ന്യൂഡൽഹി / 2026 / നവംബർ 03
ഒരേ ഭൂമിയിൽ കൃഷിയും സൗരവൈദ്യുതി ഉൽപ്പാദനവും നടത്താൻ സഹായിക്കുന്ന അഗ്രിവോൾട്ടായിക്സ് സംവിധാനം ഇന്ത്യയിലെ കർഷകർക്ക് വരുമാനം വർധിപ്പിക്കാനുള്ള വഴിയൊരുക്കുന്നു. കേന്ദ്ര–സംസ്ഥാന സർക്കാരുകളും ഗവേഷണ സ്ഥാപനങ്ങളും വ്യവസായ കൂട്ടായ്മകളും പദ്ധതികളും പരീക്ഷണങ്ങളും വഴി ഈ രീതി വിപുലപ്പെടുത്തുകയാണ്. കൃഷിയിടങ്ങളിൽ വിളകൾക്ക് മുകളിലോ വരികൾക്കിടയിലോ സൗരപാനലുകൾ സ്ഥാപിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. ഭക്ഷ്യോൽപ്പാദനം തുടരുന്നതിനൊപ്പം ഭൂമി കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും കൃഷിയുടെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി കൂട്ടാനും ഗ്രാമീണ മേഖലയിൽ സുസ്ഥിരമായ വരുമാനം ഉറപ്പാക്കാനും ഇതിലൂടെ അവസരം ലഭിക്കുന്നു.
ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം 46.1 ശതമാനത്തിന്റെ ഉപജീവനത്തിന് കാർഷികമേഖല പ്രധാന ആശ്രയമാണ്. കൃഷിയും അനുബന്ധ മേഖലകളും ചേർന്നുള്ള മൊത്ത മൂല്യവർധന 2025–26ൽ 52.08 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് കണക്ക്. ജലസേചനത്തിനും മറ്റു കാർഷിക പ്രവർത്തനങ്ങൾക്കും വിശ്വസനീയവും കുറഞ്ഞ ചെലവിലുള്ളതുമായ ഊർജം ആവശ്യമാണ്. സൗരോർജത്തിന് ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം രാജ്യത്തിന്റെ ശുദ്ധ ഊർജത്തിലേക്കുള്ള മാറ്റത്തിനും സഹായിക്കാനാകും. 2023–24ലെ ഭൂവിനിയോഗ കണക്കുകൾപ്രകാരം, വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള രാജ്യത്തെ 30.696 കോടി ഹെക്ടർ ഭൂമിയിൽ ഏകദേശം 55 ശതമാനവും കാർഷികഭൂമിയാണ്. യഥാർഥത്തിൽ കൃഷിചെയ്ത ഭൂവിസ്തൃതി 13.899 കോടി ഹെക്ടറും, ഒരേ ഭൂമിയിലെ ഒന്നിലധികം വിളചക്രങ്ങൾ ഉൾപ്പെടുന്ന മൊത്തം കൃഷിവിസ്തൃതി 21.788 കോടി ഹെക്ടറുമാണ്. ഈ ഭൂമിയിൽ കൃഷിക്കൊപ്പം സൗരവൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരമുണ്ട്. ജലസേചന പമ്പുകൾ പ്രവർത്തിപ്പിക്കാനും പരമ്പരാഗത വൈദ്യുതിയോടുള്ള ആശ്രയം കുറയ്ക്കാനും അധിക വൈദ്യുതി വിതരണശൃംഖലയിലേക്ക് നൽകി അനുബന്ധ വരുമാനം നേടാനും കർഷകർക്ക് കഴിയും. സൗരോർജ പമ്പുകൾ പകൽ ജലസേചനം സാധ്യമാക്കുകയും ഡീസൽ പമ്പുകളോടുള്ള ആശ്രയം കുറയ്ക്കുകയും ചെയ്യും.

