ന്യൂഡൽഹി / 2026 / നവംബർ 21
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ആഗോള ഡിജിറ്റൽ ആരോഗ്യ ഉച്ചകോടിയിൽ ചികിത്സാരംഗത്തിനുള്ള ബഹുഭാഷാ നിർമിതബുദ്ധി സംവിധാനങ്ങൾ ഭാഷിണി അവതരിപ്പിച്ചു. നവംബർ 20ന് തുടങ്ങിയ ദ്വിദിന ഉച്ചകോടിയുടെ ആദ്യ ദിവസം ഐയിംസ്, ജിപ്മർ, കരസേനയുടെ മെഡിക്കൽ സർവീസസ് ഡയറക്ടറേറ്റ് ജനറൽ എന്നിവയുമായി ചേർന്നായിരുന്നു പ്രദർശനം. രോഗി പറയുന്ന കാര്യങ്ങൾ ശബ്ദത്തിൽനിന്ന് എഴുത്തിലേക്ക് മാറ്റാനും പല ഭാഷകളിൽ ഡോക്ടറും രോഗിയും തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കാനും ഈ സംവിധാനങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്ന് പ്രദർശനത്തിൽ കാണിച്ചു. കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയത്തിനു കീഴിലെ ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷന്റെ ഭാഗമാണ് ഡിജിറ്റൽ ഇന്ത്യ ഭാഷിണി വിഭാഗം. ഉച്ചകോടിയിലെ ഭാഷിണിയുടെ പങ്കാളിത്തം നവംബർ 21നും തുടരുന്നു.
പറഞ്ഞാൽ ചികിത്സാരേഖയാകും, രോഗിയുമായി സ്വന്തം ഭാഷയിൽ സംസാരിക്കാം
നിർമിതബുദ്ധി പ്രായോഗികമായി എങ്ങനെ നടപ്പാക്കാം എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന ഐയിംസ്, ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് എന്ന ജിപ്മർ, കരസേനയുടെ മെഡിക്കൽ സർവീസസ് ഡയറക്ടറേറ്റ് ജനറൽ എന്നിവയായിരുന്നു ഭാഷിണിയുടെ പ്രദർശനത്തിലെ സ്ഥാപന പങ്കാളികൾ. ശബ്ദം എഴുത്താക്കൽ, എഴുത്ത് ശബ്ദമാക്കൽ, വിവർത്തനം തുടങ്ങിയ സംവിധാനങ്ങൾ തത്സമയം കാണിച്ചു. ആരോഗ്യപ്രവർത്തകരുടെ ജോലി എളുപ്പമാക്കാനും ചികിത്സാരേഖകൾ തയ്യാറാക്കുന്ന സമയം കുറയ്ക്കാനും വിവിധ ഇന്ത്യൻ ഭാഷകളിൽ ആരോഗ്യവിവരങ്ങൾ ലഭ്യമാക്കാനും ഇവ എങ്ങനെ ഉപയോഗിക്കാമെന്നും അവതരിപ്പിച്ചു.
ജിപ്മറിൽ ഇ-ഭാഷിണിയെ ആശുപത്രി വിവരനിർവഹണ സംവിധാനമായ ഇ-സുശ്രുതുമായി ബന്ധിപ്പിച്ചു. ഇതിലൂടെ രോഗചരിത്രം, കിടത്തിച്ചികിത്സയിലുള്ളവരുടെ കുറിപ്പുകൾ, ആശുപത്രി വിടുമ്പോഴുള്ള നിർദേശങ്ങൾ എന്നിവ ഡോക്ടർമാർക്ക് പറഞ്ഞ് രേഖപ്പെടുത്താം. ഐയിംസിൽ ഡോക്ടറും രോഗിയും വ്യത്യസ്ത ഭാഷകളിൽ സംസാരിക്കുമ്പോൾ ഭാഷിണിയുടെ ശബ്ദ സാങ്കേതികവിദ്യ എങ്ങനെ സഹായിക്കുമെന്ന് കാണിച്ചു. കരസേനയുടെ ധന്വന്തരി സംവിധാനത്തിൽ ഡോക്ടർമാർ പറഞ്ഞ ചികിത്സാക്കുറിപ്പുകൾ ടൈപ്പ് ചെയ്ത എഴുത്തായി മാറും. ചികിത്സാരേഖകൾ തയ്യാറാക്കുന്നതും ഡോക്ടറും രോഗിയും തമ്മിലുള്ള ആശയവിനിമയവും ഈ സംവിധാനങ്ങൾ എളുപ്പമാക്കുമെന്ന് പ്രദർശനം വ്യക്തമാക്കി.
