പുതുച്ചേരി / 2026 / നവംബർ 21
പുതുച്ചേരിയിലെ ജിപ്മറിൽ 172.27 കോടി രൂപ ചെലവിൽ ഒരുക്കിയ ഏഴ് പദ്ധതികൾ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ, രാസവസ്തു, രാസവള മന്ത്രി ജഗത് പ്രകാശ് നഡ്ഡ ഇന്ന് നാടിന് സമർപ്പിച്ചു. അർബുദ ചികിത്സ, ഹൃദ്രോഗ പരിചരണം, രോഗനിർണയം, ഗവേഷണം, കുറഞ്ഞ വിലയ്ക്കുള്ള മരുന്നുകൾ, വിദ്യാർഥികൾക്കുള്ള താമസം എന്നിവയ്ക്കാണ് പുതിയ സൗകര്യങ്ങൾ. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് എന്ന ജിപ്മർ. കൂടുതൽ പേർക്ക് ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കാനും വൈദ്യപഠനം, ഗവേഷണം, രോഗീപരിചരണം എന്നിവയിൽ ജിപ്മറിന്റെ പങ്ക് ശക്തിപ്പെടുത്താനുമാണ് പദ്ധതികൾ. ഉദ്ഘാടനത്തിന് പിന്നാലെ ജിപ്മറിന്റെ പതിനഞ്ചാം ബിരുദദാനച്ചടങ്ങിൽ നഡ്ഡ പ്രസംഗിച്ചു. 816 വിദ്യാർഥികൾക്ക് ബിരുദങ്ങൾ നൽകി. 88 പുരസ്കാര വിഭാഗങ്ങളിലായി മെഡലുകളും എൻഡോവ്മെന്റ് സമ്മാനങ്ങളും വിതരണം ചെയ്തു.

അർബുദ ചികിത്സയ്ക്ക് ട്രൂബീം, ഹൃദ്രോഗ പരിചരണത്തിന് പുതിയ കാത്ത് ലാബുകൾ
30.28 കോടി രൂപയുടെ ഗവേഷണ, നവീകരണ, സംരംഭകത്വ കേന്ദ്രത്തിൽ ജീനോമിക്സ്, പ്രോട്ടിയോമിക്സ്, മെറ്റബോളോമിക്സ് പഠനങ്ങൾക്ക് സൗകര്യമൊരുക്കി. ഫ്ലോ സൈറ്റോമെട്രി, സെൽ കൾച്ചർ, കോൺഫോക്കൽ മൈക്രോസ്കോപ്പി, നൂതന ഇമേജിങ് സംവിധാനങ്ങളുമുണ്ട്. വിവിധ പഠനശാഖകൾ ചേർന്നുള്ള ജൈവവൈദ്യ ഗവേഷണം പ്രോത്സാഹിപ്പിക്കാനും കണ്ടെത്തലുകൾ രോഗീപരിചരണം മെച്ചപ്പെടുത്താൻ ഉപയോഗിക്കാനുമാണ് കേന്ദ്രം. 42.26 കോടി രൂപയുടെ ധന്വന്തരി ഹൗസിൽ 400 ആൺകുട്ടികൾക്ക് താമസിക്കാം. താഴത്തെ നിലയ്ക്കു പുറമേ ഏഴു നിലകളുള്ള കെട്ടിടത്തിൽ രണ്ടു കിടക്ക വീതമുള്ള 200 മുറികളുണ്ട്. ശീതീകരിച്ച ഭക്ഷണശാലയും വായനാമുറിയും യാത്രാ ലിഫ്റ്റുകളും സൗരോർജത്തിൽ വെള്ളം ചൂടാക്കാനുള്ള സംവിധാനവും എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സൗകര്യങ്ങളുമുണ്ട്. യാനത്തെ മൾട്ടി സ്പെഷ്യാലിറ്റി കൺസൾട്ടിങ് യൂണിറ്റിൽ 4.73 കോടി രൂപയ്ക്ക് 64 സ്ലൈസ് സി.