കോവിഡ് ചികിത്സയിലായിരുന്ന തോമസ് ഐസക്കിന്റെ അസുഖം മാറി ആശുപത്രി വിട്ടു

തിരുവനന്തപുരം: കോവിഡ് ചികിത്സയിലായിരുന്ന തോമസ് ഐസക്കിന്റെ അസുഖം മാറി ആശുപത്രി വിട്ടു. 09 -09 – 2020 നാണ് തോമസ് ഐസക്കിന്റെ ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. 10 ദിവസത്തിനുശേഷം 15-09-2020 ചൊവ്വാഴ്ചയാണ് ടെസ്റ്റ് നെഗറ്റീവായി ആശുപത്രി വിട്ടു. അസുഖമായി ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ ഫോൺ വിളി കർശനമായി നിയന്ത്രിച്ചുവെന്നും മെസ്സേജ് അയക്കാമെന്നും മാധ്യമ സമൂഹമാധ്യമത്തിൽ കുറിച്ച അദ്ദേഹം വിടുന്നതിനു മുമ്പ് തൻറെ അനുഭവവും ഫേസ്ബുക്കിൽ കുറിച്ചു. കുറുപ്പിൻറെ പൂർണ്ണരൂപം:

ഇന്നു കോവിഡ് ആശുപത്രി വിടുന്നു. ഇനി 7 ദിവസം വീട്ടിൽ ക്വാറന്റൈൻ. ഇന്നുകാലത്ത് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ്. 6-ാം തീയതിയാണ് ടെസ്റ്റ് ചെയ്തു പോസിറ്റീവായി കണ്ടെത്തിയത്. 10 ദിവസംകൊണ്ട് ഭേദമായി.

ആദ്യത്തെ പാഠം നമ്മൾ എല്ലാവരും പാലിക്കേണ്ട അതീവജാഗ്രതയെക്കുറിച്ചാണ്. വെഞ്ഞാറമൂട് രക്തസാക്ഷികളുടെ മൃതദേഹം ഏറ്റുവാങ്ങാൻ പോയത്. അവിടുത്തെ വൈകാരികത ആൾക്കൂട്ടത്തിനിടയിൽ ശാരീരിക അകലവും മറ്റും പാലിക്കുക ബുദ്ധിമുട്ടായിരുന്നു. എല്ലാവർക്കും മുഖം മൂടിയുണ്ടായിരുന്നു. സാനിറ്റൈസറും സുലഭം. പക്ഷെ, ഏത് ആൾക്കൂട്ടവും വ്യാപന സാധ്യത പലമടങ്ങ് ഉയർത്തും എന്നത് അനുഭവം.

എന്റെ രോഗലക്ഷണം കഠിനമായ ക്ഷീണമായിരുന്നു. ഞായറാഴ്ച രാവിലെ മുതൽ 20 ഓളം പേരുമായി വീഡിയോ കോൺഫറൻസു വഴി ഇന്ററാക്ഷൻ ഉണ്ടായിരുന്നു. സാധാരണ ഇത്തരം പ്രവർത്തനങ്ങൾ എത്ര മണിക്കൂർ നീണ്ടാലും ക്ഷീണം തോന്നാറില്ല. പക്ഷെ, ഇപ്രാവശ്യം യോഗങ്ങൾക്കിടയിൽ കിടക്കണമെന്ന് കലശലായ തോന്നൽ. വൈകുന്നേരമായപ്പോഴേയ്ക്കും ശ്വാസംമുട്ടലും. പിന്നെ വൈകിപ്പിച്ചില്ല. ആദ്യത്തെ ടെസ്റ്റ് എന്റേത്. പോസിറ്റീവ്. വീട്ടിലുള്ള എല്ലാവരെയും ടെസ്റ്റ് ചെയ്തു. വേറെയാർക്കും പ്രശ്നമില്ല. ഞാൻ മാത്രം ആശുപത്രിയിലേയ്ക്ക്. ബാക്കിയുള്ളവർ എന്റെ വീട്ടിൽ ക്വാറന്റൈൻ. പിന്നീട് ഡ്രൈവർക്കും ഗാർഡിനും കോവിഡ് സ്ഥിരീകരിച്ചു.