ശുദ്ധ ഊർജത്തിലെ അവസരങ്ങളുമായി ഭാരത് ഉച്ചകോടി
പുനരുപയോഗ ഊർജമേഖലയിലെ നിക്ഷേപവും സാങ്കേതിക സഹകരണവും ശക്തിപ്പെടുത്താൻ ഭാരത് പുനരുപയോഗ ഊർജ ഉച്ചകോടിയും പ്രദർശനവും നവംബർ രണ്ടു മുതൽ അഞ്ചുവരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്നു. ‘നിക്ഷേപിക്കുക, പുതുമകൾ സൃഷ്ടിക്കുക, പ്രചോദിപ്പിക്കുക’ എന്നതാണ് പ്രമേയം. നാലുദിവസത്തെ പരിപാടിയിൽ 130ലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു. നാൽപ്പതിലധികം മന്ത്രിമാർക്കൊപ്പം നയരൂപകർത്താക്കൾ, നിക്ഷേപകർ, ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ പ്രമുഖർ എന്നിവരും എത്തുന്നു. ഓസ്ട്രേലിയ, ഡെൻമാർക്ക്, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, നോർവേ, സ്വീഡൻ, ബ്രിട്ടൻ എന്നിവയാണ് ഒമ്പത് രാജ്യപങ്കാളികൾ. ഇന്ത്യയിലെ 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പുനരുപയോഗ ഊർജസാധ്യതകൾ, നിക്ഷേപാവസരങ്ങൾ, ശുദ്ധ ഊർജ ഉപകരണ നിർമാണശേഷി എന്നിവ അവതരിപ്പിക്കുന്നു.
സൗരോർജം, കാറ്റിൽനിന്നുള്ള ഊർജം, ഹരിത ഹൈഡ്രജൻ, ഊർജസംഭരണം, വൈദ്യുതി വിതരണശൃംഖലയുമായുള്ള സംയോജനം, ആഭ്യന്തര നിർമാണം എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. ഊർജമേഖലയിലെ ഡിജിറ്റൽവൽക്കരണവും നിർമിതബുദ്ധിയുടെ ഉപയോഗവും ചർച്ചചെയ്യും. ശുദ്ധ ഊർജ നിക്ഷേപത്തിനും സാങ്കേതിക പങ്കാളിത്തത്തിനും വ്യവസായ സഹകരണത്തിനുമുള്ള ആഗോള വേദിയാണ് ഉച്ചകോടി. മന്ത്രിതല ചർച്ചകൾ, കമ്പനിമേധാവികളുടെ വട്ടമേശയോഗങ്ങൾ, നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയും നടക്കുന്നു. നാനൂറിലധികം പ്രദർശകർ പങ്കെടുക്കുന്ന പ്രദർശനവും ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സൗരസഖ്യത്തിന്റെ ഒമ്പതാമത് സമ്മേളനത്തിനും ഹരിത ഹൈഡ്രജനെക്കുറിച്ചുള്ള നാലാമത് അന്താരാഷ്ട്ര സമ്മേളനത്തിനും ഒപ്പമാണ് പരിപാടി. ശുദ്ധ ഊർജമേഖലയിലെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
വിളകൾക്ക് തണൽ; കൃഷിപ്പണിക്കും വൈദ്യുതി
അഗ്രിസോളാർ എന്നും ഭൂമിയുടെ ഇരട്ട ഉപയോഗത്തിനുള്ള സൗരോർജ സംവിധാനം എന്നും അറിയപ്പെടുന്ന അഗ്രിവോൾട്ടായിക്സ്, കാർഷിക സൗകര്യങ്ങളും സൗരോർജ സംവിധാനങ്ങളും പ്രാദേശിക കൃഷിസാഹചര്യങ്ങൾക്ക് അനുയോജ്യമായി സംയോജിപ്പിക്കുന്നു. പാനലുകൾ നേരിട്ട് നിലത്ത് സ്ഥാപിക്കുന്നതിനുപകരം, താഴെയുള്ള വിളകൾക്ക് സൂര്യപ്രകാശവും മഴയും ലഭിക്കുന്ന ഉയരത്തിലാണ് സ്ഥാപിക്കുന്നത്. കാർഷിക യന്ത്രങ്ങൾക്കും ഉപകരണങ്ങൾക്കും അടിയിലൂടെ സഞ്ചരിക്കാനുള്ള സൗകര്യവും ഉണ്ടാകും. പാനലുകൾ നൽകുന്ന ഭാഗിക തണൽ കടുത്ത ചൂടിൽനിന്ന് വിളകളെ സംരക്ഷിക്കാനും മണ്ണിൽനിന്നുള്ള ജലബാഷ്പീകരണം കുറയ്ക്കാനും സഹായിക്കും. പ്രത്യേകിച്ച് ചൂടും വരൾച്ചയും കൂടുതലുള്ള പ്രദേശങ്ങളിൽ ചെടികൾക്ക് താരതമ്യേന തണുപ്പുള്ളതും സ്ഥിരതയുള്ളതുമായ വളർച്ചാസാഹചര്യം ലഭിക്കും. എന്നാൽ മണ്ണിലെ ഈർപ്പം നിലനിർത്തുന്നതടക്കമുള്ള നേട്ടങ്ങൾ വിള, പാനലുകളുടെ രൂപകൽപ്പന, പ്രാദേശിക സാഹചര്യം എന്നിവയെ ആശ്രയിച്ചിരിക്കും.