ടി. സ്കാനർ സ്ഥാപിച്ചു. യാനത്തും പരിസരത്തുമുള്ള രോഗികളെ പരിശോധനയ്ക്കായി ദൂരെയുള്ള ആശുപത്രികളിലേക്ക് അയക്കേണ്ട സാഹചര്യം ഇതോടെ കുറയും. മേഖലാ അർബുദ കേന്ദ്രത്തിൽ 26 കോടി രൂപയുടെ വാരിയൻ ട്രൂബീം ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ ഒരുക്കി. ഐ.എം.ആർ.ടി., വി.എം.എ.ടി., സ്റ്റീരിയോടാക്റ്റിക് റേഡിയോസർജറി, സ്റ്റീരിയോടാക്റ്റിക് ബോഡി റേഡിയോതെറാപ്പി എന്നീ രീതികളിലൂടെ ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിച്ച് കൃത്യമായി വികിരണ ചികിത്സ നൽകാം. ദിവസം ഏകദേശം 70 രോഗികൾക്ക് ചികിത്സ നൽകാനാകുമെന്നാണ് പ്രതീക്ഷ. ഇതേ കേന്ദ്രത്തിൽ 9 കോടി രൂപയുടെ നൂതന ഫോർ ഡി സി.ടി. സിമുലേറ്ററും ട്രൂബീം സംവിധാനവുമായി ബന്ധിപ്പിച്ചു. മുഴയുടെ സ്ഥാനം കൃത്യമായി കണ്ടെത്താനും ശ്വസിക്കുമ്പോൾ അതിന് സംഭവിക്കുന്ന ചലനം വിലയിരുത്താനും അതനുസരിച്ച് വികിരണ ചികിത്സ ആസൂത്രണം ചെയ്യാനും ഇതിലൂടെ കഴിയും. രണ്ട് അർബുദ ചികിത്സാ സൗകര്യങ്ങൾക്കുമായി 35 കോടി രൂപയാണ് ചെലവ്. ഏകദേശം 60 കോടി രൂപയുടെ കാർഡിയാക് കാത്തറ്ററൈസേഷൻ സമുച്ചയത്തിൽ ബൈപ്ലെയിൻ, സിംഗിൾ പ്ലെയിൻ കാത്ത് ലാബുകളുണ്ട്. കാത്ത് ലാബിലെ നടപടികൾക്കു ശേഷമുള്ള തീവ്രപരിചരണ വിഭാഗത്തിൽ കിടക്കകൾ എട്ടിൽ നിന്ന് പതിനാറാക്കി. കൈമുട്ടിലെ ധമനി വഴിയുള്ള നടപടികൾക്കായി പ്രത്യേക റേഡിയൽ സ്യൂട്ടുമുണ്ട്. കുട്ടികളിലെയും മുതിർന്നവരിലെയും സങ്കീർണ ഹൃദ്രോഗങ്ങൾ കൈകാര്യം ചെയ്യാൻ ഈ സൗകര്യങ്ങൾ സഹായിക്കും. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, അതിന്റെ അനക്സ് ബ്ലോക്ക്, മേഖലാ അർബുദ കേന്ദ്രത്തിന്റെ അനക്സ് ബ്ലോക്ക് എന്നിവിടങ്ങളിൽ മൂന്ന് അമൃത് ഫാർമസികളും തുറന്നു. മരുന്നുകൾ, ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സാമഗ്രികൾ, ഇംപ്ലാന്റുകൾ എന്നിവ വാങ്ങുമ്പോൾ 50 ശതമാനം വരെ ലാഭിക്കാം. ഇതിലൂടെ രോഗികൾ സ്വന്തം കൈയിൽനിന്ന് നൽകേണ്ട ചികിത്സാച്ചെലവ് കുറയും.

അവയവമാറ്റത്തിനും ട്രോമാ പരിചരണത്തിനും പുതിയ കേന്ദ്രങ്ങൾ പരിഗണനയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ ഉറച്ച ചുവടുകളോടെ മുന്നേറുകയാണെന്ന് ഉദ്ഘാടനച്ചടങ്ങിൽ നഡ്ഡ പറഞ്ഞു. വികസിത ഇന്ത്യ ആരോഗ്യമുള്ള ഇന്ത്യ കൂടിയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ഇടങ്ങളിൽ ചികിത്സ ലഭ്യമാക്കിയും പൊതുജനാരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തിയും എല്ലാവർക്കും താങ്ങാവുന്ന ചെലവിൽ ഗുണമേന്മയുള്ള സേവനം ഉറപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന, പ്രതിസന്ധികളെ നേരിടാനും ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റാനും കഴിയുന്ന ആരോഗ്യസംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. അതിനായി രാജ്യത്തെ പ്രമുഖ പൊതുജനാരോഗ്യ സ്ഥാപനങ്ങളെ സർക്കാർ തുടർച്ചയായി ശക്തിപ്പെടുത്തുകയാണെന്നും നഡ്ഡ പറഞ്ഞു. ജൈവവൈദ്യ ഗവേഷണവും നവീകരണവും മുതൽ പഠനസൗകര്യങ്ങൾ, നൂതന രോഗനിർണയം, കൃത്യമായ അർബുദ ചികിത്സ, ഹൃദ്രോഗ പരിചരണം, മരുന്നുകളുടെ ലഭ്യത എന്നിവ വരെയുള്ള പുതിയ പദ്ധതികൾ ജനങ്ങളുടെ ആരോഗ്യത്തിലും ഭാവിയിലുമുള്ള നിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണ, നവീകരണ, സംരംഭകത്വ കേന്ദ്രം ഗവേഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും ശാസ്ത്രീയ കണ്ടെത്തലുകൾ ചികിത്സയിൽ പ്രയോഗിക്കാൻ സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ അവയവങ്ങൾ മാറ്റിവയ്ക്കാനുള്ള കേന്ദ്രവും സേദാരപേട്ടിൽ ട്രോമാ പരിചരണത്തിനും പുനരധിവാസത്തിനുമായി പ്രത്യേക കേന്ദ്രവും തുടങ്ങാനുള്ള ജിപ്മറിന്റെ ലക്ഷ്യത്തെ നഡ്ഡ സ്വാഗതം ചെയ്തു. ഈ കേന്ദ്രങ്ങൾ വന്നാൽ മേഖലയിൽ വിദഗ്ധ ചികിത്സ കൂടുതൽ പേർക്ക് ലഭിക്കും. മതിയായ ചികിത്സാസൗകര്യമില്ലാത്ത ജനവിഭാഗങ്ങളിലേക്ക് നൂതന സേവനങ്ങൾ എത്തിക്കാനും സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളുടെ ഭാരം കുറയ്ക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത് ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ പദ്ധതികളിലൂടെ ഏറ്റവും ദരിദ്രരും പ്രയാസം നേരിടുന്നവരുമായ ആളുകൾക്ക് ഗുണമേന്മയുള്ള നൂതന ചികിത്സ ലഭ്യമാക്കുന്ന ജിപ്മറിനെ മന്ത്രി അഭിനന്ദിച്ചു. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രതീക്ഷയും മാന്യതയും സാമ്പത്തിക സംരക്ഷണവും നൽകുന്ന സ്ഥാപനമാണിതെന്നും രോഗീപരിചരണം, പഠനം, ഗവേഷണം എന്നിവയിൽ നിലവാരം ഇനിയും ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു. വികസിത് ഭാരത് 2047 പ്രമേയമാക്കിയ സ്ഥാപന മാസികയായ ‘വണക്കം ജിപ്മർ’ നഡ്ഡ പ്രകാശനം ചെയ്തു. വിശിഷ്ടാതിഥികളുമായും ജിപ്മർ ഉദ്യോഗസ്ഥരുമായും അദ്ദേഹം സംസാരിച്ചു. പിന്നാലെ ബിരുദദാനച്ചടങ്ങിലെത്തി ബിരുദങ്ങളും പുരസ്കാരങ്ങളും വിതരണം ചെയ്തു.
2029ഓടെ 75,000 മെഡിക്കൽ സീറ്റുകൾ കൂടി ലക്ഷ്യമെന്ന് നഡ്ഡ
പഠനത്തിൽ നിന്ന് നേതൃത്വത്തിലേക്കുള്ള പ്രധാന ചുവടാണ് ബിരുദദാനമെന്ന് ചടങ്ങിൽ സംസാരിച്ച നഡ്ഡ പറഞ്ഞു. പഠനം പൂർത്തിയാക്കിയ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി വൈദ്യപഠനം, ഗവേഷണം, ചികിത്സ എന്നിവയിൽ ജിപ്മർ നേടിയ പാരമ്പര്യത്തെ നഡ്ഡ പ്രശംസിച്ചു. അവയവദാനത്തിലും അവയവമാറ്റത്തിലും സ്ഥാപനം കൈവരിച്ച നേട്ടങ്ങളും റോബോട്ടിക് ശസ്ത്രക്രിയയിൽ നടത്തിയ മുൻനിര പ്രവർത്തനവും സങ്കീർണ അർബുദ ചികിത്സയിലെ വൈദഗ്ധ്യവും അദ്ദേഹം എടുത്തുപറഞ്ഞു. 2025–26ൽ ജിപ്മറിൽ 46,815ലധികം ശസ്ത്രക്രിയകൾ നടത്തിയെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വൈദ്യപഠനത്തിലും ആരോഗ്യപരിചരണത്തിലും വലിയ മാറ്റമുണ്ടായതായി നഡ്ഡ പറഞ്ഞു. രാജ്യത്തെ എയിംസ് സ്ഥാപനങ്ങൾ ആറിൽ നിന്ന് 23 ആയി. മെഡിക്കൽ കോളജുകൾ 387ൽ നിന്ന് 863 ആയും എം.ബി.ബി.എസ്. സീറ്റുകൾ 51,000ൽ നിന്ന് 1.43 ലക്ഷമായും ഉയർന്നു. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസരിച്ച് 2029ഓടെ ബിരുദ, ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിലായി 75,000 സീറ്റുകൾ കൂടി ചേർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പഠനനിലവാരം ഉറപ്പാക്കുന്നതിനൊപ്പം ബിരുദ, ബിരുദാനന്തര സീറ്റുകൾ തമ്മിലുള്ള സന്തുലിതാവസ്ഥയും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രോഗപ്രതിരോധവും പ്രാഥമിക പരിചരണവും മുതൽ ദ്വിതീയ, തൃതീയ തലങ്ങളിലെ ചികിത്സ വരെ ശക്തിപ്പെടുത്താനാണ് ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ, പി.എം. എ.ബി.എച്ച്.ഐ.എം., ആയുഷ്മാൻ ഭാരത് പി.എം. ജയ്, ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ എന്നിവയിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും നഡ്ഡ പറഞ്ഞു. ആയുഷ്മാൻ ഭാരത് പി.എം. ജയ് പദ്ധതി 13 കോടിയിലധികം ആശുപത്രി പ്രവേശനങ്ങൾക്ക് വഴിയൊരുക്കി. ചികിത്സയ്ക്കായി ആളുകൾ നേരിട്ട് വഹിക്കുന്ന ചെലവിന്റെ വിഹിതം 64 ശതമാനത്തിൽ നിന്ന് 42 ശതമാനമായി കുറയാനും പദ്ധതി സഹായിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഗുണമേന്മയുള്ള ചികിത്സ എളുപ്പത്തിൽ താങ്ങാവുന്ന ചെലവിൽ ലഭ്യമാക്കാൻ ഇലക്ട്രോണിക് മരുന്നുകുറിപ്പുകളും ഡിജിറ്റൽ ആരോഗ്യരേഖകളും ഉപയോഗിക്കണമെന്നും രാജ്യത്തെ ആരോഗ്യസംവിധാനം ശക്തിപ്പെടുത്താൻ പങ്കുവഹിക്കണമെന്നും യുവ ഡോക്ടർമാരോട് നഡ്ഡ ആവശ്യപ്പെട്ടു.