രാത്രിയും പിറ്റേന്ന് പകലുമായി സമ്പൂർണ്ണ ചെക്ക് അപ്പ്. ചികിത്സ തേടുന്നതിൽ കാലതാമസം ഒട്ടും ഉണ്ടായില്ല. അതു നന്നായി. വൈറൽ ലോഡ് കുറവ്. ഉടനെ ആവശ്യമായ സ്റ്റിറോയിഡ് ആന്റി വൈറൽ ഫ്ലൂയിഡുകളും തുടങ്ങിയതുകൊണ്ട് ശ്വാസംമുട്ടൽ മൂർച്ഛിച്ചില്ല. കുറച്ചുദിവസം ഫോൺ നിർത്തിവെച്ചതൊഴിച്ചാൽ.

എന്റെ ലക്ഷണങ്ങൾ- കലശലായ ക്ഷീണം, വർത്തമാനം പറഞ്ഞാൽ ശ്വാസംമുട്ടൽ, ഭക്ഷണത്തോടു വിരക്തി. ദേഷ്യം പെട്ടെന്നുവരുന്നു. സ്റ്റിറോയിഡുകൾമൂലമാകാം പ്രമേഹത്തിന്റെ കയറ്റിറക്കങ്ങൾ. ആദ്യമായി ഇൻസുലിൻ കുത്തിവച്ചു. ദിവസവും ഒട്ടനവധി തവണ ടെസ്റ്റിംഗ്. ഉറക്കം താളംതെറ്റി. മൂന്നാം ദിവസം ഉറക്കമേ കമ്മിയായി. ശുണ്ഠികൂടി. ചെറിയ തോതിൽ ഉറക്കഗുളിക. ഇപ്പോൾ എല്ലാം സാധാരണ നിലയായി.

ഒരു നല്ല തീരുമാനം എടുത്തത്, ഐസിയുവിൽ പോകേണ്ട എന്നു തീരുമാനിച്ചതാണ്. അതിന്റെ ഗൗരവം ഇല്ലായെന്നു ഡോക്ടർ തന്നെ സമ്മതിച്ചു. എങ്കിൽ പിന്നെ ഗൗരവരോഗമുള്ളവരുമായുള്ള സഹവാസം ഒഴിവാക്കാമല്ലോ.

ഡോ. അരവിന്ദാണ് മേധാവി. എല്ലാ ദിവസവും റൗണ്ട്സ് ഉണ്ട്. അതിരുകവിഞ്ഞ സംരക്ഷണത്തിലൊന്നും വിശ്വാസമില്ല എന്നുതോന്നും. മാസ്കും ഷീൽഡും പൊതുവിലുള്ള കിറ്റും നമ്മളെ റിലാക്സ് ആക്കും. കോവിഡിനെക്കുറിച്ചുള്ള ചർച്ചകൾ കുറച്ചു വിവരം തന്നു. പുതിയ അറിവുകളിൽ ചിലവ.

(1) കോവിഡ് ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ സുരക്ഷിതരാണ്. അത്യപൂർവ്വമായേ രോഗത്തിന് ഇരയാകുന്നുള്ളൂ. മറ്റു പൊതുചികിത്സയിലെ ആരോഗ്യ പ്രവർത്തകരെയാണ് കോവിഡ് ബാധിക്കുന്നത്.
(2) ഐസിയുവിലെ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ പോക്ക് അപകടകരമാണ്. കേരളത്തിലെ മരണനിരക്ക് 0.4 ആണ്. ഈ സ്ഥിതിയിൽ മാറ്റമുണ്ടാകാം.
(3) കാരണം വ്യാപന നിരക്ക് ഇപ്പോൾ 1-2 നും ഇടയ്ക്കാണ്. ഒരു രോഗി ഒന്നിലേറെ പേർക്ക് രോഗം പകരുന്നു.
(4) ഇത് ഐസിയു ബെഡ്ഡുകളുടെമേൽ സമ്മർദ്ദം കൂട്ടും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ രോഗികളിൽ രണ്ടുതരക്കാരാണ്. പ്രായംചെന്നവർ. അതോടൊപ്പം പൊണ്ണത്തടിയൻമാരായ ചെറുപ്പക്കാർ.

