ന്യൂഡൽഹി, 12- 11- 26
ആദിവാസി ഭാഷകൾക്കും എഴുത്തുകാർക്കും പ്രോത്സാഹനം
കൂടുതൽ ആദിവാസി ഭാഷകളെ സാഹിത്യ പുരസ്കാരങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സാഹിത്യ അക്കാദമിയോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ആദിവാസികാര്യ മന്ത്രി ജുവൽ ഓറം. വ്യാഴാഴ്ച ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി പൈതൃകം ആഘോഷിക്കാനും ആദിവാസി വീരനായകരുടെ സംഭാവനകൾ ദേശീയ ശ്രദ്ധയിലെത്തിക്കാനും വിവിധ ഉത്സവങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
സാഹിത്യ അക്കാദമി അംഗീകരിച്ചിട്ടുള്ള 24 ഭാഷകളിൽ രണ്ട് ആദിവാസി ഭാഷകളിൽ മാത്രമാണ് നിലവിൽ പുരസ്കാരങ്ങൾ നൽകുന്നതെന്ന് ഓറം പറഞ്ഞു. കൂടുതൽ ആദിവാസി ഭാഷകളിലേക്ക് പുരസ്കാരങ്ങളുടെ പരിധി വ്യാപിപ്പിക്കാൻ മന്ത്രാലയം അഭ്യർഥിക്കും. ആദിവാസി വിഷയങ്ങളിൽ ലേഖനങ്ങളും പുസ്തകങ്ങളും എഴുതുന്നവർക്കും ഗാനങ്ങൾ രചിക്കുന്നവർക്കും നാടകങ്ങൾ അവതരിപ്പിക്കുന്നവർക്കും പ്രോത്സാഹനം നൽകാനുള്ള നടപടികളും സ്വീകരിക്കും.
മുന്നൂറിലേറെ വികസന പദ്ധതികളുമായി ആഘോഷം
ജനജാതീയ ഗൗരവ ദിനത്തോടനുബന്ധിച്ചുള്ള രണ്ടാഴ്ചത്തെ രാജ്യവ്യാപക പ്രചാരണത്തിന്റെ ഭാഗമായി മുന്നൂറിലേറെ വികസന പദ്ധതികൾ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. രണ്ട് ദേശീയ ഡിജിറ്റൽ സംരംഭങ്ങളും 160ലേറെ സംസ്ഥാനതല പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കും.
നവംബർ ഒന്ന് മുതൽ 15 വരെയാണ് ആഘോഷങ്ങൾ. ആദിവാസി സ്വാതന്ത്ര്യസമര സേനാനി ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷികദിനത്തിൽ സമാപിക്കും. സ്വാതന്ത്ര്യസമരത്തിനും രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിനും ആദിവാസി സമൂഹങ്ങൾ നൽകിയ സംഭാവനകൾ അംഗീകരിച്ചാണ് 2021ൽ നവംബർ 15 ജനജാതീയ ഗൗരവ ദിനമായി സർക്കാർ പ്രഖ്യാപിച്ചത്.
ആരോഗ്യവിവരങ്ങൾക്കും വനാവകാശത്തിനും ഡിജിറ്റൽ സംവിധാനങ്ങൾ
ആദിവാസി മേഖലകളിലെ ക്ഷേമപദ്ധതി വിതരണവും ഭരണനിർവഹണവും മെച്ചപ്പെടുത്താനുള്ള രണ്ട് ഡിജിറ്റൽ സംവിധാനങ്ങളുടെ തുടക്കം ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രധാന ആകർഷണമാകുമെന്ന് ഓറം പറഞ്ഞു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്ന് വികസിപ്പിച്ച ജനജാതീയ ഹെൽത്ത് ഇന്റലിജൻസ് ആൻഡ് ടെക്നോളജി അഥവാ ‘ജൻ ഹിത്’ പോർട്ടൽ 20 സംസ്ഥാനങ്ങളിലെ ആരോഗ്യവിവരങ്ങൾ ലഭ്യമാക്കും. ഓരോ ആദിവാസി വിഭാഗത്തിന്റെയും വിവരങ്ങൾ വേർതിരിച്ചായിരിക്കും നൽകുക. ദേശീയ വനാവകാശ നിയമ ഡിജിറ്റൽ സംവിധാനം, ഗ്രാമസഭകൾ വനാവകാശ അപേക്ഷകൾ സമർപ്പിക്കുന്നതുമുതൽ ഡിജിറ്റൽ ഒപ്പോടുകൂടിയ അവകാശരേഖകൾ നൽകുന്നതുവരെയുള്ള മുഴുവൻ നടപടികളും ഡിജിറ്റലാക്കും.
ഡൽഹിയിൽ ദേശീയ ആദിവാസി സാഹിത്യോത്സവം
തദ്ദേശീയ ഭാഷകളും വാമൊഴി പാരമ്പര്യങ്ങളും ആദിവാസി സാഹിത്യവും പ്രോത്സാഹിപ്പിക്കാൻ നവംബർ 12, 13 തീയതികളിൽ ഡൽഹിയിൽ ദ്വിദിന ദേശീയ ആദിവാസി സാഹിത്യോത്സവം നടക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാർ, കവികൾ, ഗവേഷകർ, ഭാഷാപണ്ഡിതർ, സാംസ്കാരിക പ്രവർത്തകർ എന്നിവർ ഉത്സവത്തിൽ ഒത്തുചേരും.
അഞ്ഞൂറ് വനിതാ സംരംഭകർ പങ്കെടുക്കും
നവംബർ 14ന് റാണി ദുർഗാവതി ആദിവാസി മഹിളാ സമ്മേളനം സംഘടിപ്പിക്കും. മുപ്പത് സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമായി അഞ്ഞൂറ് ആദിവാസി വനിതാ സംരംഭകർ പങ്കെടുക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വിപണിബന്ധങ്ങൾ ശക്തിപ്പെടുത്തുകയും സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.