816 പേർക്ക് ബിരുദം, സമൂഹത്തോടുള്ള കടമ ഓർമിപ്പിച്ച് നഡ്ഡ
സമൂഹത്തിന്റെ കൂട്ടായ പരിശ്രമവും വിഭവങ്ങളും കൊണ്ട് ലഭിക്കുന്ന അവസരമാണ് വൈദ്യപഠനമെന്നും അതിനൊപ്പം സാമൂഹിക ഉത്തരവാദിത്തവുമുണ്ടെന്നും നഡ്ഡ പറഞ്ഞു. സ്വന്തം പരിശ്രമത്തിനൊപ്പം രക്ഷിതാക്കളും അധ്യാപകരും സ്ഥാപനത്തിലെ മറ്റു പലരും നൽകിയ പിന്തുണയാണ് ഈ നേട്ടം സാധ്യമാക്കിയത്. പഠനയാത്രയിൽ സഹായിച്ച വ്യക്തികളോടും സ്ഥാപനങ്ങളോടുമുള്ള കടമ ഓർക്കണം. തൊഴിൽപരവും സാമൂഹികവുമായ ഉത്തരവാദിത്തം നിറവേറ്റി അർപ്പണബോധത്തോടെയും കരുണയോടെയും പ്രതിബദ്ധതയോടെയും രോഗികളെയും സമൂഹത്തെയും സേവിക്കണമെന്നും സമൂഹത്തിന് തിരികെ നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പുതുച്ചേരിയുടെ അഭിമാനവും വൈദ്യപഠനത്തിലും ചികിത്സയിലും മികവിന് മാതൃകയുമാണ് ജിപ്മറെന്ന് ലഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്നാഥൻ പറഞ്ഞു. പുതുച്ചേരിയിലും അയൽ സംസ്ഥാനങ്ങളിലും പൊതുജനാരോഗ്യത്തിനും സമൂഹതല ആരോഗ്യസേവനങ്ങൾക്കും സ്ഥാപനം നൽകുന്ന സംഭാവന അദ്ദേഹം എടുത്തുപറഞ്ഞു. ആയുഷ്മാൻ ഭാരത് ഉൾപ്പെടെയുള്ള കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിലും ജനങ്ങൾക്ക് എളുപ്പത്തിൽ ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിലും ജിപ്മറിന്റെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. ബിരുദം നേടിയവരെയും പുരസ്കാര ജേതാക്കളെയും അഭിനന്ദിച്ച ലഫ്റ്റനന്റ് ഗവർണർ, എവിടെ ജോലി ചെയ്താലും അവർ ജിപ്മറിന്റെ പ്രതിനിധികളായിരിക്കുമെന്ന് പറഞ്ഞു. രോഗികളോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തം പാലിക്കണം. മതിയായ സേവനം ലഭിക്കാത്തവർക്കായി അറിവും കഴിവും ഉപയോഗിക്കണമെന്നും ആരോഗ്യമുള്ള, കരുത്തുറ്റ ഇന്ത്യ കെട്ടിപ്പടുക്കാൻ പങ്കുവഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ നേട്ടങ്ങൾക്ക് പിന്നിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും അർപ്പണബോധവും സംഭാവനയും അദ്ദേഹം എടുത്തുപറഞ്ഞു. ഡോക്ടറൽ, സൂപ്പർ സ്പെഷ്യാലിറ്റി, ബിരുദാനന്തര, ബിരുദ, നഴ്സിങ്, അനുബന്ധ ആരോഗ്യ കോഴ്സുകൾ പൂർത്തിയാക്കിയവരുൾപ്പെടെ 816 പേർക്കാണ് ബിരുദങ്ങൾ നൽകിയത്. ഡോക്ടറൽ, മെഡിക്കൽ, ദന്തചികിത്സ, സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകളിലായി 592 ബിരുദങ്ങൾ നൽകി. നഴ്സിങ്, പൊതുജനാരോഗ്യം, അനുബന്ധ ആരോഗ്യ കോഴ്സുകൾ എന്നിവയിലായി 224 ബിരുദങ്ങളും നൽകി. അതത് വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയവർക്ക് 88 വിഭാഗങ്ങളിലായി മെഡലുകളും എൻഡോവ്മെന്റ് സമ്മാനങ്ങളും നൽകി. വിദ്യാർഥികളുടെ നേട്ടങ്ങൾ ആഘോഷിച്ച ചടങ്ങിൽ വൈദ്യപഠനം, ഗവേഷണം, രോഗീപരിചരണം എന്നിവയിൽ മികവ് തുടരാനുള്ള പ്രതിബദ്ധത ജിപ്മർ ആവർത്തിച്ചു. ജിപ്മർ പ്രസിഡന്റ് ഡോ. ചിത്ര സർക്കാർ അധ്യക്ഷത വഹിച്ചു. വൈദ്യപഠനം, രോഗീപരിചരണം, ഗവേഷണം എന്നിവയിൽ സ്ഥാപനത്തിന്റെ നേട്ടങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഡയറക്ടർ ഡോ. വീർ സിങ് നേഗി അവതരിപ്പിച്ചു. അധ്യാപകരും ബിരുദം നേടിയ വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു.


.