തത്സമയ വിവർത്തനം മുതൽ ഭാഷാ ശേഖരണം വരെ
സംസാരം എഴുത്താക്കി മാറ്റുന്ന ഭാഷിണിയുടെ ശ്രുത്ലേഖ് സംവിധാനം ഉച്ചകോടിയുടെ വിവിധ സെഷനുകളിലും അവതരിപ്പിച്ചു. പല ഭാഷകളിലുള്ള സംസാരം തത്സമയം എഴുത്താക്കാനും വിവർത്തനം ചെയ്യാനും ഇതിലൂടെ കഴിയും. ആരോഗ്യമേഖലയിലും മറ്റു രംഗങ്ങളിലും ഭാഷയുടെ പേരിലുള്ള ആശയവിനിമയ തടസ്സം കുറയ്ക്കാൻ ഇത് എങ്ങനെ സഹായിക്കുമെന്നും കാണിച്ചു.
ഭാഷിണി മൊബൈൽ ആപ്പിലെ വിവർത്തന, ശബ്ദ സൗകര്യങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. പൊതുജനങ്ങൾ നൽകുന്ന ഭാഷാ വിവരങ്ങൾ ഇന്ത്യൻ ഭാഷകൾക്കായുള്ള നിർമിതബുദ്ധി സംവിധാനങ്ങളെ എങ്ങനെ മെച്ചപ്പെടുത്തുമെന്ന് ഡാറ്റാ ദാൻ പദ്ധതി വിശദീകരിച്ചു. എഴുത്തിലുള്ളതും വാമൊഴിയായുള്ളതുമായ ഭാഷാ സാമഗ്രികൾ ശേഖരിച്ച് ഡിജിറ്റൽ രൂപത്തിലാക്കാൻ ഘട്ടംഘട്ടമായി വഴികാട്ടുന്ന ഗ്രന്ഥിക സംവിധാനവും അവതരിപ്പിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഭാഷാ ശേഖരം വിപുലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

രോഗിക്ക് ഇഷ്ടമുള്ള ഭാഷയിൽ സംസാരിക്കാൻ സൗകര്യം
ഭരണനിർവഹണ ചുമതലയുള്ളവരും ഡോക്ടർമാരും ഏറ്റവും പ്രധാനമായി രോഗികളുമാണ് ഈ സംവിധാനത്തിന്റെ ഗുണഭോക്താക്കളെന്ന് കരസേനാ മെഡിക്കൽ സർവീസസിലെ അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ സന്ദീപ് ഭല്ല പറഞ്ഞു. നിലവിൽ സേനയിൽ സേവനമനുഷ്ഠിക്കുന്നവരും വിരമിച്ച സൈനികരും അവരുടെ കുടുംബാംഗങ്ങളും രോഗികളുടെ കൂട്ടത്തിലുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇവർ വ്യത്യസ്ത ജനവിഭാഗങ്ങളിൽപ്പെട്ടവരും പല ഭാഷകൾ സംസാരിക്കുന്നവരുമാണ്. അതുകൊണ്ടാണ് സോഫ്റ്റ്വെയറിൽ കൂടുതൽ ഭാഷകൾ ഉൾപ്പെടുത്താൻ ഭാഷിണിയെ സമീപിച്ചത്. സംസാരം എഴുത്താക്കുന്ന സംവിധാനം ഉപയോഗിക്കാൻ ഭാഷിണി നൽകിയ സഹായം ഡോക്ടർമാരുടെ സമയം ലാഭിക്കും. സ്വന്തം ഭാഷയിൽ കാര്യം പറയാൻ കഴിയുന്നത് രോഗികൾക്കും ആശ്വാസമാകും. രോഗികളുടെ ആശങ്കകൾ മനസ്സിലാക്കാനും അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ മരുന്നുകുറിപ്പും ചികിത്സാ നിർദേശങ്ങളും നൽകാനും ഡോക്ടർമാർക്ക് കഴിയും. വിശ്വാസത്തോടെയാണ് ഈ സഹകരണം തുടങ്ങിയതെന്നും പരസ്പരം പിന്തുണ നൽകി സംവിധാനം തുടർന്നും മെച്ചപ്പെടുത്തുമെന്നും ഭല്ല പറഞ്ഞു. ഭാഷിണിയുടെ സഹായത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
