ന്യൂഡൽഹി / 2026 / നവംബർ 13
..ദേശീയ ഗോത്ര സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന് ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നവംബർ 12ന് തുടക്കമായി. ജനജാതീയ ഗൗരവ് ദിവസ് പക്ഷാചരണത്തിന്റെ ഭാഗമായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയമാണ് രണ്ടുദിവസത്തെ ഉത്സവം സംഘടിപ്പിക്കുന്നത്. വാമൊഴിപാരമ്പര്യത്തിൽനിന്ന് സമകാലിക ഗോത്രസാഹിത്യത്തിലേക്കുള്ള വളർച്ചയാണ് പ്രമേയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഗോത്ര എഴുത്തുകാരും കവികളും ഗവേഷകരും ഭാഷാവിദഗ്ധരും തങ്ങളുടെ രചനകളും ആശയങ്ങളും പങ്കുവയ്ക്കാനെത്തിയിട്ടുണ്ട്. കേന്ദ്ര ഗോത്രകാര്യ മന്ത്രി ജുവൽ ഓറം, സഹമന്ത്രി ദുർഗാദാസ് ഉയ്കെ, നീതി ആയോഗ് അംഗം ഡോ. ജോറം അനിയ, ഭാരതീയ ഭാഷാ സമിതി അധ്യക്ഷനും പത്മശ്രീ ജേതാവുമായ ചാമു കൃഷ്ണശാസ്ത്രി, ഗോത്രകാര്യ സെക്രട്ടറി രഞ്ജന ചോപ്ര, ജോയിന്റ് സെക്രട്ടറി അനന്ത് പ്രകാശ് പാണ്ഡെ എന്നിവർ ചേർന്ന് വിളക്കുതെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയാണ് ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ജനജാതീയ ഗൗരവ് ദിവസ് ആയി പ്രഖ്യാപിച്ചത്. സമ്പന്നമായ ഗോത്രപൈതൃകം ആഘോഷിക്കാനും ഗോത്രനായകരുടെ സംഭാവനകൾ ദേശീയബോധത്തിന്റെ ഭാഗമാക്കാനുമായിരുന്നു തീരുമാനം. ഈ കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകുന്നതാണ് സാഹിത്യോത്സവം. പ്രധാനമന്ത്രിയുടെ മാർഗനിർദേശത്തിൽ ഗോത്രസാഹിത്യവും ഭാഷകളും വാമൊഴിപാരമ്പര്യവും ആഘോഷിക്കുന്ന പരിപാടി, അദ്ദേഹത്തിന്റെ ‘പൈതൃകവും വികസനവും ഒരുമിച്ച്’ എന്ന ആശയവും ഉയർത്തിപ്പിടിക്കുന്നു. പൈതൃകത്തിൽനിന്ന് കരുത്താർജിക്കുന്ന വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഗോത്രഭാഷകളും അറിവുസമ്പത്തും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ദേശീയ മുഖ്യധാരയുമായി ബന്ധിപ്പിക്കുകയുമാണ് ഉദ്ദേശ്യം. ഗോത്രസമൂഹങ്ങളുടെ അറിവിനും പാരമ്പര്യത്തിനും ദേശീയ അംഗീകാരം ലഭിക്കണമെന്ന് സ്വാഗതപ്രസംഗത്തിൽ അനന്ത് പ്രകാശ് പാണ്ഡെ പറഞ്ഞു. സമ്പന്നമായ വാമൊഴിപാരമ്പര്യത്തെ ലിഖിതസാഹിത്യത്തിലേക്ക് എത്തിക്കുന്ന പാലമായി പുതിയ തലമുറയിലെ ഗോത്ര എഴുത്തുകാർ പ്രവർത്തിക്കണം. പൂർവികരുടെ അറിവ് വരുംതലമുറകൾക്കും രാജ്യത്തിനാകെയും കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. ഗോത്ര എഴുത്തുകാർക്കും പ്രസാധകർക്കും വേദിയൊരുക്കുന്നതോടൊപ്പം മുതിർന്നവരും യുവാക്കളുമായ എഴുത്തുകാർ തമ്മിലുള്ള സംവാദത്തിനും ഉത്സവം അവസരമൊരുക്കുന്നുവെന്ന് രഞ്ജന ചോപ്ര വ്യക്തമാക്കി. ഗോത്രഭാഷകളും സാംസ്കാരിക പാരമ്പര്യങ്ങളും സംരക്ഷിക്കണം. വാമൊഴിപാരമ്പര്യങ്ങൾ മാഞ്ഞുപോകുന്നതിനുമുമ്പ് രേഖപ്പെടുത്തണം. ഗോത്രപൈതൃകത്തിന് ദേശീയ അംഗീകാരം ഉറപ്പാക്കി വരുംതലമുറകൾക്കായി കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. രണ്ടാം പതിപ്പിലെത്തിയ സാഹിത്യോത്സവം വരുംവർഷങ്ങളിലെ എല്ലാ പക്ഷാചരണങ്ങളിലും വാർഷിക പരിപാടിയായി തുടരുമെന്നും രഞ്ജന ചോപ്ര അറിയിച്ചു.