ഡോ. അരവിന്ദിന്റെ അഭിപ്രായത്തിൽ റെസ്റ്റാണ് പ്രധാനം. രോഗിയായിരിക്കുമ്പോൾ വ്യായാമത്തോട് അത്ര പ്രതിപത്തിയില്ലെന്നു തോന്നി. എന്റെ കാര്യത്തിൽ രണ്ടാഴ്ചയെങ്കിലും കഴിഞ്ഞേ സാധാരണ പ്രവർത്തനത്തിലേയ്ക്ക് മാറാൻ പാടുള്ളൂ എന്നാണ് ഉപദേശം. പതുക്കെ പതുക്കെ നടക്കുന്ന ദൂരം വർദ്ധിപ്പിക്കുക. സൂക്ഷിക്കേണ്ട ഹോം പ്രോട്ടോക്കോൾ കൃത്യമായി എഴുതിത്തന്നെ തന്നിട്ടുണ്ട്. ഇതിനിടയ്ക്ക് സുഖവിവരങ്ങൾ തിരക്കാൻ ആശുപത്രി സൂപ്രണ്ട് ഡോ. ഷർമ്മദും എത്തുമായിരുന്നു.

ഇനി യാത്രപറയേണ്ട താമസമേയുള്ളൂ. ലിഫ്റ്റ് പണിമുടക്കിയിരിക്കുകയാണ്. അതുശരിയാവാൻ കുറച്ചു സമയം എടുക്കും. എല്ലാ സ്റ്റാഫിനും ഒരു മധുപലഹാര പൊതി നൽകാൻ തയ്യാറാക്കിയിട്ടുണ്ട്. അവരുടെയൊക്കെ പേര് പറയുന്നില്ല. മരുന്നും ഭക്ഷണവും മാത്രമല്ല, ഓരോരുത്തരും അവരുടേതായ രീതിയിൽ കൗൺസിലിംഗും തരുന്നുണ്ട്. ഉപദേശമൊന്നുമല്ല. വെറും വർത്തമാനം. അവരുടെ വീട്ടുവിശേഷങ്ങൾ. എനിക്ക് ഏറ്റവും കൗതുകം അവരുടെ കൊച്ചുകുട്ടികൾ അമ്മമാരുടെ 10-13 ദിവസത്തെ വിട്ടുനിൽക്കൽ എങ്ങനെ എടുക്കുന്നു എന്നതാണ്. അവർ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ദിനംതോറുമുള്ള ഫോൺ വിളികൾ. കുട്ടികളുടെ നിർദ്ദേശങ്ങൾ. കുത്തുമ്പോൾ വേദനിപ്പിക്കരുത്. കയ്ക്കുന്ന മരുന്നിനോടൊപ്പം തേൻ കൊടുക്കണം. എന്നിത്യാദി. ചിരിക്കാൻ ഏറെയുണ്ടാവും.

അസുഖം ഏറെ ഭേദമായെങ്കിലും രണ്ടു പ്രശ്നങ്ങൾ പൊതുവായിട്ടുണ്ട്. ഡയബറ്റിക്സ് അൽപം കൂടുതലാണ്. ചെറിയ ശ്വാസം മുട്ടലുമുണ്ട്. അതുകൊണ്ട് ഫോൺ വിളികൾ കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ദയവായി ഫോൺ ഒഴിവാക്കുക. എടുക്കാൻ കഴിയില്ല.. അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കിൽ മെസേജ് അയച്ചാൽ മതി. തീർച്ചയായും മറുപടി ലഭിക്കും. നടപടിയും ഉറപ്പാക്കും.

ഞാൻ അഡ്മിറ്റ് ആയതിന്റെ രണ്ടാം ദിവസം ഹൈക്കോടതിയ്ക്കു മുന്നിലാരോ സമരം നടത്തിയിരിക്കുന്നു എന്ന വാർത്ത വായിച്ചിരുന്നു. അത് രാഷ്ട്രീയഉദ്ദേശം വെച്ച് പ്രതിപക്ഷം നടത്തുന്ന സമരത്തിന്റെ കണക്കിൽപ്പെടുത്തുന്നില്ല. പക്ഷേ, ഇത്രയും ബുദ്ധിയുള്ള ആളുകൾക്ക് എന്തുകൊണ്ട് കാര്യങ്ങൾ മനസിലാകുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. രോഗം വന്ന എല്ലാവരും മരിക്കില്ല. രണ്ടു ശതമാനം പേരെ മരിക്കുന്നുള്ളൂ. കടുത്ത രോഗലക്ഷണങ്ങളില്ലെങ്കിൽ വീട്ടിൽ കഴിഞ്ഞാൽ മതി. ഗൗരവമായാൽ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കും. അതിനുള്ള സൗകര്യമുണ്ട്. രോഗം വന്ന എല്ലാവരെയും ആശുപത്രിയിൽ കിടത്തേണ്ട കാര്യമില്ല.

