ആലപ്പുഴ: തമിഴ് നാട്ടില്‍ നിന്നും വാഴക്കുല കയറ്റിവന്ന വാഹനത്തില്‍ ലഹരിമരുന്ന് കടത്തിയ കേസിലെ മുഖ്യപ്രതി തമിഴ്‌നാട് ചെങ്കോട്ട കെസി റോഡില്‍ കറുപ്പുസ്വാമി (40) അറസ്റ്റിലായി. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബി സുരേഷിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസില്‍ ഉള്‍പ്പെട്ടിരുന്ന ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി സെന്തില്‍, ആലപ്പുഴ സ്വദേശികളായ നഹാസ്, മഹേഷ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പിടിയിലായ ആലപ്പുഴക്കാരും 2ഉം 3ഉം പ്രതികളായ നഹാസ് മഹേഷ് എന്നിവര്‍ കേരളത്തിലെ മയക്കുമരുന്ന് വിതരണക്കാരാണ്. കറുപ്പുസ്വാമി തമിഴ്‌നാട്ടിലും മയക്കുമരുന്ന് വിതരണം നടത്തുന്നു. ചെങ്കോട്ടയില്‍ ഇയാള്‍ക്ക് ഒരു മെഡിക്കല്‍ സ്റ്റോര്‍ ഉണ്ട്. മെഡിക്കല്‍ സ്‌റ്റോറിന്റെ മറവിലായിരുന്നു മയക്കുമരുന്നുവ്യാപാരം. വന്‍തോതില്‍ ലഹരിമരുന്ന് ഗുളികകള്‍ വിതരണം ചെയ്തതിന്റെ രേഖകള്‍ എക്‌സൈസ് സംഘത്തിന് ലഭിച്ചു. 3-ാം പ്രതി മഹേഷിന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കറുപ്പുസ്വാമിയെപ്പറ്റിയുളള വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബി സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജീവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ക്രിസ്റ്റീന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബി. ശാലിനി ശശി, പ്രത്യേക ഷാഡോ സംഘാംഗങ്ങളായ ഷിഹാബുദീന്‍, ഷാജി, സുജിത്, അശ്വന്ത് എസ് സുന്ദരം രാജഗോപാല്‍ എന്നിവരും ഉണ്ടായിരുന്നു.