ഭാഷയും പാരമ്പര്യവും സംരക്ഷിക്കാൻ കൂട്ടായ പ്രവർത്തനം
അറിവിന്റെ ശക്തി, പ്രവർത്തനശക്തി, ഇച്ഛാശക്തി എന്നിവയിലാണ് ഒരു രാജ്യത്തിന്റെ ഉണർവ് നിലനിൽക്കുന്നതെന്ന് ചാമു കൃഷ്ണശാസ്ത്രി പറഞ്ഞു. ഇച്ഛാശക്തിയിലൂടെ മഹത്തായതും സമൃദ്ധവും ഐക്യമുള്ളതുമായ ഇന്ത്യയെ കെട്ടിപ്പടുക്കാൻ രാജ്യത്തെ ഉണർത്താനാകും. നാനാത്വത്തിലെ ഏകത്വത്തിന്റെയും ദേശീയ അഖണ്ഡത ശക്തിപ്പെടുത്തുന്നതിൽ ഭാഷയ്ക്കുള്ള പങ്കിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആത്മാഭിമാനവും പുരാതന പാരമ്പര്യങ്ങളും ഗോത്രാഭിമാനവും ആഘോഷിക്കുന്ന ചരിത്രസംഗമമാണ് ഉത്സവമെന്ന് ഡോ. ജോറം അനിയ വിശേഷിപ്പിച്ചു. ബിർസ മുണ്ടയ്ക്ക് ആദരമർപ്പിച്ച അവർ, അദ്ദേഹത്തിന്റെ ഉൽഗുലാൻ പ്രക്ഷോഭം ഗോത്രസംസ്കാരവും ഭാഷയും പാരമ്പര്യവും സ്വത്വവും സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നുവെന്ന് പറഞ്ഞു. ഇന്ത്യയുടെ യഥാർഥവും സജീവവുമായ സാഹിത്യം പുസ്തകങ്ങളിൽ മാത്രമല്ല ഉള്ളത്. ഗോത്രസമൂഹങ്ങളുടെ നാടൻപാട്ടുകളായും താരാട്ടുകളായും കഥകളായും അത് ജനഹൃദയങ്ങളിൽ ജീവിക്കുന്നുവെന്നും അവർ പറഞ്ഞു. ഗോത്രസാഹിത്യം രേഖപ്പെടുത്താൻ ഇത്തരമൊരു വേദിയൊരുക്കിയ മന്ത്രാലയത്തെ അവർ അഭിനന്ദിച്ചു. ഗോത്രപൈതൃകത്തെ ആദരിക്കുന്നതിൽ പ്രധാനമന്ത്രി നൽകിയ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് ദുർഗാദാസ് ഉയ്കെ നന്ദി അറിയിച്ചു. ബിർസ മുണ്ടയുടെ ജന്മദിനം ജനജാതീയ ഗൗരവ് ദിവസ് ആയി ആഘോഷിക്കുന്ന ചരിത്രപരമായ നടപടിയാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. ഗോത്രനായകരെയും സ്വാതന്ത്ര്യസമരസേനാനികളെയും സാമൂഹിക പരിഷ്കർത്താക്കളെയും അവരുടെ മഹത്തായ പൈതൃകത്തെയും ദേശീയബോധവുമായി ബന്ധിപ്പിക്കാനുള്ള പ്രതിജ്ഞയാണിതെന്നും അദ്ദേഹം പറഞ്ഞു. ഗോത്ര വാമൊഴിപാരമ്പര്യത്തിന്റെ സാരം വിശദീകരിക്കുന്ന പത്തിന ചട്ടക്കൂടും അദ്ദേഹം അവതരിപ്പിച്ചു. നാടോടിക്കഥകൾ, നാടൻപാട്ടുകൾ, വീരഗാഥകൾ, ഐതിഹ്യങ്ങൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, ആചാരങ്ങൾ, പ്രാർഥനകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഗോത്രഭാഷകളിലെ സാഹിത്യവും നാടൻപാട്ടുകളും നാടോടിക്കഥകളും വാമൊഴിപാരമ്പര്യവും ചിട്ടയായി രേഖപ്പെടുത്തുന്നത് അവയുടെ സംരക്ഷണത്തിന് അനിവാര്യമാണെന്ന് ജുവൽ ഓറം പറഞ്ഞു. എഴുത്തുകാർക്കൊപ്പം ഗാനരചയിതാക്കളും സംഗീതജ്ഞരും നാടൻകലാകാരന്മാരും ഡിജിറ്റൽ ഉള്ളടക്ക സ്രഷ്ടാക്കളും ഇതിൽ പങ്കാളികളാകണം. നിരവധി ഗോത്രഭാഷകൾക്ക് ലിപിയില്ല. ചില ഭാഷാഭേദങ്ങൾ വംശനാശത്തിന്റെ വക്കിലുമാണ്. ലിപിയില്ലായ്മ സംരക്ഷണത്തിന് തടസ്സമാകരുത്. നിലവിലുള്ള ഇന്ത്യൻ ഭാഷകളിലൂടെ വാമൊഴിപാരമ്പര്യം സംരക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഗോത്രസാഹിത്യത്തിന്റെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമായി സാഹിത്യ അക്കാദമിയുമായും ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സംഘടനകളുമായും മന്ത്രാലയം സഹകരിക്കും. ഗോത്രഭാഷകളും വാമൊഴിപാരമ്പര്യങ്ങളും സംരക്ഷിക്കുന്നത് വികസിത ഭാരതം 2047 കെട്ടിപ്പടുക്കുന്നതിൽ കേന്ദ്രസ്ഥാനത്തുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിഘണ്ടുവിൽ ഒതുങ്ങാതെ ജീവിതത്തിൽ നിലനിൽക്കണം പാരമ്പര്യം
‘ഗോത്രസാഹിത്യം: സമൂഹത്തിന്റെ ഓർമകളിൽനിന്ന് സമകാലിക ആവിഷ്കാരത്തിലേക്ക്’ എന്ന ആദ്യ സെഷനിൽ വാമൊഴിപാരമ്പര്യവും സാംസ്കാരിക ഓർമകളും ഇന്നത്തെ സാഹിത്യസൃഷ്ടികളും ചേർന്ന തുടർച്ചയായി ഗോത്രസാഹിത്യത്തെ വിലയിരുത്തി. പ്രൊഫ. അനിൽ കുമാർ ബോറോ ചർച്ച നയിച്ചു. കെ. വാസമല്ലി, ഡോ. ദമയന്തി ബേശ്ര, ഡോ. ധർമേന്ദ്ര പാരെ എന്നിവർ പങ്കെടുത്തു. ഭാഷയില്ലാതെ ഒരു സമൂഹത്തിന്റെ പാരമ്പര്യത്തിനും സംസ്കാരത്തിനും വളരാനാകില്ലെന്ന് നീലഗിരിയിലെ തോട സമൂഹത്തെ പ്രതിനിധീകരിച്ച കെ. വാസമല്ലി പറഞ്ഞു. ഏകദേശം രണ്ടായിരം പേർ മാത്രം സംസാരിക്കുന്ന, നിലനിൽപ്പുഭീഷണി നേരിടുന്ന തോട ഭാഷ രേഖപ്പെടുത്താനുള്ള ശ്രമങ്ങൾ അവർ വിശദീകരിച്ചു. റേഡിയോ റെക്കോർഡിങ്ങുകൾ, പ്രസിദ്ധീകരിച്ച രചന, അന്താരാഷ്ട്ര