ന്യൂഡൽഹി / 2026 / നവംബർ 21
കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയം ഇന്ത്യ എസ്എംഇ ഫോറവുമായി ചേർന്ന് നവംബർ 19ന് ന്യൂഡൽഹിയിൽ വനിതാ സംരംഭകത്വ ദിനം ആഘോഷിച്ചു. കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി മുഖ്യാതിഥിയായി. കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്ലാജെ വിശിഷ്ടാതിഥിയായി. വനിതകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾക്ക് ധനസഹായവും സാങ്കേതികവിദ്യയും വിപണി അവസരങ്ങളും കൂടുതൽ ലഭ്യമാക്കുന്നതിനെക്കുറിച്ച് നയരൂപീകരണ രംഗത്തുള്ളവർ, വ്യവസായ പ്രമുഖർ, ധനകാര്യ സ്ഥാപനങ്ങൾ, വികസന പങ്കാളികൾ, വനിതാ സംരംഭകർ എന്നിവർ ചർച്ച ചെയ്തു.

സംരംഭം തുടങ്ങുന്നതു മുതൽ ആഗോള വിപണിയിലെത്തുന്നതുവരെ
സംരംഭം തുടങ്ങാൻ സാഹചര്യമൊരുക്കുക, വളർച്ച വേഗത്തിലാക്കുക, ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക, ആഗോള വിപണിയിലേക്ക് കടക്കുക എന്നീ നാല് വിഷയങ്ങളിലായിരുന്നു ചർച്ച. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ധനസഹായം, വിപണി, സാങ്കേതികവിദ്യ, ആഗോള മൂല്യശൃംഖലകൾ എന്നിവയിൽ കൂടുതൽ അവസരമൊരുക്കി വിജയകരമായ ബിസിനസ് നേതാക്കളാകാൻ സഹായിക്കുകയാണ് ലക്ഷ്യം. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ചയിലും വികസിത് ഭാരത് 2047 ലക്ഷ്യം കൈവരിക്കുന്നതിലും വനിതാ സംരംഭകർക്ക് പ്രധാന പങ്ക് ഉറപ്പാക്കാനും ചർച്ചകൾ ലക്ഷ്യമിട്ടു. രാജസ്ഥാനിലെയും ഹിമാചൽ പ്രദേശിലെയും മുൻ ഗവർണറും ഇന്ത്യ എസ്എംഇ ഫോറത്തിന്റെ മുഖ്യ രക്ഷാധികാരിയുമായ കൽരാജ് മിശ്ര, മന്ത്രാലയ സെക്രട്ടറി ഭരത് ഖേര, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രതിനിധികൾ, വനിതാ സംരംഭകർ, മറ്റു വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യാ മന്ത്രാലയം, സർക്കാർ ഇ-മാർക്കറ്റ്പ്ലേസ്, സിഡ്ബി എന്നിവയുടെ പ്രതിനിധികളും സമ്മേളനത്തിലെത്തി. ആന്ധ്രാപ്രദേശ്, ബിഹാർ, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ഗ്രാമീണ ഉപജീവന മിഷനുകളുടെ പ്രതിനിധികൾക്കൊപ്പം വികസന, ജീവകാരുണ്യ സംഘടനകളായ യുഎൻ വിമൻ, എംപവർ, ഗേറ്റ്സ് ഫൗണ്ടേഷൻ, ഡിജിറ്റൽ എംപവർമെന്റ് ഫൗണ്ടേഷൻ, വേദാന്തയുടെ സാമൂഹിക ഉത്തരവാദിത്ത വിഭാഗം എന്നിവയും ചർച്ചയിൽ പങ്കെടുത്തു.

