ഓക്ലൻഡ്, 2026 നവംബർ 20 –
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്താനും അതിർത്തി കടന്നുള്ള വാണിജ്യ തർക്കങ്ങൾ പരിഹരിക്കുന്ന സംവിധാനം മെച്ചപ്പെടുത്താനും ന്യൂസിലൻഡിലെ ഓക്ലൻഡിൽ രാജ്യാന്തര നിയമസമ്മേളനം നടന്നു. ‘ട്രേഡ് വിത്ത് ട്രസ്റ്റ്’ എന്ന പേരിൽ നടന്ന സമ്മേളനത്തിൽ മുതിർന്ന ജഡ്ജിമാരും നിയമവിദഗ്ധരും നയതന്ത്ര ഉദ്യോഗസ്ഥരും വ്യവസായ പ്രതിനിധികളും പങ്കെടുത്തു. ആർബിട്രേഷൻ, മധ്യസ്ഥ ചർച്ച, വാണിജ്യ കോടതികൾ, ഇരു രാജ്യങ്ങളിലെയും നീതിന്യായ സംവിധാനങ്ങൾ തമ്മിലുള്ള ഏകോപനം എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ.
സുപ്രീംകോടതി ജഡ്ജി എം എം സുന്ദരേഷ് മുഖ്യാതിഥി
ഇന്ത്യൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എം എം സുന്ദരേഷ് മുഖ്യാതിഥിയായി. പ്രമുഖ അഭിഭാഷകനും ന്യൂസിലൻഡിന്റെ മുൻ ഗവർണർ ജനറലുമായ ആനന്ദ് സത്യാനന്ദ് വിശിഷ്ടാതിഥിയായിരുന്നു. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർ ബി സറാഫ്, ജസ്റ്റിസ് കൃഷൻ പഹൽ, പഞ്ചാബ്–ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് സന്ദീപ് മൗദ്ഗിൽ, സോനിപതിലെ ഡോ. ബി ആർ അംബേദ്കർ ദേശീയ നിയമ സർവകലാശാല രജിസ്ട്രാർ പ്രൊഫസർ ഡോ. അശുതോഷ് മിശ്ര എന്നിവരും ഇന്ത്യൻ പ്രതിനിധിസംഘത്തിലുണ്ടായിരുന്നു.
ഓക്ലൻഡിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. മദൻ മോഹൻ സേഥി, നിയമവിദഗ്ധനും നിയമാധ്യാപകനുമായ ജഡ്ജി ഡോ. അജിത് സ്വരൺ സിങ്, ന്യൂസിലൻഡ് ഭാരത് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ മഹേഷ് ബിന്ദ്ര എന്നിവരും പങ്കെടുത്തു. ഇന്ത്യൻ വംശജനായ ഒരു ഫിജി പൗരൻ ന്യൂസിലൻഡിൽ ജില്ലാ കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത് ആദ്യമായാണ് 2002ൽ അജിത് സ്വരൺ സിങ്ങിന്റെ നിയമനത്തോടെ.
2030ഓടെ 700 കോടി ന്യൂസിലൻഡ് ഡോളറിന്റെ വ്യാപാരം ലക്ഷ്യം
ഓക്ലൻഡ് ബിസിനസ് ചേംബർ ആതിഥേയത്വം വഹിച്ച സമ്മേളനം ന്യൂസിലൻഡ് ഭാരത് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് സംഘടിപ്പിച്ചത്. ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിന്റെ പശ്ചാത്തലത്തിലായിരുന്നു ചർച്ച. ചരക്കുകളുടെയും സേവനങ്ങളുടെയും ഉഭയകക്ഷി വ്യാപാരം 2030ഓടെ ഏകദേശം 700 കോടി ന്യൂസിലൻഡ് ഡോളറിലെത്തിക്കുകയാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം. വിശ്വസനീയമായ ആർബിട്രേഷൻ, ഫലപ്രദമായ മധ്യസ്ഥ ചർച്ച, പ്രത്യേക വാണിജ്യ കോടതികൾ, തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വ്യക്തത എന്നിവ രാജ്യാന്തര വ്യാപാരത്തിൽ വിശ്വാസം വളർത്തുമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.
വിദേശ ആർബിട്രേഷൻ വിധികളും വാണിജ്യ കോടതികളും ചർച്ചയിൽ
മുഖ്യപ്രഭാഷണത്തിൽ ജസ്റ്റിസ് എം എം സുന്ദരേഷ് രാജ്യാന്തര ആർബിട്രേഷന്റെ ചരിത്രവും പുതിയ മാറ്റങ്ങളും ഉയർന്നുവരുന്ന വെല്ലുവിളികളും വിശദീകരിച്ചു. ആഗോള തർക്കപരിഹാര രംഗത്ത് ഇന്ത്യയുടെ പങ്ക് വർധിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ ആർബിട്രേഷൻ വിധികൾ നടപ്പാക്കുന്നതിനെക്കുറിച്ചും അതിൽ കോടതികളുടെ ഇടപെടൽ പരിമിതപ്പെടുത്തേണ്ടതിനെക്കുറിച്ചും വിധികളുടെ അന്തിമസ്വഭാവം മാനിക്കേണ്ടതിനെക്കുറിച്ചും ജസ്റ്റിസ് ശേഖർ ബി സറാഫ് സംസാരിച്ചു. തർക്കങ്ങൾക്ക് നേരത്തേ പരിഹാരം കാണുന്നതിൽ വാണിജ്യ കോടതികളുടെ പങ്ക് ജസ്റ്റിസ് സന്ദീപ് മൗദ്ഗിൽ വിശദീകരിച്ചു. 2015ലെ വാണിജ്യ കോടതികൾ നിയമത്തിലെ 12എ വകുപ്പ് പ്രകാരം കേസ് ഫയൽ ചെയ്യുന്നതിനു മുമ്പുള്ള മധ്യസ്ഥ ചർച്ചയുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
രാജ്യാന്തര മധ്യസ്ഥതയിൽ സഹകരണം കൂട്ടാൻ അവസരം
രാജ്യാന്തര വാണിജ്യ മധ്യസ്ഥത, ഇന്ത്യയുടെ 2023ലെ മധ്യസ്ഥതാ നിയമം, ഈ മേഖലയിൽ ഇന്ത്യക്കും ന്യൂസിലൻഡിനും സഹകരണം ശക്തമാക്കാനുള്ള അവസരങ്ങൾ എന്നിവയെക്കുറിച്ച് ജസ്റ്റിസ് കൃഷൻ പഹൽ സംസാരിച്ചു. ഉഭയകക്ഷി വ്യാപാരത്തെ പിന്തുണയ്ക്കുന്ന നിയമസംവിധാനങ്ങളും ഇരു രാജ്യങ്ങളിലെയും തർക്കപരിഹാര രീതികളും ഡോ. അശുതോഷ് മിശ്ര താരതമ്യം ചെയ്തു. നിയമങ്ങളിൽ വ്യക്തതയും നടപടിക്രമങ്ങളിൽ സുതാര്യതയും ഫലപ്രദമായ തർക്കപരിഹാര സംവിധാനവും വേണമെന്ന് അദ്ദേഹം പറഞ്ഞു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.