ആഴ്ചയിൽ അഞ്ച് ദിവസവും പണിക്ക് പോകില്ല, ചോദിച്ചാൽ ഉത്തരം വീട്ടിൽ പണത്തിന്റെ ആവശ്യമില്ലെന്ന്

കൊച്ചി: എറണാകുളത്തു നിന്നും ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്ത അൽഖ്വയ്ദ ഭീകരൻ മുർഷിദ് ഹസൻ ആഴ്ചയിൽ അഞ്ച് ദിവസവും ജോലിക്ക് പോകാറില്ലത്രേ, കൂടെ താമസിക്കുന്ന മറ്റു തൊഴിലാളികൾ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ‘വീട്ടിൽ പണത്തിന് അത്ര ആവശ്യമൊന്നും ഇല്ല’ എന്നായിരുന്നു മറുപടി. ഞായറാഴ്ച പോലും പണിയ്ക്കു പോകുന്ന ഉത്തരേന്ത്യൻ തൊഴിലാളികളുടെ കൂട്ടത്തിൽ പെട്ട ഒരാളിൽ നിന്നും ഇത്തരമൊരു മറുപടി ആർക്കും ഒരു പക്ഷേ കാട്ടിക്കാണില്ല; എങ്കിലും, വിചിത്ര സ്വഭാവമുള്ള മടിയനായ ഒരു തൊഴിലാളി എന്നതിനപ്പുറം മറ്റൊന്നും മുർഷിദിനെ കുറിച്ച് ആരും ചിന്തിച്ചിരുന്നില്ല.

” ലോക് ഡൗൺ സമയത്താണ് മുർഷിദ് ഞങ്ങളുടെ റൂമിൽ എത്തിയത്. അയാൾ മിക്ക പ്പോഴും ജോലിക്ക് പോകാറില്ല. കൂടി വന്നാൽ ആഴ്ചയിൽ രണ്ട് ദിവസം പോകും. പണിക്ക് പോകാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ വീട്ടിൽ പണത്തിന് വലിയ ബുദ്ധിമുട്ടില്ല എന്നായിരുന്നു മറുപടി. കൂടുതലൊന്നും അയാളെ കുറിച്ച് അറിയില്ല.”
വാടകക്കെട്ടിടത്തിൽ മുർഷിദ് ഹസനോടൊപ്പം താമസിച്ച ഒരു തൊഴിലാളി പറയുന്നു.

എല്ലാ രേഖകളും പരിശോധിച്ചാണ് ഇയാൾക്ക് താമസ സൗകര്യം നൽകിയതെന്ന് കെട്ടിട ഉടമ പറയുന്നു. “ലോക് ഡൗൺ സമയത്താണ് മുർഷിദിനു താമസിക്കാൻ വീട് നൽകിയത്. മൂന്നു പേർ നേരത്തെ താമസിക്കുന്നുണ്ടായിരുന്നു. അവിടെ താമസിക്കട്ടെ എന്നു ചോദിച്ചാണ് ഇയാൾ എത്തിയത്. ഒറിജിനൽ ഐഡൻറിറ്റി കാർഡ് തന്നെയാണ് കാണിച്ചതും ” കെട്ടിട ഉടമ പറയുന്നു.

കൂടെ താമസിച്ച തൊഴിലാളികൾക്കും കെട്ടിട ഉടമയ്ക്കും സംശയത്തിൻ്റെ തരിമ്പു പോലും നൽകാതെയായിരുന്നു മുർഷിദിൻ്റെ കൊച്ചിയിലെ താമസമെന്ന് ഇതിൽ നിന്നെല്ലാം വ്യക്തം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →