കേന്ദ്രസർക്കാർ അറിയിപ്പ്
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍

പുതിയ ഭരണതലസ്ഥാനം (ഈജിപ്ത്)  / 2026  / നവംബർ 16  

ഇന്ത്യയും ഈജിപ്തും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും ശക്തമാക്കാൻ ഏഴാമത് സംയുക്ത വ്യാപാരസമിതി യോഗത്തിൽ ധാരണ. നവംബർ 16ന് ഈജിപ്തിന്റെ പുതിയ ഭരണതലസ്ഥാനത്ത് നടന്ന യോഗത്തിൽ കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രി പീയൂഷ് ഗോയലും ഈജിപ്തിന്റെ നിക്ഷേപ–വിദേശവ്യാപാര മന്ത്രി ഡോ. മുഹമ്മദ് ഫരീദ് സാലെയും സംയുക്തമായി അധ്യക്ഷത വഹിച്ചു. മുൻഗണനാ വ്യാപാരക്കരാറോ സ്വതന്ത്ര വ്യാപാരക്കരാറോ രൂപപ്പെടുത്തുന്നതിനുള്ള പരിഗണനാവിഷയങ്ങളും പ്രവർത്തനപരിധിയും പരിശോധിക്കാൻ സംയുക്ത പ്രവർത്തകസംഘം രൂപീകരിക്കും. 2026 സെപ്റ്റംബറിൽ ഇന്ത്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും നടത്തിയ കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് സാമ്പത്തിക സഹകരണം വിപുലപ്പെടുത്താനുള്ള ചർച്ചകൾ നടന്നത്. സംയുക്ത വ്യാപാരസമിതി ആദ്യമായാണ് മന്ത്രിതലത്തിൽ യോഗം ചേർന്നത്. ഇന്ത്യ–ഈജിപ്ത് തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ സാമ്പത്തിക മേഖല ശക്തമാക്കുന്നതിന് ഇരുസർക്കാരുകളും നൽകുന്ന പ്രാധാന്യം ഇതിലൂടെ വ്യക്തമാക്കി.

Image

ഉഭയകക്ഷി വ്യാപാരം 1,200 കോടി ഡോളറിലെത്തിക്കാനുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ചു. വ്യാപാരത്തിൽ കൂടുതൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുക, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക, വ്യാപാരപ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയ്ക്ക് ഊന്നൽ നൽകി. നിർദിഷ്ട വ്യാപാരക്കരാറിലൂടെ ഇരുരാജ്യങ്ങളുടെയും വിപണികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താനും നിക്ഷേപബന്ധങ്ങൾ ശക്തമാക്കാനുമാണ് ലക്ഷ്യം. സമിതി യോഗത്തിന് മുന്നോടിയായി ഇരുമന്ത്രിമാരും വ്യാപാരവിപുലീകരണം, നിക്ഷേപം സുഗമമാക്കൽ, ദീർഘകാല വ്യവസായ–വാണിജ്യബന്ധങ്ങൾ എന്നിവ ചർച്ച ചെയ്തു. നിലവിലെ വ്യാപാരബന്ധങ്ങൾ വിലയിരുത്താനും സംരംഭങ്ങൾ നേരിടുന്ന വെല്ലുവിളികൾ പരിശോധിക്കാനും പുതിയ സഹകരണമേഖലകൾ കണ്ടെത്താനും സമിതി യോഗം അവസരമൊരുക്കി.