സ്വനലിപിയും പരിഷ്കരിച്ച തമിഴ് ലിപിയും ഉപയോഗിച്ച് തയ്യാറാക്കിയ 5,700 വാക്കുകളുള്ള നിഘണ്ടു എന്നിവ ഇതിൽ ഉൾപ്പെടുന്നു. തോട ജനതയ്ക്ക് പ്രകൃതിയുമായുള്ള അടുത്ത ബന്ധവും അവർ വിവരിച്ചു. തങ്ങളുടെ സമൂഹത്തിൽ വിഗ്രഹാരാധനയില്ലെന്നും മലകളാണ് ദൈവങ്ങളുടെ ക്ഷേത്രങ്ങളെന്നും അവർ പറഞ്ഞു. പവിത്രമായി കരുതുന്ന മലകളും നദികളും, പുരോഹിതർ ഉപയോഗിക്കുന്നതും കുലങ്ങൾക്ക് പേരിടുന്നതിൽ ഇടംപിടിക്കുന്നതുമായ തദ്ദേശീയ സസ്യങ്ങളോടുള്ള ആദരവും ഉൾപ്പെടെ തോട സംസ്കാരത്തിലെ പരിസ്ഥിതിബന്ധങ്ങളും അവർ പങ്കുവച്ചു. ആധുനികവൽക്കരണവും വ്യക്തികേന്ദ്രിത ചിന്തയുടെ വളർച്ചയും പരമ്പരാഗത മൂല്യങ്ങളെ ദുർബലപ്പെടുത്തുന്നതിലുള്ള ആശങ്ക പ്രൊഫ. അനിൽ കുമാർ ബോറോ ചൂണ്ടിക്കാട്ടി. ഐസ്വാളിലെ മിസോ ജനത നഗരത്തിലെ ഗതാഗതത്തിൽപ്പോലും കർശനമായ സ്വയംനിയന്ത്രണം പാലിക്കുന്നത് അദ്ദേഹം ഉദാഹരണമാക്കി. ആധുനിക നഗരജീവിതം നയിക്കുമ്പോഴും ഗോത്രപൂർവികർ പാലിക്കുകയും സംരക്ഷിക്കുകയും ചെയ്ത മൂല്യങ്ങൾ പിന്തുടരാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഓർമകൾ മങ്ങിയേക്കാമെങ്കിലും അറിവും അവബോധവും പെരുമാറ്റരീതികളും പാരമ്പര്യങ്ങളും നശിക്കുന്നില്ലെന്ന് ഡോ. ധർമേന്ദ്ര പാരെ അഭിപ്രായപ്പെട്ടു. ഒരുകാലത്ത് വയലുകളിലും വീടുകളിലും പങ്കുവച്ചിരുന്ന അക്ഷരങ്ങളിൽ രേഖപ്പെടുത്താത്ത അറിവിന്റെ സ്ഥാനം ഇപ്പോൾ സ്ക്രീനുകൾ ഏറ്റെടുക്കുകയാണ്. വ്യക്തികൾ ഒറ്റയ്ക്ക് കഴിക്കാതെ സമൂഹം മുഴുവൻ തേൻ പങ്കിടുന്ന ഉത്സവം അദ്ദേഹം ഉദാഹരണമായി പറഞ്ഞു. തങ്ങളുടെ ദൈവങ്ങൾക്ക് ഇടമില്ലാത്തതിനാൽ നഗരത്തിലെ ചന്തയിൽനിന്ന് മടങ്ങിയ സഹോദരങ്ങളെക്കുറിച്ചുള്ള ഗോണ്ട് കഥയും അദ്ദേഹം അവതരിപ്പിച്ചു. മുട്ടയിടാനിരിക്കുന്ന പക്ഷികളെ വേട്ടയാടാത്ത ബൈഗ, പർധി സമൂഹങ്ങളുടെ വേട്ടയാടൽ മൂല്യങ്ങളും വിശദീകരിച്ചു. നിഘണ്ടുക്കൾ തയ്യാറാക്കുന്നതിൽ മാത്രം സംരക്ഷണം ഒതുങ്ങരുത്. ഈ മൂല്യങ്ങളെ മനസ്സിലാക്കി ജീവിതത്തിൽ പാലിക്കുന്നതിലാണ് യഥാർഥ സംരക്ഷണമെന്ന് അദ്ദേഹം പറഞ്ഞു.

കവിതകളും കഥകളും നിറഞ്ഞ വേദിയിൽ സമൂഹത്തിന്റെ അനുമതിക്കും പ്രാധാന്യം
‘ജീവിതത്തിന്റെ ആനന്ദം: ഗോത്ര കവിസംഗമം’ എന്ന രണ്ടാം സെഷൻ രണ്ടുഭാഗങ്ങളിലായി നടന്നു. വിവിധ ഗോത്രഭാഷകളിലെ കവികൾ കവിതകൾ അവതരിപ്പിച്ചു. പ്രൊഫ. കാൻജി പട്ടേൽ നയിച്ച സെഷനിൽ ഡോ. രേഖ ഖരാഡി, ഡോ. ജിതേന്ദ്രഭായ് വജിർസിങ് വസാവ, യശോദ മുർമു, ഡോ. ജോമിർ ജിനി, പ്രൊഫ. സ്നേഹലത നേഗി, പാർവതി ടിർക്കി എന്നിവർ കവിതകൾ വായിച്ചു. ‘ഗോത്ര നാടോടിവിജ്ഞാനം: പാട്ടുകൾ, ഐതിഹ്യങ്ങൾ, കഥകൾ, പഴഞ്ചൊല്ലുകൾ, ചൊല്ലുകൾ, വാമൊഴി ആഖ്യാനങ്ങൾ’ എന്ന മൂന്നാം സെഷൻ ഗോത്ര വാമൊഴിപാരമ്പര്യത്തിന്റെ വൈവിധ്യം പരിശോധിച്ചു. പാട്ടുകളും ഐതിഹ്യങ്ങളും കടങ്കഥകളും കഥകളും ചർച്ചയായി. പ്രൊഫ. സിൽവാനസ് ലമാരെ ചർച്ച നയിച്ചു. ഡോ. ലിസ ലോംഡാക്, അനുജ മോഹൻ പ്രധാൻ, സ്വാതി ആനന്ദ് എന്നിവർ പങ്കെടുത്തു. അരുണാചൽ പ്രദേശിലെ ഗവേഷണാനുഭവങ്ങൾ പങ്കുവച്ച ലിസ ലോംഡാക്, എഴുത്തിനുപകരം ഓർമകളിലൂടെ അറിവ് സൂക്ഷിക്കുന്ന ന്യിബു, മിഡി, അബതാനി, ഞിക്-ഞെഗം തുടങ്ങിയ വാമൊഴിപാരമ്പര്യ സംരക്ഷകരെക്കുറിച്ച് സംസാരിച്ചു. സ്ത്രീകൾ വാമൊഴിപാരമ്പര്യത്തിന്റെ അറിവുകലവറകളാണെന്നും അവർ പറഞ്ഞു. ദൈനംദിന ജോലികൾക്കിടയിലും വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പാടുന്ന പാട്ടുകളിലൂടെ സ്ത്രീകൾ കഥകളും ആഖ്യാനങ്ങളും കാത്തുസൂക്ഷിക്കുന്നു. വിശുദ്ധമായി കരുതുന്ന പാരമ്പര്യങ്ങളും അറിവുകളും ഗവേഷകർ പ്രസിദ്ധീകരിക്കുന്നത് ബന്ധപ്പെട്ട സമൂഹത്തിന്റെ വ്യക്തമായ അനുമതിയോടെ മാത്രമായിരിക്കണമെന്ന് അവർ ഊന്നിപ്പറഞ്ഞു. ഒഡിഷയിലെ കുയി ഭാഷ സംസാരിക്കുന്ന സമൂഹത്തെ പ്രതിനിധീകരിച്ച അനുജ മോഹൻ പ്രധാൻ, സൃഷ്ടിയെക്കുറിച്ചുള്ള ഐതിഹ്യങ്ങളും കടങ്കഥകളും പാട്ടുകളും നിറഞ്ഞ സമ്പന്നമായ വാമൊഴിപൈതൃകം ആ ഭാഷയ്ക്കുണ്ടെന്ന് പറഞ്ഞു. എന്നാൽ ഔപചാരിക ലിപിയുടെ അഭാവവും ആധുനിക ബഹുഭാഷാ സാഹചര്യത്തിന്റെ സമ്മർദവും കാരണം ഭാഷ ക്രമേണ അപ്രത്യക്ഷമാകുകയാണ്. പരമ്പരാഗത കുയി കടങ്കഥയും നാടോടിക്കഥകളും അദ്ദേഹം പങ്കുവച്ചു. പുറത്തുനിന്നുള്ള സ്വാധീനങ്ങളാൽ ഗോത്രസമൂഹങ്ങൾക്ക് വേരുകളും സംസ്കാരവും നഷ്ടപ്പെടാനുള്ള അപകടം പ്രതീകാത്മകമായി അവതരിപ്പിക്കുന്ന കഥയും ഇതിലുണ്ടായിരുന്നു. ഛത്തീസ്ഗഢിലെ ബസ്തറിന്റെ സാംസ്കാരിക പൈതൃകം സ്വാതി ആനന്ദ് അവതരിപ്പിച്ചു. ബസ്തർ മഡായ് ഉത്സവവും സംരക്ഷകദേവതകളെക്കുറിച്ചുള്ള പ്രാദേശിക ഐതിഹ്യങ്ങളും സമൂഹത്തിന്റെ ഓർമകളിലും ആചാരങ്ങളിലും ഇന്നും ജീവിക്കുന്നുണ്ടെന്ന് അവർ വിശദീകരിച്ചു.
സംസ്ഥാന പോർട്ടലുകൾ ബന്ധിപ്പിക്കണം; ശേഖരങ്ങൾ ഡിജിറ്റലാക്കണം
സമാപനപരാമർശത്തിൽ മൂന്നാം സെഷന്റെ മോഡറേറ്റർ മൂന്ന് നിർദേശങ്ങൾ മുന്നോട്ടുവച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും ഗോത്രകാര്യ വെബ്സൈറ്റുകളെ കേന്ദ്രമന്ത്രാലയത്തിന്റെ പ്രധാന പോർട്ടലുമായി ബന്ധിപ്പിക്കണം എന്നതാണ് ആദ്യ നിർദേശം. അന്താരാഷ്ട്ര സ്ഥാപനങ്ങളിലും ഗ്രന്ഥശാലകളിലും ലഭ്യമായ ഗോത്രസമൂഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഡിജിറ്റലാക്കി എല്ലാവർക്കും ലഭ്യമാക്കണമെന്നതാണ് രണ്ടാമത്തേത്. മേഘാലയയിലെ ജീവനുള്ള വേരുപാലങ്ങൾ പോലുള്ള ഗോത്രസമൂഹങ്ങളുടെ ശാസ്ത്ര, സാങ്കേതിക, നിർമാണ അറിവുകൾ ശാസ്ത്രീയമായി പഠിച്ച് രേഖപ്പെടുത്തണമെന്നതാണ് മൂന്നാമത്തെ നിർദേശം. ഉത്സവത്തിന്റെ രണ്ടാം ദിവസമായ നവംബർ 13ന് വാമൊഴി ഇതിഹാസങ്ങളെയും വീരപാരമ്പര്യങ്ങളെയും കുറിച്ചുള്ള സെഷനുകൾ നടക്കും. ബഹുഭാഷാ വിദ്യാഭ്യാസത്തിൽ വാമൊഴിപാരമ്പര്യത്തിന്റെ പങ്കും ചർച്ചചെയ്യും. വിവിധ ഗോത്രഭാഷകളിലെ കഥാവായനയും കവിതാവായനയും തുടർന്ന് സമാപനസമ്മേളനവും നടക്കും.
.