ന്യൂഡൽഹി / 2026 / നവംബർ 1
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും നടപ്പാക്കിയ ആറാം പ്രത്യേക ശുചിത്വയജ്ഞം ഒക്ടോബർ 31ന് പൂർത്തിയായി. രാജ്യത്തെ 132 കേന്ദ്രങ്ങളിലായി നടന്ന പ്രവർത്തനങ്ങളിലൂടെ ഇലക്ട്രോണിക് മാലിന്യങ്ങളും പാഴ്വസ്തുക്കളും ഉപയോഗശൂന്യമായ സാമഗ്രികളും നീക്കം ചെയ്തു. ഇതുവഴി 64,18,158 രൂപ വരുമാനം ലഭിച്ചു. ഓഫീസുകളിൽ 32,854 ചതുരശ്ര അടി സ്ഥലവും വീണ്ടെടുത്തു. ശുചിത്വം സ്ഥിരം പ്രവർത്തനരീതിയാക്കാനും കെട്ടിക്കിടക്കുന്ന കാര്യങ്ങൾ കുറയ്ക്കാനുമുള്ള പ്രതിജ്ഞ പുതുക്കിയാണ് യജ്ഞം സമാപിച്ചത്.
ഭരണപരിഷ്കാര, പൊതുപരാതി വകുപ്പ് 2026 ഓഗസ്റ്റ് 13ന് പുറത്തിറക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രവർത്തനങ്ങൾ. ഇലക്ട്രോണിക് മാലിന്യങ്ങൾ ഫലപ്രദമായി ശേഖരിക്കുക, തരംതിരിക്കുക, നീക്കം ചെയ്യുക എന്നിവയ്ക്കായിരുന്നു ഇത്തവണ പ്രധാന പരിഗണന. മന്ത്രാലയത്തിന്റെ കീഴിലുള്ള ഓഫീസുകളും സ്വയംഭരണ സ്ഥാപനങ്ങളും ഉൾപ്പെടെ തിരഞ്ഞെടുത്ത 132 കേന്ദ്രങ്ങളിലും യജ്ഞം നടന്നു.
മാലിന്യങ്ങൾ നീക്കാൻ സുരക്ഷിതവും ശാസ്ത്രീയവുമായ രീതി
ഭരണപരിഷ്കാര, പൊതുപരാതി വകുപ്പിന്റെ മാർഗനിർദേശങ്ങളും നിശ്ചിത പ്രവർത്തനക്രമവും പാലിച്ചാണ് ഇലക്ട്രോണിക് മാലിന്യങ്ങൾ നീക്കിയത്. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത മാലിന്യസംസ്കരണത്തിന്റെയും സുസ്ഥിരമായ ഭരണരീതികളുടെയും പ്രാധാന്യത്തിന് പ്രവർത്തനങ്ങളിൽ ഊന്നൽ നൽകി.
നടപ്പാക്കൽ ഘട്ടത്തിൽ മന്ത്രാലയ സെക്രട്ടറി ന്യൂഡൽഹിയിലെ ഇന്ദിര പര്യാവരൺ ഭവനിലുള്ള മന്ത്രാലയ പരിസരം വിശദമായി പരിശോധിച്ചു. ശേഖരിച്ചുവച്ച ഇലക്ട്രോണിക് മാലിന്യങ്ങൾ, പാഴ്വസ്തുക്കൾ, ഉപയോഗശൂന്യമായ സാമഗ്രികൾ എന്നിവയുടെ ശേഖരണവും തരംതിരിക്കലും വിലയിരുത്തി. തരംതിരിച്ച എല്ലാ വസ്തുക്കളും സുരക്ഷിതവും ശാസ്ത്രീയവുമായി നീക്കം ചെയ്യാൻ സെക്രട്ടറി നിർദേശിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രോണിക് മാലിന്യ പുനഃചംക്രമണ സ്ഥാപനങ്ങൾ, ഉപകരണങ്ങൾ പുതുക്കിപ്പണിയുന്നവർ, ഉൽപ്പാദകർ എന്നിവരിലൂടെ നിശ്ചിത മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കണം ഇത് നടത്തേണ്ടതെന്നും വ്യക്തമാക്കി.
ശുചീകരണത്തിൽ നൂറുശതമാനം നേട്ടം; പരാതികളിലും തീർപ്പ്
ആറാം പ്രത്യേക യജ്ഞത്തിന്റെ പുരോഗതി നിരീക്ഷണ പോർട്ടലിൽ രേഖപ്പെടുത്തിയ ലക്ഷ്യങ്ങളിൽ, ശുചീകരണത്തിനായി തിരഞ്ഞെടുത്ത 132 കേന്ദ്രങ്ങളിലും പ്രവർത്തനം പൂർത്തിയാക്കി നൂറുശതമാനം നേട്ടം കൈവരിച്ചു. എംപിമാരിൽനിന്നുള്ള 37 പരാമർശങ്ങളിൽ 29 എണ്ണത്തിൽ നടപടികൾ പൂർത്തിയാക്കി; നേട്ടം 78.37 ശതമാനം. മൂന്നുമാസത്തിലധികമായി തീർപ്പാകാതെ കിടന്ന 16 പാർലമെന്ററി ഉറപ്പുകളിൽ എട്ടെണ്ണം പൂർത്തിയാക്കി; നേട്ടം 50 ശതമാനം. സംസ്ഥാന സർക്കാരുകളിൽനിന്നുള്ള നാല് പരാമർശങ്ങളും തീർപ്പാക്കി. പൊതുപരാതികളിൽ 450ൽ 449 എണ്ണം പരിഹരിച്ചു; നേട്ടം 99.78 ശതമാനം.
പൊതുപരാതികളുമായി ബന്ധപ്പെട്ട 96 അപ്പീലുകളും പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നുള്ള രണ്ട് പരാമർശങ്ങളും പൂർണമായി തീർപ്പാക്കി. പരിശോധിക്കേണ്ട 12,234 കടലാസ് ഫയലുകളുടെയും 14,164 ഇലക്ട്രോണിക് ഫയലുകളുടെയും പരിശോധനയും നൂറുശതമാനം പൂർത്തിയാക്കി. ഐഎംസി പരാമർശങ്ങൾ, ചട്ടങ്ങൾ ലളിതമാക്കൽ എന്നീ വിഭാഗങ്ങളിൽ ലക്ഷ്യമോ നേട്ടമോ ശതമാനമോ രേഖപ്പെടുത്തിയിട്ടില്ല.
3,271 ഇലക്ട്രോണിക് മാലിന്യ ഇനങ്ങളിൽ 3,099 എണ്ണം നീക്കി
വിവരസാങ്കേതിക, ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളിൽ 1,425 എണ്ണം നീക്കാനായിരുന്നു ലക്ഷ്യം. ഇതിൽ 1,316 എണ്ണം നീക്കി; നേട്ടം 92.35 ശതമാനം. ഉപഭോക്തൃ വൈദ്യുത, ഇലക്ട്രോണിക് ഉപകരണങ്ങളും ഫോട്ടോവോൾട്ടായിക് പാനലുകളും ഉൾപ്പെട്ട വിഭാഗത്തിൽ 1,058ൽ 1,027 എണ്ണം നീക്കി; നേട്ടം 97.07 ശതമാനം. വലുതും ചെറുതുമായ വൈദ്യുത, ഇലക്ട്രോണിക് ഉപകരണങ്ങളിൽ 333ൽ 311 എണ്ണം നീക്കി; നേട്ടം 93.39 ശതമാനം.
വൈദ്യുത, ഇലക്ട്രോണിക് പണിയായുധങ്ങൾ 42 എണ്ണവും കളിപ്പാട്ടങ്ങൾ, വിനോദ, കായിക ഉപകരണങ്ങൾ 13 എണ്ണവും മെഡിക്കൽ ഉപകരണങ്ങൾ മൂന്നെണ്ണവും ലബോറട്ടറി ഉപകരണങ്ങൾ 23 എണ്ണവും പൂർണമായി നീക്കി. ഈ വിഭാഗങ്ങളിലെല്ലാം നൂറുശതമാനമാണ് നേട്ടം. മറ്റ് ഇനങ്ങളിൽ 374ൽ 364 എണ്ണം നീക്കി; നേട്ടം 97.33 ശതമാനം. ആകെ 3,271 ഇലക്ട്രോണിക് മാലിന്യ ഇനങ്ങളിൽ 3,099 എണ്ണം നീക്കിയതോടെ മൊത്തം നേട്ടം 94.74 ശതമാനമായി.
2021ൽ തുടങ്ങിയ യജ്ഞം സ്ഥിരം ഭരണപ്രവർത്തനമായി
ഭരണപരിഷ്കാര, പൊതുപരാതി വകുപ്പിന്റെ നിർദേശപ്രകാരം 2021ലാണ് പ്രത്യേക ശുചിത്വയജ്ഞത്തിന് തുടക്കമായത്. സർക്കാർ ഓഫീസുകളിൽ ശുചിത്വവും വൃത്തിയുള്ള തൊഴിൽപരിസരവും ഉറപ്പാക്കുന്നതിനൊപ്പം കെട്ടിക്കിടക്കുന്ന കാര്യങ്ങൾ തീർപ്പാക്കി ഭരണകാര്യക്ഷമത മെച്ചപ്പെടുത്തുന്ന സ്ഥിരം സ്ഥാപനതല പ്രവർത്തനമായി ഇത് വളർന്നു. ഇത്തവണത്തെ മുന്നൊരുക്കങ്ങൾ 2026 സെപ്റ്റംബർ 16 മുതൽ 30 വരെ നടന്നു. ഒക്ടോബർ രണ്ടിന് ആരംഭിച്ച നടപ്പാക്കൽ ഘട്ടം ഒക്ടോബർ 31ന് അവസാനിച്ചു.
സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, രേഖകൾ ക്രമമായി കൈകാര്യം ചെയ്യുക, ഇലക്ട്രോണിക് മാലിന്യങ്ങളും ഉപയോഗശൂന്യമായ സാമഗ്രികളും ഉത്തരവാദിത്വത്തോടെ നീക്കം ചെയ്യുക എന്നിവയിലുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ പ്രതിബദ്ധതയാണ് ഈ നേട്ടങ്ങൾ വ്യക്തമാക്കുന്നത്. ശുചിത്വവും സുസ്ഥിരമായ ഭരണരീതികളും പ്രോത്സാഹിപ്പിക്കുന്നതിനും യജ്ഞം ഊന്നൽ നൽകി.
.