വ്യാപാരത്തിൽ കുതിപ്പ്; വിപണിപ്രവേശനം സുഗമമാക്കാൻ ചർച്ച

2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള സാമ്പത്തികവർഷത്തിൽ ഇന്ത്യ–ഈജിപ്ത് വ്യാപാരം 35 ശതമാനം വർധിച്ച് 650 കോടി ഡോളറിലെത്തിയതായി സമിതി വിലയിരുത്തി. 2026 ഏപ്രിൽ–സെപ്റ്റംബർ കാലയളവിൽ വ്യാപാരം 65 ശതമാനം ഉയർന്ന് 504 കോടി ഡോളറായി. 2025ലെ ഇതേ കാലയളവിൽ ഇത് 308 കോടി ഡോളറായിരുന്നു. വാണിജ്യ ഇടപാടുകൾ ശക്തമാകുന്നതും കൂടുതൽ ഉൽപ്പന്നങ്ങളിലേക്ക് വ്യാപാരം വ്യാപിപ്പിക്കാനുള്ള സാധ്യതയുമാണ് ഈ വളർച്ച വ്യക്തമാക്കുന്നത്. വ്യാവസായിക ഉൽപ്പന്നങ്ങൾ, ഊർജം, വളം, രാസവസ്തുക്കൾ, ഔഷധങ്ങൾ, എൻജിനിയറിങ്, തുണിത്തരങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയിൽ പരസ്പരം ആവശ്യങ്ങൾ നിറവേറ്റാനുള്ള വലിയ സാധ്യതയുണ്ട്. വ്യാപാരം വിപുലപ്പെടുത്തുക, വിതരണശൃംഖലകൾ വികസിപ്പിക്കുക, വ്യാപാരം സ്ഥിരതയോടെ നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കുക എന്നിവയായിരുന്നു ചർച്ചകളിലെ പ്രധാന വിഷയങ്ങൾ. തീരുവയേതര തടസ്സങ്ങൾ പരിഹരിക്കൽ, കസ്റ്റംസ് നടപടികൾ ലളിതമാക്കൽ, ഗുണനിലവാര മാനദണ്ഡങ്ങളും അവ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന സംവിധാനങ്ങളും ശക്തമാക്കൽ, വിപണിപ്രവേശനം മെച്ചപ്പെടുത്തൽ എന്നിവയും പരിഗണിച്ചു. ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷനും വ്യാപാരവുമായി ബന്ധപ്പെട്ട നിയന്ത്രണനടപടികളും ഉൾപ്പെടെ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന പ്രായോഗിക പ്രശ്നങ്ങളും ചർച്ചയായി.

വ്യവസായികൾ തമ്മിലുള്ള ഇടപെടലുകൾ വർധിപ്പിക്കാനും സംയുക്ത ഉൽപ്പാദനവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാനും ഇരുപക്ഷവും താൽപ്പര്യം പ്രകടിപ്പിച്ചു. ഔഷധങ്ങൾ, ചികിത്സാ ഉപകരണങ്ങൾ, എൻജിനിയറിങ്–വൈദ്യുത ഉപകരണങ്ങൾ, വളം, തുണിത്തരങ്ങൾ, പുനരുപയോഗ ഊർജം, പുതുതായി വളരുന്ന സാങ്കേതികവിദ്യകൾ എന്നിവയ്ക്കാണ് മുൻഗണന. ഈജിപ്തിലെ വ്യവസായമേഖലകളിൽ ഇന്ത്യൻ നിക്ഷേപത്തിനുള്ള സാധ്യതകളും ഇന്ത്യയുടെ വളരുന്ന ഉൽപ്പാദന–സേവന മേഖലകളിൽ ഈജിപ്ഷ്യൻ നിക്ഷേപത്തിനുള്ള അവസരങ്ങളും ചർച്ച ചെയ്തു. ഇൻവെസ്റ്റ് ഇന്ത്യയും ഈജിപ്തിലെ നിക്ഷേപ–സ്വതന്ത്ര മേഖലാ ജനറൽ അതോറിറ്റിയും തമ്മിലുള്ള ചട്ടക്കൂട് കരാർ ശക്തമാക്കാനും താൽപ്പര്യമറിയിച്ചു. നിക്ഷേപവിവരങ്ങൾ പങ്കുവെക്കാനും സംരംഭങ്ങൾ തമ്മിലുള്ള ബന്ധം സുഗമമാക്കാനും നിർദേശിച്ച ഡിജിറ്റൽ വേദിയും ഇതിൽ ഉൾപ്പെടുന്നു. സൂയസ് കനാലിനോടുള്ള സാമീപ്യവും ആഫ്രിക്കൻ, അറബ്, യൂറോപ്യൻ വിപണികളുമായുള്ള ബന്ധവും ഈജിപ്തിനെ കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉൽപ്പാദനത്തിനും പ്രാദേശിക വിതരണശൃംഖലകൾക്കും പ്രധാന പങ്കാളിയാക്കുന്നു. ഈജിപ്തിലെ നിക്ഷേപകർക്കും കയറ്റുമതിക്കാർക്കും വലിയതും സജീവവുമായ വിപണി, കൂടുതൽ മത്സരക്ഷമമാകുന്ന അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതിക–ഉൽപ്പാദന പങ്കാളിത്തത്തിനുള്ള അവസരങ്ങൾ എന്നിവ ഇന്ത്യയും നൽകുന്നു.