കോവിഡ് ബാധിച്ച എല്ലാവരും മരിക്കില്ല എന്നാണ് അവർ പറയുന്നത് . ലളിതമായ യാഥാർത്ഥ്യമാണ്. എന്നാൽ കേരളം സ്വീകരിച്ചിരിക്കുന്ന നിലപാട് ട്രംപും മറ്റും സ്വീകരിച്ചിരിക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ്. അവർ പറയുന്നത് കുറച്ചധികം പേർ മരിച്ചുപോകും. അതനുസരിച്ച് ജീവിച്ചാൽ മതിയെന്നാണ്. എന്നാൽ ഇവിടെ ആരെയും മരണത്തിനു വിട്ടുകൊടുക്കാൻ തയ്യാറല്ല. ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ആരോഗ്യവകുപ്പ് ചെയ്യും. ആ ജാഗ്രത കർശനമായി പാലിക്കുന്നതുകൊണ്ടാണ് കേരളത്തിൽ മരണനിരക്ക് ഏറ്റവും കുറഞ്ഞു നിൽക്കുന്നത്.

ഈ ലക്ഷ്യം നേടുന്നതിന് രണ്ടുകാര്യം ചെയ്യണം. പ്രായം ചെന്നവരും രോഗാതുരത കൂടിയവരും നിർബന്ധമായും വീട്ടിലിരിക്കണം. അല്ലാത്തവർക്ക് പുറത്തു പോകാം. അതിന് അനുവാദം നൽകിയിട്ടുണ്ട്. ഇങ്ങനെ പുറത്തിറങ്ങുന്നവർ ഒരുകാര്യം ഓർമ്മിക്കുക. വീട്ടിൽ റിവേഴ്സ് ക്വാറന്റൈനിൽ കഴിയുന്നവരുണ്ട്. അതുകൊണ്ട് പുറത്തിറങ്ങുന്നവർ കർശനമായി കോവിഡ് പ്രോട്ടോക്കോൾ പാലിക്കുക. നിർബന്ധമായും മാസ്ക് ധരിക്കണം. ശാരീരിക അകലം പാലിക്കുന്നതിൽ ഒരുവിട്ടുവീഴ്ചയും അരുത്. സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയ ശേഷമേ വീട്ടിൽ കയറാവൂ.

ഇനി ഏതെങ്കിലും കാരണവശാൽ രോഗം പിടിപെട്ടുപോയാലോ? എല്ലാ ചികിത്സാ സൌകര്യവും ഒരുക്കിയിട്ടുണ്ട്. തീവ്രപരിചരണവിഭാഗം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കാനുള്ള നടപടികൾ പൂർത്തിയാവുകയാണ്. അതുകൊണ്ട് ഓർമ്മിക്കേണ്ടത്, ആശുപത്രികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ അപ്പുറത്തേയ്ക്ക് രോഗവ്യാപനം കടന്നാൽ, സ്ഥിതി ഗുരുതരമാകും. അമേരിക്കയിലും ഇറ്റലിയിലും സ്പെയിനിലും ഉണ്ടായതുപോലെ കൂട്ടമരണം ഉണ്ടാകും. അത് അനുവദിക്കാനാവില്ല.

അതുകൊണ്ട് നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരും. അത് ജനങ്ങളെ ബോധ്യപ്പെടുത്തി ചെയ്യാനാണ് ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതൊന്നും പോലീസ് രാജൊന്നുമല്ല. അത്യാവശ്യത്തിനുള്ള നടപടികൾ മാത്രമേ സ്വീകരിക്കുന്നുള്ളൂ.

ഒരിക്കൽക്കൂടി പറയട്ടെ, ജാഗ്രതയാണ് മുഖ്യം. മുഖ്യമന്ത്രി പറഞ്ഞതുപോലെ മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, അകലം പാലിക്കുക, ആൾക്കൂട്ടത്തെ ഒഴിവാക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →