്ലാത്തതിനെ തുടര്‍ന്ന് വാടക വീടും ഒഴിയേണ്ടി വന്നതോടെയാണ് റോഡില്‍ സമരം ചെയ്തത്. ഇവരെ പൊലീസും ചൈല്‍ഡ് ലൈന്‍ അധികൃതരും എത്തി മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.
ശാന്തിയുടെ വീടിന്റെ വാടക ഏറ്റെടുക്കാന്‍ ലയണ്‍സ് ക്ലബ്ബ് തയാറാണെന്ന് അറിയിച്ചു.