Image

മരുന്നുമുതൽ മ്യൂസിയംവരെ അഞ്ച് സഹകരണമേഖലകൾ

ഇന്ത്യക്കും ഈജിപ്തിനും പരസ്പരം കരുത്താകാൻ കഴിയുന്ന അഞ്ച് മേഖലകൾ പീയൂഷ് ഗോയൽ യോഗത്തിൽ ചൂണ്ടിക്കാട്ടി. കുറഞ്ഞ വിലയിലുള്ള മരുന്നുകൾ, വാക്സിനുകൾ, ചികിത്സാ സാങ്കേതികവിദ്യ എന്നിവയിൽ ഇന്ത്യയുടെ കരുത്ത് ഉപയോഗപ്പെടുത്തുന്ന ഔഷധ–ആരോഗ്യ മേഖലയാണ് ആദ്യത്തേത്. യന്ത്രങ്ങൾ, വാഹനഘടകങ്ങൾ, വ്യാവസായിക ഉൽപ്പാദനം എന്നിവ ഉൾപ്പെടുന്ന എൻജിനിയറിങ്–വാഹന മേഖലയാണ് രണ്ടാമത്തേത്. ഭക്ഷ്യസുരക്ഷ, വളം, ജലസേചനം, ശീതശൃംഖലാ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന കൃഷി–ഭക്ഷ്യസംസ്കരണ മേഖലയാണ് മൂന്നാമത്തേത്. യു.പി.ഐ. ബന്ധിപ്പിക്കൽ, പ്രാദേശിക കറൻസികളിലുള്ള വ്യാപാരം, ഇന്ത്യയുടെ ഡിജിറ്റൽ പൊതുഅടിസ്ഥാനസൗകര്യം എന്നിവ ഉപയോഗിച്ചുള്ള ഡിജിറ്റൽ–ധനകാര്യ സാങ്കേതികവിദ്യാ സഹകരണമാണ് നാലാമത്തേത്. സംസ്കാരവും മ്യൂസിയങ്ങളുമാണ് അഞ്ചാമത്തെ മേഖല. ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയവും ഇന്ത്യയിൽ വരാനിരിക്കുന്ന യുഗ് യുഗീൻ ഭാരത് ദേശീയ മ്യൂസിയവും തമ്മിൽ സംരക്ഷണം, പ്രദർശനങ്ങളുടെ ക്രമീകരണം, ഡിജിറ്റൽവൽക്കരണം എന്നിവയിൽ സഹകരിക്കാനുള്ള നിർദേശവും അദ്ദേഹം അവതരിപ്പിച്ചു.

ഇന്ത്യ–ഈജിപ്ത് തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ സാമ്പത്തിക മുൻഗണനകൾ മുന്നോട്ടുകൊണ്ടുപോകുന്നതിലെ പ്രധാന ചുവടുവെപ്പാണ് മന്ത്രിതല സമിതി യോഗം. മോദി–അൽ സിസി കൂടിക്കാഴ്ചയിലൂടെ ലഭിച്ച രാഷ്ട്രീയ ഊർജം കൂടുതൽ വ്യാപാരം, പുതിയ നിക്ഷേപം, സംയുക്ത ഉൽപ്പാദനം, മെച്ചപ്പെട്ട വിപണിപ്രവേശനം എന്നിവയിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഇന്ത്യയെയും ഈജിപ്തിനെയും വിശാലമായ പ്രാദേശിക വിപണികളെയും ബന്ധിപ്പിക്കുന്ന, പ്രതിസന്ധികളെ ചെറുക്കാൻ കഴിയുന്ന വിതരണശൃംഖലകളും ഇതിലൂടെ ലക്ഷ്യമിടുന്നു. അടുത്ത സംയുക്ത വ്യാപാരസമിതി യോഗം 2028ൽ ന്യൂഡൽഹിയിൽ നടത്താൻ ധാരണയായി. ഇരുപക്ഷത്തിനും സൗകര്യപ്രദമായ തീയതി ലഭിച്ചാൽ അതിന് മുമ്പും യോഗം ചേരാം. ഈജിപ്ത് മന്ത്രി മുഹമ്മദ് ഫരീദ് സാലെയുമായി ഗോയൽ നടത്തിയ പ്രത്യേക ഉഭയകക്ഷി കൂടിക്കാഴ്ചയിൽ വ്യാപാര–നിക്ഷേപബന്ധങ്ങളും കൂടുതൽ സാമ്പത്തിക സഹകരണത്തിനുള്ള വഴികളും വിലയിരുത്തി. വ്യാപാരവിപുലീകരണം, വിപണിപ്രവേശനം, നിക്ഷേപാവസരങ്ങൾ, ഔഷധങ്ങൾ, വളം, ഈജിപ്തിലെ ഇന്ത്യൻ സംരംഭങ്ങൾ നേരിടുന്ന വിസാ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വെല്ലുവിളികൾ എന്നിവ ചർച്ചയായി. ഇന്ത്യൻ നിക്ഷേപങ്ങൾ സുഗമമാക്കാനും ഉഭയകക്ഷി വിതരണശൃംഖലകളും സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധവും ശക്തമാക്കാനും ഗോയൽ ഊന്നൽ നൽകി. ഈജിപ്ത് വ്യവസായ മന്ത്രി എൻജിനിയർ ഖാലിദ് ഹാഷിമുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വ്യവസായ സഹകരണം, ഉൽപ്പാദന പങ്കാളിത്തം, നിക്ഷേപബന്ധങ്ങൾ എന്നിവ ശക്തമാക്കാനുള്ള അവസരങ്ങൾ പരിശോധിച്ചു. വ്യവസായവികസനം, സാങ്കേതിക പങ്കാളിത്തം, സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരംഭങ്ങളുടെ വികസനം, വ്യവസായ ഓട്ടോമേഷൻ, നൂതന ഉൽപ്പാദനരീതികൾ എന്നിവയിലെ സഹകരണവും ചർച്ച ചെയ്തു.

മുന്നൂറിലേറെ കമ്പനികൾ പങ്കെടുത്ത വ്യാപാരവേദി

ഇന്ത്യ–ഈജിപ്ത് ബിസിനസ് ഫോറത്തിൽ ഇരുരാജ്യങ്ങളിൽ നിന്നായി മുന്നൂറിലേറെ കമ്പനികൾ പങ്കെടുത്തു. തന്ത്രപ്രധാന പങ്കാളിത്തത്തിന് കീഴിൽ വ്യാപാരം, നിക്ഷേപം, ഉൽപ്പാദനം എന്നിവയിലെ സഹകരണം വിപുലപ്പെടുത്താനുള്ള വേദിയായി പരിപാടി മാറി. വിവിധ മേഖലകളിലെ വ്യവസായ പ്രമുഖരും മുതിർന്ന കമ്പനി പ്രതിനിധികളും പങ്കെടുത്ത ഫോറത്തെ പീയൂഷ് ഗോയലും മുഹമ്മദ് ഫരീദ് സാലെയും അഭിസംബോധന ചെയ്തു. നവംബർ 15, 16 തീയതികളിലെ ഗോയലിന്റെ ഔദ്യോഗിക ഈജിപ്ത് സന്ദർശനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഈജിപ്തിലെ നിക്ഷേപ–സ്വതന്ത്ര മേഖലാ ജനറൽ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മുഹമ്മദ് അവാദ്, ഇന്ത്യൻ ചേംബറുകളുടെ ഫെഡറേഷനായ ഫിക്കിയുടെ പ്രസിഡന്റും സൻമാർ ഗ്രൂപ്പ് ചെയർമാനുമായ വിജയ് ശങ്കർ, ഈജിപ്ഷ്യൻ ചേംബറുകളുടെ ഫെഡറേഷൻ പ്രസിഡന്റ് അഹമ്മദ് എൽ വക്കീൽ എന്നിവർ ഉദ്ഘാടനസമ്മേളനത്തിൽ സംസാരിച്ചു. ഇന്ത്യ–ഈജിപ്ത് നയതന്ത്രബന്ധത്തിന്റെ എൺപതാം വാർഷികമായ 2027ന് മുന്നോടിയായി നാലിന പ്രവർത്തനപരിപാടി ഗോയൽ നിർദേശിച്ചു. കണ്ടെത്തിയ വ്യാപാരതടസ്സങ്ങൾ സമയപരിധിക്കുള്ളിൽ പരിഹരിക്കുക, ഇൻവെസ്റ്റ് ഇന്ത്യയുടെ സഹായത്തോടെ ഇന്ത്യൻ സംസ്ഥാനങ്ങളിലും വ്യവസായകേന്ദ്രങ്ങളിലും ഈജിപ്ഷ്യൻ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, വലിയ കമ്പനികളുടെ വിതരണക്കാരെയും പങ്കാളിത്തത്തിൽ ഉൾപ്പെടുത്തി ചെറുസംരംഭങ്ങൾക്ക് അവസരമൊരുക്കുക, പുരോഗതി വിലയിരുത്താനും ചർച്ചകൾ കരാറുകളാക്കി മാറ്റാനും വാർഷിക അവലോകനങ്ങൾ സ്ഥിരം സംവിധാനമാക്കുക എന്നിവയാണവ. “വർഷങ്ങൾക്കുശേഷം ആരെങ്കിലും ഈ ദശകത്തെക്കുറിച്ച് പഠിക്കുമ്പോൾ, ‘ഇന്ത്യയ്‌ക്കൊപ്പം ഈജിപ്തിൽ നിർമിച്ചത്’, ‘ഈജിപ്തിനൊപ്പം ഇന്ത്യയിൽ നിർമിച്ചത്’ എന്ന് രേഖപ്പെടുത്തിയ ഉൽപ്പന്നങ്ങളുള്ള ഫാക്ടറികൾ അവർ കാണട്ടെ” എന്നും ഗോയൽ പറഞ്ഞു.

ഈജിപ്തിലെ നിക്ഷേപാവസരങ്ങളെക്കുറിച്ചുള്ള പ്രത്യേക സമ്മേളനത്തിൽ നിക്ഷേപ–സ്വതന്ത്ര മേഖലാ ജനറൽ അതോറിറ്റിയുടെയും സൂയസ് കനാൽ സാമ്പത്തികമേഖലയുടെയും മുതിർന്ന പ്രതിനിധികൾ വ്യവസായ–നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ചു. മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന സ്ഥാനം, വികസിക്കുന്ന തുറമുഖങ്ങളും ചരക്കുനീക്ക അടിസ്ഥാനസൗകര്യങ്ങളും, ആഫ്രിക്കൻ–അറബ്–യൂറോപ്യൻ വിപണികളിലേക്കുള്ള പ്രവേശനം എന്നിവ ഉൽപ്പാദനവും കയറ്റുമതിയും ലക്ഷ്യമിടുന്ന ഇന്ത്യൻ സംരംഭങ്ങൾക്ക് അവസരമൊരുക്കുന്നു. ഈജിപ്തിൽ പ്രവർത്തിക്കുന്ന ടി.സി.ഐ. സൻമാർ, ഗാലക്സി കെമിക്കൽ, അബ്ദോസ് എന്നീ ഇന്ത്യൻ കമ്പനികളുടെ അനുഭവങ്ങൾ പങ്കുവെച്ച സമ്മേളനവും നടന്നു. ഈജിപ്തിലെ വ്യാവസായിക ഉൽപ്പാദനം, തൊഴിൽ, സാങ്കേതികവികസനം, കയറ്റുമതി, പ്രാദേശിക വിതരണശൃംഖലകളുമായുള്ള ബന്ധം എന്നിവയ്ക്ക് ഇന്ത്യൻ നിക്ഷേപങ്ങൾക്ക് നൽകാനാകുന്ന സംഭാവനയാണ് ഇവയുടെ സാന്നിധ്യം വ്യക്തമാക്കിയത്. എൻജിനിയറിങ്–വൈദ്യുത ഉപകരണങ്ങൾ, രാസവസ്തുക്കൾ, വളം, ഔഷധങ്ങൾ, തുണിത്തരങ്ങൾ, ഭക്ഷ്യസംസ്കരണം, വാഹനഘടകങ്ങൾ, പുനരുപയോഗ ഊർജം, ചരക്കുനീക്കം എന്നിവയിലെ സഹകരണം ഇരുരാജ്യങ്ങളുടെയും വ്യവസായ പ്രതിനിധികൾ പരിശോധിച്ചു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ ഈജിപ്തിലെ ഡിജിറ്റൽ സാങ്കേതികവിദ്യ–പരിവർത്തന മേഖലയിലുള്ളവരും പ്രമുഖ ഇന്ത്യൻ സ്റ്റാർട്ടപ്പുകളും സാങ്കേതിക കമ്പനികളും പങ്കെടുത്തു. ഗ്ലോബൽ ഫോർ സ്മാർട്ട് സൊല്യൂഷൻസ് ചെയർമാൻ എൻജിനിയർ അയ്മൻ എൽ ഗോഹരി ചർച്ച നയിച്ചു. ഈജിപ്തിൽനിന്ന് വിവരസാങ്കേതിക വ്യവസായ വികസന ഏജൻസിയിലെ എൻജിനിയർ മഹ്മൂദ് സൊഫ്രാറ്റ, എ.ജി.എക്സിലെ ഫാദി ഇസ്മായിൽ, നാഷണൽ സിസ്റ്റത്തിലെ ഡോ. കരീം ഹംസ, ഇറാം ഹോൾഡിങ്ങിലെ ഡോ. സിദ്ദീഖ് അഹമ്മദ് എന്നിവർ പങ്കെടുത്തു. ഇന്ത്യയിൽനിന്ന് സോഹോയിലെ രാജേഷ് രംഗനാഥനും ഡാറ്റാമോർഫോസിസിലെ പ്രദീപ് ഗിൽബിലെയും പങ്കെടുത്തു. സ്ഥാപനങ്ങൾക്കുള്ള സാങ്കേതികവിദ്യ, ഡിജിറ്റൽ പരിഹാരങ്ങൾ, പുതുമകൾ, വ്യവസായ പങ്കാളിത്തം എന്നിവയിലെ അവസരങ്ങളായിരുന്നു ചർച്ചാവിഷയങ്ങൾ.

Image

സംയുക്ത വ്യവസായ കൗൺസിലിൽ പുതിയ സഹകരണസാധ്യതകൾ

ഇതേ ദിവസം നേരത്തെ പുതിയ ഭരണതലസ്ഥാനത്ത് ആറാമത് ഇന്ത്യ–ഈജിപ്ത് സംയുക്ത വ്യവസായ കൗൺസിൽ യോഗവും നടന്നു. ഗോയലും മന്ത്രി സാലെയും യോഗത്തെ അഭിസംബോധന ചെയ്തു. ഇന്ത്യൻ ഭാഗത്തുനിന്ന് ടി.സി.ഐ. സൻമാർ കെമിക്കൽസിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഗണേഷ് കുമാറും ഈജിപ്ത് ഭാഗത്തുനിന്ന് മകാരെം ടെക്സിലെ ഖാലിദ് അബുൽ മകാരെമും സംയുക്തമായി അധ്യക്ഷത വഹിച്ചു. ഫിക്കി പ്രസിഡന്റ് വിജയ് ശങ്കറും സംസാരിച്ചു. രാസവസ്തുക്കളും പെട്രോകെമിക്കൽസും, ഔഷധങ്ങളും ആരോഗ്യപരിചരണവും, ഭക്ഷ്യസംസ്കരണവും കാർഷികവ്യാപാരവും, പുനരുപയോഗ ഊർജവും ഹരിത ഹൈഡ്രജനും, അടിസ്ഥാനസൗകര്യങ്ങൾ, തുറമുഖങ്ങൾ, ചരക്കുനീക്കം, വിവരസാങ്കേതികവിദ്യ, ഡിജിറ്റൽ സേവനങ്ങൾ, തുണിത്തരങ്ങൾ, വാഹനനിർമാണം എന്നിവയിൽ കേന്ദ്രീകരിച്ചായിരുന്നു ചർച്ച. വ്യവസായ സംഘടനകൾ തമ്മിലുള്ള സ്ഥാപനപരമായ ബന്ധം ശക്തമാക്കാനുള്ള വഴികളും പരിശോധിച്ചു. മേഖലാടിസ്ഥാനത്തിലുള്ള പ്രവർത്തകസംഘങ്ങൾ രൂപീകരിക്കാനുള്ള സാധ്യത, കസ്റ്റംസ്–വ്യാപാര നടപടികൾ സുഗമമാക്കൽ, ബിസിനസ് വിസകൾ, 2026–27ൽ പരസ്പരം വ്യാപാരപ്രതിനിധി സംഘങ്ങളെ അയയ്ക്കുന്നതിനുള്ള പരിപാടിപ്പട്ടിക എന്നിവയും ചർച്ചയായി.

