ന്യൂഡൽഹി / 2026 / നവംബർ 21
ഡൽഹിയിൽ ഉന്നതപഠനം നടത്തുന്ന ജമ്മു കശ്മീരിലെ വിദ്യാർഥികൾക്കായി കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഇന്ന് ന്യൂഡൽഹിയിലെ വസതിയിൽ ഉച്ചവിരുന്നൊരുക്കി. ഡൽഹി സർവകലാശാലയിലും ജവാഹർലാൽ നെഹ്റു സർവകലാശാലയിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പഠിക്കുന്നവരാണ് എത്തിയത്. ഇവരിൽ ഭൂരിഭാഗവും ജമ്മു മേഖലയിൽ നിന്നുള്ളവരാണ്. ഹോസ്റ്റൽ സൗകര്യങ്ങളും തൊഴിൽ സാധ്യതകളും ജമ്മുവിന്റെ വികസനവും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഡൽഹിയിൽ എന്ത് സഹായം ആവശ്യമായാലും തന്നെ നേരിട്ട് സമീപിക്കാമെന്ന് മന്ത്രി വിദ്യാർഥികളോട് പറഞ്ഞു.

ഡൽഹിയിൽ രക്ഷിതാവിനെപ്പോലെ ഒപ്പമുണ്ടാകുമെന്ന് മന്ത്രി
ഡൽഹിയിൽ കഴിയുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടായാലോ സഹായമോ ഇടപെടലോ ആവശ്യമായി വന്നാലോ തന്നെ നേരിട്ട് സമീപിക്കാമെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. ഇവിടെ താൻ അവരുടെ രക്ഷിതാവിനെപ്പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഠനത്തിലും തൊഴിൽരംഗത്തും തങ്ങളുടെ ലക്ഷ്യങ്ങൾ ആത്മവിശ്വാസത്തോടെ പിന്തുടരാൻ മന്ത്രി വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. യൂറോപ്യൻ പഠനം, രാജ്യാന്തര പഠനം തുടങ്ങിയ പ്രത്യേക വിഷയങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ ഉന്നതപഠനത്തിനായി ജമ്മു കശ്മീരിൽ നിന്ന് കൂടുതൽ വിദ്യാർഥികൾ ഡൽഹിയിലെത്തുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു.
അനുഭവങ്ങളും ആഗ്രഹങ്ങളും പങ്കുവെച്ച് വിദ്യാർഥികൾ
ഡൽഹി സർവകലാശാല, ജവാഹർലാൽ നെഹ്റു സർവകലാശാല, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിൽ നിന്നും മറ്റു പഠനമേഖലകളിൽ നിന്നുമുള്ള വിദ്യാർഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സചിവ് ശർമ, അതവിക ചന്ദൻ, കർമാങ് റെയ്ന, സക്ഷം ഖജൂരിയ, പലക് ജസ്റോട്ടിയ, മോണലിക ശർമ, ആദിത്യ ജംവാൾ, മിഗ്രാങ്ക് മഗോത്ര, അഭിഷേക് ഖജൂരിയ, വൻഷിക സംബ്രിയ, ധീരജ് കുമാർ, ശിവം രജ്പുത്, ആദിത്യ ബാരു തുടങ്ങിയവർ തങ്ങളുടെ അനുഭവങ്ങളും ആഗ്രഹങ്ങളും ആശങ്കകളും പങ്കുവെച്ചു.
ഹോസ്റ്റൽ മുതൽ ജമ്മുവിന്റെ വികസനം വരെ ചർച്ചയിൽ
ഹോസ്റ്റൽ താമസം, തൊഴിൽരംഗത്തെ അവസരങ്ങൾ, ജോലി ലഭിക്കാനുള്ള സാധ്യതകൾ എന്നിവ വിദ്യാർഥികൾ ചർച്ച ചെയ്തു. ജമ്മു കശ്മീരിലെ യുവാക്കളെ ബാധിക്കുന്ന മറ്റു വിഷയങ്ങളും അവർ ഉന്നയിച്ചു. ജമ്മുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ വിദ്യാർഥികൾ മേഖലയുടെ വികസനത്തെയും ഭാവി സാധ്യതകളെയും കുറിച്ച് അഭിപ്രായങ്ങൾ പങ്കുവെച്ചു. ജമ്മുവിലെ വികസനത്തിനായി സർക്കാരും മന്ത്രിയും നടത്തുന്ന ശ്രമങ്ങളെയും സർക്കാർ പദ്ധതികളെയും അവർ അഭിനന്ദിച്ചു. മേഖലയിൽ നടക്കുന്ന പുരോഗതിയിൽ വിദ്യാർഥികൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
പഠനകാല അനുഭവങ്ങൾ പങ്കുവെച്ച് ജിതേന്ദ്ര സിങ്
പഠിക്കാൻ താൽപര്യം വളർത്തണമെന്നും പുതിയ കാര്യങ്ങൾ അറിയാനുള്ള കൗതുകം നിലനിർത്തണമെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതിക്കു പുറത്തും അറിവ് നേടിക്കൊണ്ടിരിക്കണമെന്ന് അദ്ദേഹം വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. സ്വന്തം പഠനകാലത്തെ അനുഭവങ്ങൾ പങ്കുവെച്ച മന്ത്രി പഠനത്തിന്റെയും സ്ഥിരോത്സാഹ ത്തിന്റെയും പ്രാധാന്യം വിശദീകരിച്ചു. പഠനത്തിനും തൊഴിലിനുമായി കൂടുതൽ അവസരങ്ങൾ തേടുമ്പോഴും സ്വന്തം നാടുമായുള്ള ബന്ധം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ, രാജ്യാന്തര വേദികളിൽ ജമ്മുവിലെ യുവാക്കളുടെ പങ്കാളിത്തം കൂട്ടുന്നതും ചർച്ചയായി. അതുവഴി കൂടുതൽ വിപുലമായ ചർച്ചകളിൽ അവർക്ക് സംഭാവന നൽകാനും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും വളർന്നുവരുന്ന മേഖലകളിൽ പങ്കാളികളാകാനും കഴിയുമെന്ന കാര്യവും കൂടിക്കാഴ്ചയിൽ ഉയർന്നു.

