അഗര്‍ത്തല നവംബര്‍ 16: ത്രിപുര ഹൈക്കോടതിയുടെ അഞ്ചാമത്തെ ചീഫ് ജസ്റ്റിസായി അഖില്‍ അബ്ദുള്‍ഹമീദ് ഖുറേഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. പഴയ രാജ്ഭവനില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ ത്രിപുര ഗവര്‍ണര്‍ രമേഷ് ബയസ് ഖുറേഷിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ആഴ്ച പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ സജ്ഞയ് കരോളായിരുന്നു മുന്‍ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ഹൈക്കോടതി ജഡ്ജിമാര്‍ അടക്കമുള്ള സംഘം ഖുറേഷിയോടൊപ്പം എത്തിയിരുന്നു.
എല്‍എല്‍ബിയില്‍ ബിരുദം നേടിയ ഖുറേഷി 1983ലാണ് അഭിഭാഷകനായി തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2004ല്‍ ഗുജറാത്ത് ഹൈക്കോടതി അഡീഷണല്‍ ജഡ്ജായി നിയമിതനായി.