വനിതകളുടെ നേതൃത്വത്തിൽ 38 ശതമാനത്തോളം സംരംഭങ്ങൾ
കുടുംബത്തെയും സമൂഹത്തെയും സമ്പദ്വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നതിൽ സ്ത്രീകൾ പലവിധത്തിൽ പങ്കുവഹിക്കുന്നുണ്ടെന്ന് കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രി ജിതൻ റാം മാഞ്ചി പറഞ്ഞു. ഈ മേഖലയിലെ 38 ശതമാനത്തോളം സംരംഭങ്ങളും വനിതകളുടെ നേതൃത്വത്തിലാണ്. വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിൽ മന്ത്രാലയത്തിന്റെ പദ്ധതികൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോള സഹകരണവും 2026ലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന നിയമത്തിലെ ഭേദഗതികളും വിപണി അവസരങ്ങൾ കൂട്ടാനും മേഖലയെ ശക്തിപ്പെടുത്താനും സഹായിക്കും. വ്യാപാര ഇടപാടുകളിലെ കിട്ടാനുള്ള തുക ട്രെഡ്സ് സംവിധാനം വഴി സമയത്ത് ലഭ്യമാക്കാനും ഇവ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംരംഭങ്ങളിലും കുടുംബങ്ങളിലും സമൂഹത്തിലും സ്ത്രീകൾ നേതൃത്വത്തിലേക്ക് വരാൻ സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യമാണെന്ന് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭം, തൊഴിൽ, തൊഴിലവസരം എന്നീ വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്ലാജെ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. വനിതാ സംരംഭകരുടെ സാമ്പത്തിക വിശ്വാസ്യത ഉയരുകയാണ്. വനിതകളുടെ നേതൃത്വത്തിലുള്ള സ്വയംസഹായ സംഘങ്ങളെ വിശ്വസിച്ച് വായ്പ നൽകാവുന്നവരായി റിസർവ് ബാങ്ക് അംഗീകരിച്ചത് അവരുടെ സാമ്പത്തിക ശേഷിയിലുള്ള വിശ്വാസം കൂടുന്നതിന്റെ സൂചനയാണെന്നും അവർ പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് വിവിധ സർക്കാർ പദ്ധതികൾ നൽകിയ സംഭാവനയും മന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതിയിലൂടെ സ്ത്രീകൾക്കായി 25 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. വനിതകളുടെ ഉടമസ്ഥതയിലുള്ള സൂക്ഷ്മ, ചെറുകിട സംരംഭങ്ങളിൽ നിന്നുള്ള സർക്കാർ വാങ്ങൽ, നിർബന്ധമായ മൂന്ന് ശതമാനമെന്ന ലക്ഷ്യം കടന്നതായും മന്ത്രി പറഞ്ഞു.

തൊഴിൽ തേടുന്നവരിൽ നിന്ന് തൊഴിൽ നൽകുന്നവരിലേക്ക്
ആത്മനിർഭർ ഭാരത് ലക്ഷ്യം കൈവരിക്കാൻ തൊഴിൽ തേടുന്നവരിൽ നിന്ന് തൊഴിൽ സൃഷ്ടിക്കുന്നവരായി സ്ത്രീകൾ മാറണമെന്ന് കൽരാജ് മിശ്ര പറഞ്ഞു. ലഖ്പതി ദീദി പോലുള്ള പദ്ധതികൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്രാദേശിക കഴിവുകളെയും ഉൽപ്പാദന ശേഷിയെയും ആഗോള മൂല്യശൃംഖലകളുമായി ബന്ധിപ്പിക്കണമെന്ന് പറഞ്ഞു. അതിന് ഡിജിറ്റൽ സാങ്കേതികവിദ്യയും സംരംഭം വളർത്താനുള്ള മൂലധനവും സ്ഥാപനങ്ങളുടെ തുടർച്ചയായ പിന്തുണയും വേണം. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിൽ വനിതാ പങ്കാളിത്തം ഉയർന്നതായി മന്ത്രാലയ സെക്രട്ടറി ഭരത് ഖേര പറഞ്ഞു. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത 10 കോടിയിലധികം സംരംഭങ്ങളിൽ ഏകദേശം 38 ശതമാനം വനിതകളുടെ ഉടമസ്ഥതയിലാണ്. മേഖലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പങ്കാളിത്തം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ആവർത്തിച്ചു. സംരംഭങ്ങൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിന് അപ്പുറം വനിതാ സംരംഭങ്ങളെ വിപണിയിലെ മുൻനിരയിലെത്തിക്കണം. അതിന് ആഗോള വിപണികളിലേക്ക് കൂടുതൽ പ്രവേശനം, ഓഹരി നിക്ഷേപം, വിവിധ മൂല്യശൃംഖലകളിൽ പങ്കാളിത്തം എന്നിവ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 7.8 ശതമാനം സാമ്പത്തിക വളർച്ചയിൽ വനിതാ സംരംഭകരുടെ സംഭാവന നിർണായകമായിരുന്നെന്ന് മന്ത്രാലയ അഡീഷണൽ സെക്രട്ടറിയും വികസന കമ്മിഷണറുമായ ഡോ. രജനീഷ് പറഞ്ഞു. തൊഴിൽരംഗത്തെ സ്ത്രീപങ്കാളിത്തം കൂടുന്നതും ബിസിനസ് വായ്പകൾ എളുപ്പത്തിൽ ലഭിക്കുന്നതും ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകൾ തുറക്കുന്ന പുതിയ അവസരങ്ങളും സംരംഭ വികസനത്തിലും രാഷ്ട്രനിർമാണത്തിലും കൂടുതൽ പങ്കുവഹിക്കാൻ സ്ത്രീകൾക്ക് സാഹചര്യമൊരുക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ അവസരങ്ങളും രാജ്യാന്തര വ്യാപാരവും ചർച്ചയായി
വനിതാ സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള പ്രായോഗിക മാർഗങ്ങൾ നാല് സാങ്കേതിക ചർച്ചകളിലായി വനിതാ സംരംഭകർ, വ്യവസായ വിദഗ്ധർ, നയരൂപീകരണ രംഗത്തുള്ളവർ, രാജ്യാന്തര പ്രതിനിധികൾ എന്നിവർ പരിശോധിച്ചു. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് അനുയോജ്യമായ സാഹചര്യമൊരുക്കുന്നതായിരുന്നു ആദ്യ ചർച്ച. മന്ത്രാലയത്തിലെ ജോയിന്റ് വികസന കമ്മിഷണർ രുക്മണി അട്രി അധ്യക്ഷയായി. വനിതാ സംരംഭങ്ങൾക്ക് നിലനിൽപ്പിൽ നിന്ന് വളർച്ചയിലേക്ക് കടക്കാനും വിപണിയിൽ മത്സരിക്കാനും വേണ്ട മാർഗങ്ങളാണ് രണ്ടാം ചർച്ചയിൽ പരിശോധിച്ചത്. ജോയിന്റ് സെക്രട്ടറി വിനമ്ര മിശ്ര അധ്യക്ഷനായി ചർച്ച നയിച്ചു. വനിതാ സംരംഭകരുടെ അവസരങ്ങൾ വിപുലീകരിക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്നായിരുന്നു മൂന്നാം ചർച്ച. മന്ത്രാലയ ഡയറക്ടർ അങ്കിത പാണ്ഡെ അധ്യക്ഷയായി ചർച്ച നയിച്ചു. പ്രാദേശിക വിപണിയിൽ നിന്ന് രാജ്യാന്തര വ്യാപാരത്തിലേക്ക് വനിതാ സംരംഭങ്ങളെ എത്തിക്കാനും ആഗോള മൂല്യശൃംഖലകളിൽ അവരുടെ പങ്കാളിത്തം കൂട്ടാനുമുള്ള മാർഗങ്ങളാണ് നാലാം ചർച്ചയിൽ പരിഗണിച്ചത്. ചെറുകിട, ഇടത്തരം സംരംഭ വിഭാഗത്തിലെ ജോയിന്റ് സെക്രട്ടറി മേഴ്സി എപാവോ അധ്യക്ഷയായി ചർച്ച നയിച്ചു.
വനിതാ സംരംഭങ്ങൾക്ക് പിന്തുണ തുടരും
സംരംഭ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ച എന്നിവയിൽ സ്ത്രീപങ്കാളിത്തത്തിന്റെ പ്രാധാന്യം വനിതാ സംരംഭകത്വ ദിനാഘോഷം വീണ്ടും ഊന്നിപ്പറഞ്ഞു. വനിതകളുടെ നേതൃത്വത്തിലുള്ള ബിസിനസുകളെ ശക്തിപ്പെടുത്താൻ നടപ്പാക്കാവുന്ന നടപടികൾ കണ്ടെത്തുന്നതിന് സർക്കാർ, വ്യവസായ മേഖല, ധനകാര്യ സ്ഥാപനങ്ങൾ, വികസന പങ്കാളികൾ എന്നിവർക്ക് ചർച്ച ചെയ്യാനും സഹകരിക്കാനും സമ്മേളനം വേദിയായി. വനിതാ സംരംഭകർക്ക് ധനസഹായം, സാങ്കേതികവിദ്യ, നൈപുണ്യം നേടാനുള്ള അവസരം, വിപണി, രാജ്യാന്തര അവസരങ്ങൾ എന്നിവ ലഭ്യമാക്കാനുള്ള പിന്തുണ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. സ്ത്രീകൾക്ക് അവരുടെ സംരംഭ ആശയങ്ങൾ വിജയകരമായ ബിസിനസുകളാക്കി മാറ്റാനും വികസിത് ഭാരത് 2047 ലക്ഷ്യത്തിലേക്ക് മികച്ച സംഭാവന നൽകാനും ഇതിലൂടെ കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
.