ബിസിനസ് ഫോറവും സംയുക്ത വ്യവസായ കൗൺസിൽ യോഗവും ഇന്ത്യയുടെയും ഈജിപ്തിന്റെയും സമ്പദ്‌വ്യവസ്ഥകൾക്ക് പരസ്പരം നൽകാനാകുന്ന കരുത്ത് വ്യക്തമാക്കി. വലുതും വളരുന്നതുമായ വിപണി, മത്സരക്ഷമമായ ഉൽപ്പാദനം, എൻജിനിയറിങ്–ഡിജിറ്റൽ കഴിവുകൾ എന്നിവയാണ് ഇന്ത്യയുടെ കരുത്ത്. സ്ഥാപിതമായ വ്യവസായ അടിത്തറ, തന്ത്രപ്രധാന ഗതാഗതബന്ധങ്ങൾ, വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി, ആഫ്രിക്കയിലെയും വിശാലമായ മേഖലയിലെയും വിപണികളിലേക്കുള്ള പ്രവേശനം എന്നിവ ഈജിപ്തും നൽകുന്നു. ഉഭയകക്ഷി വ്യാപാരം 650 കോടി ഡോളറിലേറെയാണ്. ഈജിപ്തിലെ ഇന്ത്യൻ നിക്ഷേപം ഇതിനകം 550 കോടി ഡോളർ കടന്നു. ഇരുദിശയിലുമുള്ള നിക്ഷേപം വർധിപ്പിക്കുക, സംയുക്ത ഉൽപ്പാദനം വിപുലപ്പെടുത്തുക, സാങ്കേതിക പങ്കാളിത്തം ശക്തമാക്കുക, ആഭ്യന്തര–അന്താരാഷ്ട്ര വിപണികൾക്കായി വിതരണശൃംഖലകൾ വികസിപ്പിക്കുക എന്നിവയിൽ വലിയ സാധ്യതയുണ്ടെന്നാണ് ഇരുപക്ഷത്തിന്റെയും വിലയിരുത്തൽ. സെപ്റ്റംബറിലെ ബ്രിക്സ് ഉച്ചകോടിക്കിടെ നടന്ന മോദി–അൽ സിസി കൂടിക്കാഴ്ചയ്ക്ക് പിന്നാലെയുള്ള ഗോയലിന്റെ സന്ദർശനവും മുന്നൂറിലേറെ കമ്പനികൾ പങ്കെടുത്ത ബിസിനസ് ഫോറവും സംയുക്ത വ്യവസായ കൗൺസിലിലെ ചർച്ചകളും തന്ത്രപ്രധാന പങ്കാളിത്തത്തിന് കീഴിൽ സാമ്പത്തികബന്ധം കൂടുതൽ ശക്തമാക്കാനുള്ള ഇരുരാജ്യങ്ങളുടെയും പൊതുലക്ഷ്യമാണ് വ്യക്തമാക്കുന്നത്.

Image

 

Share

Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

About സമദർശി ന്യൂസ് സർവീസ്

View all posts by സമദർശി ന്യൂസ് സർവീസ് →

Leave a Reply

Your email address will not be published. Required fields are marked *