ചികിത്സ നൽകുന്നവരുടെയും ചികിത്സ തേടുന്നവരുടെയും യഥാർഥ സാഹചര്യങ്ങൾ കണക്കിലെടുത്ത് രൂപകൽപ്പന ചെയ്യുമ്പോഴാണ് നിർമിതബുദ്ധിക്ക് ആരോഗ്യമേഖലയിൽ കാര്യമായ മാറ്റമുണ്ടാക്കാൻ കഴിയുകയെന്ന് ഡിജിറ്റൽ ഇന്ത്യ ഭാഷിണി വിഭാഗത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിതാഭ് നാഗ് പറഞ്ഞു. അവശ്യസേവനങ്ങൾ ലഭിക്കാൻ ഭാഷ തടസ്സമാകരുതെന്നാണ് ഭാഷിണിയുടെ നിലപാട്. രോഗിവിവരങ്ങൾ രേഖപ്പെടുത്തുന്നതു മുതൽ മരുന്നുകുറിപ്പ് തയ്യാറാക്കുന്നതു വരെ ബഹുഭാഷാ നിർമിതബുദ്ധിയും ശബ്ദ സാങ്കേതികവിദ്യയും ഉപയോഗിക്കാമെന്ന് ഐയിംസ്, ജിപ്മർ, കരസേനാ മെഡിക്കൽ സർവീസസ് എന്നിവയുമായുള്ള സഹകരണം കാണിച്ചുതരുന്നു. ഇന്ത്യയിൽ വികസിപ്പിച്ച ഭാഷാ സാങ്കേതികവിദ്യയിലൂടെ ചികിത്സാ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനും വിവിധ ഭാഷക്കാരിലേക്ക് സേവനങ്ങൾ എത്തിക്കാനുമാകും. കൈമാറുന്ന വിവരം തിരിച്ചറിയുന്നതിനൊപ്പം സേവനം ഉപയോഗിക്കുന്നവരുടെ ഭാഷാവൈവിധ്യവും മനസ്സിലാക്കുന്ന സാങ്കേതികവിദ്യയാണ് ഭാഷിണിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഐയിംസിൽ പറഞ്ഞ് മരുന്നുകുറിപ്പ് തയ്യാറാക്കാം
ന്യൂഡൽഹി ഐയിംസിൽ ദേശീയ ഇൻഫർമാറ്റിക്സ് സെന്ററിന്റെ ഇ-ഹോസ്പിറ്റൽ സംവിധാനത്തിലെ മരുന്നുകുറിപ്പ് വിഭാഗവുമായി ഭാഷിണിയുടെ ശബ്ദം എഴുത്താക്കുന്ന സൗകര്യം ബന്ധിപ്പിച്ചിട്ടുണ്ട്. തിരക്കേറിയ പുറംരോഗ വിഭാഗങ്ങളിൽ മരുന്നുകുറിപ്പ് പറഞ്ഞ് തയ്യാറാക്കാൻ കഴിയുന്നത് ഡോക്ടർമാരുടെ സമയം ലാഭിക്കുമെന്ന് ഐയിംസിലെ കംപ്യൂട്ടർ വിഭാഗത്തിന്റെ ചുമതലയുള്ള പ്രൊഫസർ ഡോക്ടർ വിവേക് ടണ്ടൻ പറഞ്ഞു. ന്യൂറോളജി, ന്യൂറോസർജറി വിഭാഗങ്ങളിൽ പരീക്ഷിച്ചപ്പോൾ ഡോക്ടർമാരിൽനിന്ന് അനുകൂല പ്രതികരണം ലഭിച്ചു. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഐയിംസിലെ എല്ലാ വിഭാഗങ്ങളിലേക്കും സംവിധാനം വ്യാപിപ്പിക്കുകയാണ്.
ആശുപത്രി വിവരനിർവഹണ സംവിധാനമായ ഇ-സുശ്രുതുമായി ഇ-ഭാഷിണിയെ ബന്ധിപ്പിച്ച രീതി ഉച്ചകോടിയിൽ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ജിപ്മറിലെ വിവരസാങ്കേതിക വിഭാഗം ഡെപ്യൂട്ടി ചുമതലക്കാരനും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായ ഡോക്ടർ ആനന്ദ് എ പറഞ്ഞു. പുറംരോഗികളുടെ രോഗചരിത്രം എഴുതുമ്പോഴും കിടത്തിച്ചികിത്സയിലുള്ളവരെ വാർഡിൽ സന്ദർശിക്കുമ്പോഴും ആശുപത്രി വിടുന്നവർക്കുള്ള നിർദേശങ്ങൾ തയ്യാറാക്കുമ്പോഴും ഡോക്ടർമാർക്ക് വിവരങ്ങൾ പറഞ്ഞ് രേഖപ്പെടുത്താം. ഇംഗ്ലീഷിലോ സംവിധാനം പിന്തുണയ്ക്കുന്ന ഇന്ത്യൻ ഭാഷകളിലോ ഈ സൗകര്യം ഉപയോഗിക്കാം. ഇന്ത്യയുടെ ബഹുഭാഷാ ഡിജിറ്റൽ സംവിധാനങ്ങളും നിർമിതബുദ്ധിയും ഉപയോഗിക്കുന്ന ഈ പദ്ധതി ചികിത്സാ നടപടികൾ എളുപ്പമാക്കാനും ആരോഗ്യപ്രവർത്തകരുടെ എഴുത്തുജോലി കുറയ്ക്കാനും ലക്ഷ്യമിടുന്നു. മികച്ച ചികിത്സ ലഭിക്കാൻ ഭാഷ തടസ്സമാകരുതെന്നും തദ്ദേശീയ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ പൊതുജനാരോഗ്യ സേവനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാനും രോഗികളുടെ ആവശ്യങ്ങൾക്കനുസരിച്ച് മെച്ചപ്പെടുത്താനും കഴിയുമെന്ന് കാണിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തിന് 36 ഇന്ത്യൻ ഭാഷകൾ, ശബ്ദത്തിന് 23 ഭാഷകൾ
വിവിധ ഭാഷകൾ സംസാരിക്കുന്നവർക്കും ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ദേശീയ സംവിധാനം ഒരുക്കുകയാണ് ഡിജിറ്റൽ ഇന്ത്യ ഭാഷിണി വിഭാഗം. എഴുത്ത് കൈകാര്യം ചെയ്യാൻ 36 ഇന്ത്യൻ ഭാഷകളും ശബ്ദം കൈകാര്യം ചെയ്യാൻ 23 ഇന്ത്യൻ ഭാഷകളും കൂടാതെ 35 രാജ്യാന്തര ഭാഷകളും ഭാഷിണി പിന്തുണയ്ക്കുന്നു. സർക്കാർ സേവനങ്ങളിലും പൊതുജനങ്ങൾ ഉപയോഗിക്കുന്ന ഡിജിറ്റൽ സേവനങ്ങളിലും ഈ ഭാഷാ സൗകര്യങ്ങൾ ചേർക്കാം. ഭാഷിണിയുടെ നിർമിതബുദ്ധി സംവിധാനങ്ങൾ ഇതുവരെ 1,100 കോടിയിലധികം തവണ വിവരങ്ങൾ പ്രോസസ് ചെയ്തു. പ്രതിദിനം ഏകദേശം 2 കോടി 40 ലക്ഷം തവണയാണ് ഈ സേവനങ്ങൾ ഉപയോഗിച്ച് വിവരങ്ങൾ പ്രോസസ് ചെയ്യുന്നത്. വിവർത്തനം, ശബ്ദം തിരിച്ചറിയൽ, എഴുത്ത് ശബ്ദമാക്കൽ, ഒരു ലിപിയിൽനിന്ന് മറ്റൊരു ലിപിയിലേക്ക് മാറ്റൽ തുടങ്ങിയ സൗകര്യങ്ങളിലൂടെ വിവിധ ഭാഷകളിൽ ഡിജിറ്റൽ വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം.
ചികിത്സാരംഗത്ത് നിർമിതബുദ്ധി പ്രായോഗികമായി എങ്ങനെ നടപ്പാക്കാമെന്ന് ചർച്ച ചെയ്യാൻ സർക്കാർ, ആരോഗ്യമേഖല, വ്യവസായം, അക്കാദമിക രംഗം എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. സാങ്കേതിക പ്രദർശനങ്ങൾ, തത്സമയ അവതരണങ്ങൾ, ശാസ്ത്രീയ ചർച്ചകൾ, ആശയവിനിമയ സെഷനുകൾ എന്നിവ ഉച്ചകോടിയുടെ ഭാഗമാണ്. ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിലും വിവിധ ചികിത്സാ സംവിധാനങ്ങളിൽ അവ ഉപയോഗപ്പെടുത്തുന്നതിലുമാണ് പരിപാടികളുടെ ശ്രദ്ധ. ഇന്ത്യയിലെ വിവിധ ഭാഷകൾ സംസാരിക്കുന്നവർക്ക് ചികിത്സാ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനും ആരോഗ്യപ്രവർത്തകരുടെ ജോലി കാര്യക്ഷമമാക്കാനും ബഹുഭാഷാ നിർമിതബുദ്ധിക്ക് കഴിയുമെന്ന് ഭാഷിണി ഉച്ചകോടിയിൽ ചൂണ്ടിക്കാട്ടി.
.