തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സംസ്ഥാനത്ത് നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ പലയിടത്തും പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാർജിലും നേതാക്കൾ ഉൾപ്പടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
പാലക്കാട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ കലക്ട്രേറ്റ് മാർച്ച് തെരുവുയുദ്ധ സമാനമായ സംഘർഷത്തിലാണ് കലാശിച്ചത്. അഞ്ഞൂറോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും നേർക്കു നേർ എറ്റുമുട്ടു കയായിരുന്നു. മാർച്ചിന് നേതൃത്വം നൽകിയ വി.ടി.ബൽറാം എം.എൽ.എ അടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കൊടികൾ കെട്ടിയ വടികൾ കൊണ്ട് പ്രവർത്തകരും പൊലീസിനെ നേരിട്ടു. വി.ടി. ബൽറാം അടക്കമുള്ള പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
തിരുവനന്തപുരത്ത് ബി ജെ പി യും മഹിളാ മോർച്ചയും യുവമോർച്ചയും നടത്തിയ മാർച്ചും ജലപീരങ്കി പ്രയോഗത്തിൽ കലാശിച്ചു. മഹിളാ മോർച്ച പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കൊല്ലത്ത് കെ.എസ്.യു നടത്തിയ മാർച്ചിലും കോട്ടയത്ത് യുവമോർച നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.
ഉച്ചയോടെ യൂത്ത് ലീഗ് പ്രവർത്തകർ കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചും ലാത്തിച്ചാർജിൽ കലാശിച്ചു. മന്ത്രിയെ എൻ.ഐ.എ ചോദ്യം ചെയ്യാൻ തുടങ്ങിയ സാഹചര്യത്തിൽ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ സ്വഭാവം മാറുന്നതാണ് സംസ്ഥാനമെങ്ങും കണ്ടത്.