ഹോസ്റ്റലിലെയും മെസ്സിലെയും പരാതികൾ അധികൃതരെ അറിയിച്ചു.
ഹോസ്റ്റൽ സൗകര്യങ്ങളും മെസ്സും ഉൾപ്പെടെ താമസവും ഭക്ഷണവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ഉന്നയിച്ച പ്രശ്നങ്ങൾ ആവശ്യമായ നടപടികൾക്കായി മന്ത്രി ഉടൻ ഡൽഹി സർവകലാശാലാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. സർവകലാശാലാ മെസ്സിലും കാന്റീനിലും കുറച്ചുകൂടി വിഭവങ്ങൾ ഉൾപ്പെടുത്തണമെന്ന നിർദേശവും വിദ്യാർഥികൾ മുന്നോട്ടുവെച്ചു. ഈ നിർദേശം ചർച്ചയ്ക്ക് കൂടുതൽ സൗഹൃദഭാവം നൽകി. ഡൽഹിയിൽ ബുദ്ധിമുട്ട് നേരിട്ടാലോ സഹായം വേണ്ടിവന്നാലോ മടിക്കാതെ തന്നെ ബന്ധപ്പെടാമെന്ന് മന്ത്രി വീണ്ടും ഉറപ്പുനൽകി. വിദ്യാർഥികളുടെ ക്ഷേമവും അവർക്കുള്ള മാർഗനിർദേശവും ജമ്മു കശ്മീരിന്റെ വികസനവും കൂടിക്കാഴ്ചയിൽ ചർച്ചയായി. പഠനാവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ആത്മവിശ്വാസത്തോടെ രാജ്യത്തിന് സംഭാവന നൽകുന്നവരായി വളരാൻ മന്ത്രി യുവാക്കളെ പ്രോത്സാഹിപ്പിച്ചു.

.