അഭയാർത്ഥികൾക്ക് ഗ്യാസ് ചേമ്പർ മരണം, കറുത്ത തൊലിക്കാർക്ക് വെടിയുണ്ട- നവനാസി ആശയങ്ങൾ പ്രചരിപ്പിച്ച 29 പൊലീസുകാർക്ക് സസ്പെൻഷൻ

ബർലിൻ: വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി തീവ്രവലതുപക്ഷ ആശയങ്ങളും വംശീയ വിദ്വേഷം ജനിപ്പിക്കുന്ന ചിത്രങ്ങളും പ്രചരിപ്പിച്ച പടിഞ്ഞാറൻ ജർമനിയിലെ 29 പൊലീസുദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

നവനാസി ആശയങ്ങളോടൊപ്പം അഭയാർത്ഥി വിരുദ്ധതയും വർണവിദ്വേഷവും ഈ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. പൊലീസുദ്യോഗസ്ഥർ ഉപയോഗിക്കുന്ന അഞ്ച് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ രണ്ടെണ്ണം നിരവധി വർഷങ്ങളായി പ്രവർത്തിച്ചു വരുന്നവയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

” ഹിറ്റ്ലറുടെ ചിത്രവും നാസികളുടെ ചിഹ്നമായ സ്വസ്തിക്കുമെല്ലാം നിറഞ്ഞതാണ് ഈ വാട്സ് ആപ്പ് ഗ്രൂപ്പുകൾ. തടങ്കൽപാളയത്തിലെ ഗ്യാസ് ചേമ്പറിൽ ഒരു അഭയാർത്ഥി നിൽക്കുന്നതിൻ്റെ ഭാവനാ ചിത്രവും കറുത്ത തൊലിയുള്ളവരെ വെടിവച്ചു കൊല്ലുന്ന മറ്റൊരു പരിഹാസ ചിത്രവും ഗ്രൂപ്പിൽ പങ്കുവച്ചത് കണ്ടപ്പോൾ, അക്ഷരാർത്ഥത്തിൽ ഞങ്ങൾ നിശബ്ദരായിപ്പോയി.”
നോർത്ത് റൈൻ വെസ്റ്റ് ഫാലിയ സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയായ ഹെർബർട് റ്യൂൾ പറയുന്നു.

ജർമൻ പൊലീസ് സേനയിൽ നവനാസി പ്രത്യയശാസ്ത്രത്തോടുള്ള ആഭിമുഖ്യം വർദ്ധിച്ചു വരുന്നതായും തീവ്രവലതു പക്ഷ ചിന്ത വച്ചു പുലർത്തുന്നവരുടെ എണ്ണം കൂടി വരുന്നതായും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →