ന്യൂഡൽഹി / 2026 / നവംബർ 20
ഗ്രാമങ്ങളിലെ പൊതുശൗചാലയങ്ങളും സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ശൗചാലയങ്ങളും മെച്ചപ്പെടുത്താൻ ജൽശക്തി മന്ത്രാലയം രാജ്യവ്യാപക പ്രചാരണം തുടങ്ങി. ലോക ശൗചാലയ ദിനമായ നവംബർ 19ന് സ്വച്ഛ് ഭാരത് മിഷന്റെ ഗ്രാമീണ പദ്ധതിക്കു കീഴിലാണ് കുടിവെള്ള–ശുചിത്വ വകുപ്പ് ‘സ്വച്ഛ് ശൗചാലയ് – ഗരിമാമയ് ഭവിഷ്യ’ പ്രചാരണത്തിന് തുടക്കമിട്ടത്. ശൗചാലയങ്ങൾ ഉപയോഗിക്കാവുന്ന നിലയിലാണോ, എല്ലാവർക്കും അവ ഉപയോഗിക്കാൻ കഴിയുന്നുണ്ടോ എന്നിവ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പരിശോധിക്കും. ആവശ്യമായ മെച്ചപ്പെടുത്തലുകളും നടത്തും. മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് പ്രചാരണം സമാപിക്കും.

പ്രചാരണത്തിനും പുരോഗതി അറിയിക്കാനുള്ള സംവിധാനത്തിനും തുടക്കം
കുടിവെള്ള–ശുചിത്വ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സ്വാഗതം പറഞ്ഞ് പ്രചാരണത്തിന്റെ പശ്ചാത്തലം വിശദീകരിച്ചു. തുടർന്ന് വകുപ്പ് ഡയറക്ടർ ഗ്രാമീണ സ്വച്ഛ് ഭാരത് മിഷന്റെ പുരോഗതി ചുരുക്കി അവതരിപ്പിച്ചു. ഏകദേശം 89.9 ശതമാനം ഗ്രാമങ്ങൾ തുറസ്സായ മലവിസർജനം ഇല്ലാത്ത ഗ്രാമങ്ങൾക്കുള്ള ഓഡിഎഫ് പ്ലസ് മാതൃകാ പദവി നേടിയതായി അവതരണത്തിൽ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ മറ്റു ഘടകങ്ങളിലെ നേട്ടങ്ങളും വിശദീകരിച്ചു. തുടർന്ന് വകുപ്പിലെ ജോയിന്റ് സെക്രട്ടറിയും ഗ്രാമീണ സ്വച്ഛ് ഭാരത് മിഷൻ ദേശീയ ഡയറക്ടറുമായ ഐശ്വര്യ സിങ് പ്രചാരണം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പുരോഗതി അറിയിക്കാൻ വകുപ്പ് തയ്യാറാക്കിയ സംവിധാനവും അവർ ഉദ്ഘാടനം ചെയ്തു. ‘സുരക്ഷിത ശൗചാലയങ്ങൾ, തുല്യ ഭാവി’ എന്നതാണ് 2026ലെ ലോക ശൗചാലയ ദിനത്തിനായി ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്ത പ്രമേയം. ശുചിത്വവും ലിംഗസമത്വവും തമ്മിലുള്ള ബന്ധമാണ് പ്രമേയം ചൂണ്ടിക്കാട്ടുന്നത്. ഇതിന് അനുസരിച്ച് ഗ്രാമീണ ശുചിത്വ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമ്പോൾ സ്ത്രീകൾ, വിദ്യാർഥിനികൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ആവശ്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകും.

ശൗചാലയങ്ങൾ പരിശോധിക്കും, ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തും
സാമൂഹിക ശുചിത്വ സമുച്ചയങ്ങളുടെയും സ്കൂളുകൾ, അങ്കണവാടികൾ, പഞ്ചായത്ത് ഭവനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ശൗചാലയങ്ങളുടെയും സ്ഥിതി പരിശോധിക്കും. ആവശ്യമുള്ളിടത്ത് അറ്റകുറ്റപ്പണിയും പരിപാലനവും നടത്തി അവ വീണ്ടും ഉപയോഗയോഗ്യമാക്കും. സ്ഥാപനങ്ങളിലെ ശൗചാലയങ്ങളുടെ കാര്യത്തിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ, അങ്കണവാടി കേന്ദ്രങ്ങൾ, ഗ്രാമപഞ്ചായത്ത് കെട്ടിടങ്ങളുടെ ചുമതലയുള്ളവർ തുടങ്ങിയ ബന്ധപ്പെട്ട വിഭാഗങ്ങൾ മുഖേന ഇത് ചെയ്യാം. വീട്ടിലെ ശൗചാലയത്തിന് അറ്റകുറ്റപ്പണിയോ പരിപാലനമോ ആവശ്യമുണ്ടെങ്കിൽ അത് ചെയ്യാൻ കുടുംബങ്ങളെയും പ്രോത്സാഹിപ്പിക്കും. ഓരോ ഗ്രാമത്തിലുമുള്ള ശൗചാലയങ്ങളുടെ തരം പരിശോധിക്കും. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിശ്ചയിച്ച ലക്ഷ്യങ്ങൾക്കനുസരിച്ച്, സാധ്യമാകുന്നിടത്ത് കണ്ടെത്തിയ ഒറ്റക്കുഴി ശൗചാലയങ്ങൾ ഇരട്ടക്കുഴി ശൗചാലയങ്ങളാക്കി മാറ്റും. സോക് പിറ്റ് ഇല്ലാത്ത സെപ്റ്റിക് ടാങ്കുകൾക്ക് ആ സൗകര്യം കൂട്ടിച്ചേർക്കും. മലമാലിന്യ പരിപാലന മാനദണ്ഡങ്ങൾ പാലിക്കാൻ, യന്ത്രസഹായത്തോടെ മാലിന്യം നീക്കുന്ന സംവിധാനം നിലവിലുള്ളതോ ആവശ്യമുള്ളതോ ആയ ഇടങ്ങളിൽ അത് വിലയിരുത്തി പ്രവർത്തനപദ്ധതി തയ്യാറാക്കും. സാമൂഹിക ശുചിത്വ സമുച്ചയങ്ങളുടെയും സ്ഥാപനങ്ങളിലെ ശൗചാലയങ്ങളുടെയും നടത്തിപ്പും പരിപാലനവും പരിശോധിച്ച് ശക്തിപ്പെടുത്തും.
വൃത്തിയുള്ള ശൗചാലയങ്ങൾ, ശുചിത്വ ശീലങ്ങൾക്ക് ബോധവത്കരണം
പ്രാദേശിക ചുമർചിത്രങ്ങളും സൂചനാബോർഡുകളും ഒരുക്കിയും പരിസരം മെച്ചപ്പെടുത്തിയും സാമൂഹിക ശുചിത്വ സമുച്ചയങ്ങളും സ്ഥാപനങ്ങളിലെ ശൗചാലയങ്ങളും വൃത്തിയുള്ളതും ഉപയോഗിക്കാൻ തോന്നുന്നതുമായ ഇടങ്ങളാക്കി മാറ്റാൻ നാട്ടുകാരെ പ്രോത്സാഹിപ്പിക്കും. വീട്ടിലെ ശൗചാലയങ്ങളിലും സമാനമായ മാറ്റങ്ങൾ വരുത്താൻ കുടുംബങ്ങളെ പ്രേരിപ്പിക്കാം. തുറസ്സായ മലവിസർജനം ഒഴിവാക്കിയ സ്ഥിതി ഗ്രാമങ്ങൾ നിലനിർത്തുന്നുണ്ടോ എന്ന് പരിശോധിക്കും. ശൗചാലയങ്ങളുടെ ഉപയോഗം തുടരാൻ ശീലമാറ്റം ലക്ഷ്യമിട്ടുള്ള ആശയവിനിമയവും ബോധവത്കരണവും ഊർജിതമാക്കും. ഗ്രാമങ്ങളിലും ഗ്രാമപഞ്ചായത്തുകളിലും സ്വച്ഛ് സേവാ ആങ്കലൻ എന്ന ശുചിത്വ വിലയിരുത്തൽ പൂർത്തിയായിട്ടുണ്ടോ എന്നും പരിശോധിക്കും. ബാക്കിയുള്ള ഇടങ്ങളിൽ നവംബർ 30നകം അത് പൂർത്തിയാക്കും. വിലയിരുത്തൽ സമർപ്പിച്ച ഇടങ്ങളിൽ കണ്ടെത്തിയ കുറവുകൾ എങ്ങനെ പരിഹരിക്കാമെന്ന് ചർച്ച ചെയ്യും. സ്ത്രീകൾ, വിദ്യാർഥിനികൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ആവശ്യങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകി ശുചിത്വത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തും. വ്യക്തിശുചിത്വവും പൊതുശുചിത്വവും പാലിക്കൽ, സോപ്പുപയോഗിച്ച് കൈ കഴുകൽ, മലമാലിന്യ പരിപാലന മാനദണ്ഡങ്ങൾ പാലിക്കൽ, 2026ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ പാലിക്കൽ, മാലിന്യം നാലു വിഭാഗമായി വേർതിരിക്കൽ, സ്വച്ഛ് സേവാ ആങ്കലൻ എന്നിവയും ബോധവത്കരണത്തിൽ ഉൾപ്പെടും.
സംസ്ഥാനങ്ങൾ പ്രവർത്തനപദ്ധതി പങ്കുവച്ചു, കുട്ടികൾക്കും പങ്ക്
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചർച്ചയിൽ പങ്കെടുത്ത് പ്രചാരണം നടപ്പാക്കാൻ തയ്യാറാക്കിയ പ്രവർത്തനപദ്ധതികൾ വിശദീകരിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, സിക്കിം, കർണാടക എന്നിവിടങ്ങളിലെ ഗ്രാമീണ സ്വച്ഛ് ഭാരത് മിഷൻ സംഘങ്ങൾ ആസൂത്രണം ചെയ്ത പ്രവർത്തനങ്ങൾ പങ്കുവച്ചു. എല്ലാവരുടെയും അന്തസ്സും എല്ലാവർക്കും ശുചിത്വ സൗകര്യങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം രൂപപ്പെടുത്തിയതെന്ന് ഓൺലൈൻ ഉദ്ഘാടനത്തിൽ ഐശ്വര്യ സിങ് പറഞ്ഞു. ഭാവിയിൽ ശുചിത്വം കാത്തുസൂക്ഷിക്കേണ്ടവരെന്ന നിലയിൽ സ്കൂൾ കുട്ടികൾക്കും പ്രചാരണത്തിൽ പ്രത്യേക ശ്രദ്ധ നൽകും. ശുചിത്വ ശീലങ്ങളുടെ പ്രാധാന്യവും ശൗചാലയങ്ങൾ വൃത്തിയായി സൂക്ഷിക്കാനും എല്ലാവർക്കും ഉപയോഗിക്കാവുന്ന നിലയിൽ നിലനിർത്താനും നാട്ടുകാരുടെ പങ്കാളിത്തം എത്ര പ്രധാനമാണെന്നും കുട്ടികൾക്ക് ബോധ്യപ്പെടുത്തും.
സ്കൂളുകളിൽ ശുചിത്വ പരിശോധന, വിനോദസഞ്ചാര കേന്ദ്രങ്ങളിലും ശ്രദ്ധ
സ്കൂളുകളിലെ ശുചിത്വ പരിശോധന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും ചേർന്ന് പ്രവർത്തിക്കണമെന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗ്രാമീണ സ്വച്ഛ് ഭാരത് മിഷൻ സംഘങ്ങളോട് ഐശ്വര്യ സിങ് ആവശ്യപ്പെട്ടു. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ ആളുകൾ കൂടുതലായി എത്തുന്ന ഇടങ്ങളിലെ സാമൂഹിക ശുചിത്വ സമുച്ചയങ്ങൾ വൃത്തിയായും ഉപയോഗയോഗ്യമായും സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി. ഇത്തരം സൗകര്യങ്ങൾ സന്ദർശകരുടെ അനുഭവം നേരിട്ട് മെച്ചപ്പെടുത്തുമെന്നും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് പരോക്ഷമായി ഗുണം ചെയ്യുമെന്നും അവർ പറഞ്ഞു. സമ്പൂർണ ശുചിത്വത്തിനായി ജനപങ്കാളിത്തത്തോടെ പ്രചാരണം വിജയിപ്പിക്കാൻ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർഥിച്ചാണ് ഓൺലൈൻ ഉദ്ഘാടനം സമാപിച്ചത്.
.