ന്യൂഡൽഹി: മന്ത്രി കെ.ടി.ജലീലിന് പിൻതുണയുമായി സി പി എം പോളിറ്റ് ബ്യൂറോ.
എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്തു എന്നതുകൊണ്ടു മാത്രം മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന് പി ബി യോഗത്തിനു ശേഷം സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ചോദ്യം ചെയ്യുക എന്നത് നിയമപരമായ കാര്യം മാത്രമാണ്. ഒരാൾ കുറ്റക്കാരനാണ് എന്ന അർത്ഥം അതിനില്ല. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങൾ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മാത്രമാണ് പ്രതിപക്ഷത്തിൻ്റെ ലക്ഷ്യമെന്നും യച്ചൂരി കുറ്റപ്പെടുത്തി.
നയതന്ത്ര ബാഗുകൾ അയച്ചവരെ ചോദ്യംചെയ്യാൻ മൂന്ന് ഏജൻസികളും തയ്യാറാകാത്തത് സംശയാസ്പദമാണ്. ഇഡിയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ ധൃതിപിടിച്ച് മാറ്റിയത് രാഷ്ട്രീയപ്രേരിതമാണ്. കേസിൽ പ്രതിചേർക്കപ്പെട്ട ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാത്തത് വിദേശ മന്ത്രാലയത്തിന്റെ കുറ്റകരമായ അനാസ്ഥയാണ്. ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന ഉറച്ച ബോധ്യമുണ്ട്. മുസ്ലിംലീഗ് നേതാവ് എം എൽ എ കമറുദ്ദീനെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് മൂടി വെക്കാൻ വേണ്ടിയാണ് യുഡിഎഫ് മന്ത്രി കെടി ജലീലിനെ പേര് പറഞ്ഞ് പ്രതിഷേധം നടത്തുന്നത്. ഇതെല്ലാം പി ബിയുടെ വലയിരുത്തലുകളാണ്.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മേധാവി രാഷ്ട്രീയ ഉപകരണമായി പ്രവർത്തിക്കുകയാണെന്ന ആരോപണമാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഉന്നയിച്ചത്. പലയിടത്തും കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ ഉപകരണമാണ് ഇ ഡി . ഇവിടെയും അതു തന്നെ സംശയിക്കണം. മന്ത്രി ജലീലിനെ ചോദ്യം ചെയ്ത വിവരം ഇ ഡി മേധാവി തന്നെ പുറത്തു വിട്ടത് ആശ്ചര്യകരമാണെന്നും സെക്രട്ടറിയേറ്റ് പറയുന്നു.