വിളകൃഷിയോ കന്നുകാലി വളർത്തലോ സൗരവൈദ്യുതി ഉൽപ്പാദനവുമായി സംയോജിപ്പിക്കുന്നതിലൂടെ ഭൂമിയുടെ ഉൽപ്പാദനക്ഷമത ഉയർത്താം. കൃഷിപ്പണികൾക്ക് വൈദ്യുതി ലഭിക്കുന്നതിനൊപ്പം മിച്ചവൈദ്യുതി വിറ്റ് വരുമാനവും നേടാം. ഭക്ഷ്യസുരക്ഷയും ഊർജസുരക്ഷയും ശക്തിപ്പെടുത്താനും കർഷകരുടെ വരുമാനമാർഗങ്ങൾ വർധിപ്പിക്കാനും ഇത് സഹായിക്കും. വ്യത്യസ്ത കാർഷിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതികൾ കണ്ടെത്താൻ ഇന്ത്യയിൽ ഗവേഷണം, പ്രവർത്തനമാതൃകകളുടെ പ്രദർശനം, നയവികസനം എന്നിവ നടക്കുന്നു. 2025 ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം, രാജ്യത്ത് ആകെ 37.54 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള 36 അഗ്രിവോൾട്ടായിക്സ് പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. പത്ത് പരീക്ഷണപദ്ധതികൾ വികസനഘട്ടത്തിലുമാണ്. വ്യത്യസ്ത കാർഷിക–കാലാവസ്ഥാ മേഖലകളിലായി ഉയർത്തി സ്ഥാപിച്ച പാനലുകൾ, വിളകൾക്കിടയിലെ ഇടവിടങ്ങളിൽ സ്ഥാപിക്കുന്ന സംവിധാനങ്ങൾ, സൂര്യന്റെ സ്ഥാനത്തിനനുസരിച്ച് തിരിയുന്ന സംവിധാനങ്ങൾ എന്നിവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.

വലിയ സാധ്യത; കേരളത്തിനും അവസരം
ഇന്ത്യയുടെ അഗ്രിവോൾട്ടായിക്സ് സാധ്യത മൂവായിരം ഗിഗാവാട്ട് മുതൽ ഏകദേശം പതിനാലായിരം ഗിഗാവാട്ട് വരെയാണെന്നാണ് കണക്കുകൾ. കൃഷിയും പുനരുപയോഗ ഊർജവും ഒന്നിപ്പിക്കുന്നതിലെ വലിയ അവസരമാണ് ഇത് കാണിക്കുന്നത്. ചില സാഹചര്യങ്ങളിൽ കർഷകരുടെ വാർഷിക വരുമാനം ഏക്കറിന് ഏകദേശം അറുപതിനായിരം രൂപയിൽനിന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളിലേക്ക് ഉയരാനും സാധ്യതയുണ്ട്. ഭൂമിശാസ്ത്ര വിവരസംവിധാനം ഉപയോഗിച്ചുള്ള ദേശീയതല പരിശോധനയിൽ, പരിസ്ഥിതി, കൃഷിശാസ്ത്ര, സാങ്കേതിക മാനദണ്ഡങ്ങൾ പ്രയോഗിച്ചശേഷം 4.735 കോടി ഹെക്ടർ കൃഷിഭൂമി അഗ്രിവോൾട്ടായിക്സിന് അനുയോജ്യമായി കണ്ടെത്തി. നിയന്ത്രണങ്ങൾ പരിഗണിച്ചുള്ള ഈ സൂക്ഷ്മമായ വിലയിരുത്തൽ കാലാവസ്ഥാ വെല്ലുവിളികളെ നേരിടാൻ ശേഷിയുള്ള ഭൂമിയുടെ സാധ്യതയാണ് വ്യക്തമാക്കുന്നത്. പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ സൗരപാനലുകൾക്കൊപ്പം കൃഷിചെയ്യാൻ പ്രതീക്ഷ നൽകുന്ന വിളകളാണ്.
മഹാരാഷ്ട്ര, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ് എന്നിവയാണ് ഉയർന്ന സാധ്യതയുള്ള സംസ്ഥാനങ്ങൾ. ഇന്ത്യയുടെ കണക്കാക്കിയ അഗ്രിവോൾട്ടായിക്സ് വൈദ്യുതി ഉൽപ്പാദനസാധ്യതയുടെ ഏകദേശം പകുതി ഈ സംസ്ഥാനങ്ങളിലാണ്. കൃഷിഭൂമിയുടെ ലഭ്യത, സൗരോർജസമ്പത്ത്, കാർഷിക–കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവയുടെ അനുകൂലമായ ഒത്തുചേരലാണ് കാരണം. ഒഡിഷ, തമിഴ്നാട്, കേരളം, തെലങ്കാന, ബിഹാർ, പശ്ചിമബംഗാൾ എന്നിവയ്ക്ക് മിതമായ സാധ്യതയുണ്ട്. രാജ്യത്തിന്റെ തെക്കൻ, പടിഞ്ഞാറൻ, മധ്യ മേഖലകളിൽ ലഭിക്കുന്ന സൂര്യപ്രകാശം, ഭൂലഭ്യത, ഉദ്യാനവിളകൃഷിയുടെ വ്യാപ്തി എന്നിവ വലിയതോതിലുള്ള പദ്ധതികൾക്ക് കൂടുതൽ അനുകൂലമാണ്.
കേന്ദ്ര–സംസ്ഥാന പദ്ധതികളിലൂടെ കൃഷിയിലേക്ക് സൗരോർജം
അഗ്രിവോൾട്ടായിക്സ് വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ നയപരമായ നടപടികളും ഗവേഷണവും സാങ്കേതിക വികസനവും പദ്ധതികളുടെ നടപ്പാക്കലും മുന്നോട്ടുകൊണ്ടുപോകുന്നു. 2019 ഫെബ്രുവരിയിൽ ആരംഭിച്ച പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷ ഏവം ഉത്ഥാൻ മഹാഭിയാൻ അഥവാ പി എം കുസും പദ്ധതി കാർഷികമേഖലയിൽ സൗരോർജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. ഡീസലിനോടുള്ള ആശ്രയം കുറയ്ക്കാനും കർഷകർക്ക് വിവിധ വരുമാനമാർഗങ്ങൾ തുറക്കാനുമാണ് ലക്ഷ്യം. ഏകദേശം 34,422 കോടി രൂപയുടെ കേന്ദ്ര ധനസഹായമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പ്രാദേശികതലത്തിലുള്ള സൗരവൈദ്യുതി ഉൽപ്പാദനത്തിനും കാർഷിക പമ്പുകൾ സൗരോർജത്തിലേക്ക് മാറ്റുന്നതിനും ഇത് വഴിയൊരുക്കുന്നു. ദേശീയ സൗരോർജ ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് കീഴിലുള്ള ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനവുമായി ചേർന്ന് അഗ്രിവോൾട്ടായിക്സ് മികവിന്റെ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ഗവേഷണം, പ്രവർത്തനമാതൃകകളുടെ പ്രദർശനം, പരിശീലനം എന്നിവയാണ് ചുമതലകൾ. ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിലെ നൂറ് കിലോവാട്ട് സംവിധാനം ഉൾപ്പെടെയുള്ള പരീക്ഷണപദ്ധതികളും ഏറ്റെടുത്തിട്ടുണ്ട്. ദേശീയ സൗരോർജ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യ അഗ്രിവോൾട്ടായിക്സ് അലയൻസ് 2023ലാണ് ആരംഭിച്ചത്. നാൽപ്പതിലധികം അംഗങ്ങളുള്ള കൂട്ടായ്മ സർക്കാർ മന്ത്രാലയങ്ങളുമായും വ്യവസായ പങ്കാളികളുമായും ചേർന്ന് നയപരമായ പിന്തുണ, ഗവേഷണം, നേരിട്ടുള്ള പദ്ധതിനടത്തിപ്പ് എന്നിവയിൽ പ്രവർത്തിക്കുന്നു. അറിവ് പങ്കിടാനുള്ള പഠനസാമഗ്രികൾ വികസിപ്പിക്കുകയും പരീക്ഷണപദ്ധതികൾ പ്രോത്സാഹിപ്പിക്കുകയും വലിയതോതിലേക്ക് വ്യാപിപ്പിക്കാവുന്ന ബിസിനസ് മാതൃകകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഭൂമിയുടെ ഉൽപ്പാദനക്ഷമത, കർഷകവരുമാനം, ഗ്രാമീണ ഊർജലഭ്യത എന്നിവ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
സംസ്ഥാനങ്ങളും പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കുന്നു. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സൗർ കൃഷി വാഹിനി യോജന രണ്ടാമത് ഘട്ടം, ഏകദേശം 35,000 ഏക്കർ സർക്കാർ–സ്വകാര്യ ഭൂമിയിലായി 16,000 മെഗാവാട്ട് സൗരോർജ പദ്ധതികളിലൂടെ കാർഷിക ഉപഭോക്താക്കൾക്കുള്ള വൈദ്യുതിവിതരണം പിന്തുണയ്ക്കുന്നു. ഗുജറാത്തിലെ കിസാൻ സൂര്യോദയ യോജന കർഷകരുടെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ സൗരോർജ ഉപയോഗം വിപുലപ്പെടുത്തുന്നു. സൗരോർജവും മറ്റു പാരമ്പര്യേതര ഊർജ നിലയങ്ങളും ഘട്ടംഘട്ടമായി പ്രവർത്തനക്ഷമമാക്കി രാവിലെ അഞ്ചുമുതൽ രാത്രി ഒമ്പതുവരെ, ദിവസേന പതിനാറുമണിക്കൂർ വരെ വൈദ്യുതിവിതരണം ലഭ്യമാക്കാനാണ് പദ്ധതി. കർണാടകയിലെ സൂര്യ റൈത പദ്ധതി സൗരോർജ ജലസേചന പമ്പുകളെ പ്രോത്സാഹിപ്പിക്കുകയും മിച്ചവൈദ്യുതിയിൽനിന്ന് കർഷകർക്ക് വരുമാനം നേടാൻ അവസരം നൽകുകയും ചെയ്യുന്നു. വിളകൾക്ക് വെള്ളമെത്തിക്കാനും ഡീസൽ പമ്പുകളോടുള്ള ആശ്രയം കുറയ്ക്കാനും ഇത് സഹായിക്കും. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നയങ്ങളും പ്രത്യേക പരിപാടികളും ഒരേ സ്ഥലത്ത് കൃഷിയും സൗരവൈദ്യുതി ഉൽപ്പാദനവും നടത്താനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു. അനുയോജ്യമായ സാഹചര്യങ്ങളിൽ വെള്ളം സംരക്ഷിക്കാനും ഭൂമി കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനും സാമ്പത്തിക പ്രതിസന്ധികളെ നേരിടാനുള്ള ശേഷി കൂട്ടാനും ഈ രീതിക്ക് കഴിയും. പി എം കുസും ഉൾപ്പെടെയുള്ള നടപടികളും അഗ്രിവോൾട്ടായിക്സ് വിപുലപ്പെടുത്താനുള്ള നിർദിഷ്ട നടപടികളും ഗ്രാമവികസനത്തെ ശുദ്ധ ഊർജലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കുന്നു. പദ്ധതികൾ വ്യാപിക്കുമ്പോൾ പ്രാദേശികമായി അനുയോജ്യമായ രൂപകൽപ്പനയും ശാസ്ത്രീയ ഗവേഷണവും കർഷകപങ്കാളിത്തവും ഉറപ്പാക്കണം. കാർഷിക ഉൽപ്പാദനവും ഊർജ ആവശ്യങ്ങളും തമ്മിൽ സന്തുലനം നിലനിർത്തുന്നത് കൂടുതൽ സുസ്ഥിരവും പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ളതുമായ ഭാവിക്ക് സഹായിക്കും.
.