ന്യൂഡൽഹി / 2026 / ഒക്ടോബർ 17
ഒക്ടോബർ 18ന് ആചരിക്കുന്ന ലോക ആർത്തവവിരാമ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ സമഗ്ര ആരോഗ്യപരിചരണത്തിന് പ്രാധാന്യം നൽകി ആയുഷ് മന്ത്രാലയം. ബോധവത്കരണം, പ്രതിരോധ പരിചരണം, ഗവേഷണം എന്നിവ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കേന്ദ്ര ആയുർവേദ ശാസ്ത്ര ഗവേഷണ കൗൺസിലിലൂടെ ആർത്തവവിരാമകാലത്തെ ശാരീരിക ആരോഗ്യം, വൈകാരിക ക്ഷേമം, ജീവിതനിലവാരം എന്നിവയെക്കുറിച്ച് കൂടുതൽ അവബോധം വളർത്താനാണ് മന്ത്രാലയത്തിന്റെ ശ്രമം.
ആർത്തവവിരാമം സ്വാഭാവിക ജീവിതഘട്ടം
അണ്ഡാശയത്തിലെ അണ്ഡകോശങ്ങളുടെ വളർച്ചയുമായി ബന്ധപ്പെട്ട പ്രവർത്തനം അവസാനിക്കുന്നതിനെത്തുടർന്ന് ആർത്തവം സ്ഥിരമായി നിലയ്ക്കുന്ന സ്വാഭാവിക ജൈവഘട്ടമാണ് ആർത്തവവിരാമം. സാധാരണയായി 45നും 55നും ഇടയിലാണ് ഇത് സംഭവിക്കുന്നത്. ഈ ഘട്ടത്തിലേക്കുള്ള മാറ്റത്തിനിടെ ആർത്തവത്തിലെ ക്രമക്കേട്, പെട്ടെന്ന് ശരീരത്തിൽ ചൂട് അനുഭവപ്പെടൽ, യോനിയിലെ വരൾച്ച, ഉറക്കപ്രശ്നങ്ങൾ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, സന്ധിവേദന, ഉത്കണ്ഠ തുടങ്ങിയ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളുണ്ടാകാം. ആയുർവേദത്തിൽ ഈ ഘട്ടത്തിലെ ലക്ഷണങ്ങൾ ‘രജോനിവൃത്തി’യുമായി ബന്ധപ്പെടുത്തിയാണ് വിശദീകരിക്കുന്നത്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അനുയോജ്യമായ പരിചരണം നൽകുന്നത് സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രധാനമാണ്.
ലോകാരോഗ്യ സംഘടനയുടെ വിശദീകരണമനുസരിച്ച്, ആർത്തവചക്രത്തിലെ മാറ്റങ്ങളോടെയാണ് ആർത്തവവിരാമത്തിലേക്കുള്ള ക്രമാനുഗതമായ മാറ്റം സാധാരണയായി തുടങ്ങുന്നത്. ഈ ലക്ഷണങ്ങൾ ആദ്യം കാണുന്നതുമുതൽ അവസാന ആർത്തവത്തിന് ശേഷമുള്ള ഒരു വർഷംവരെയുള്ള കാലമാണ് പെരിമെനോപോസ്. വർഷങ്ങളോളം നീളാവുന്ന ഈ ഘട്ടം ശാരീരികവും വൈകാരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തെ ബാധിക്കാം. ഹോർമോൺ അധിഷ്ഠിതവും ഹോർമോൺ ഉപയോഗിക്കാത്തതുമായ ചികിത്സാരീതികൾ ഈ കാലത്തെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കാം.
ബോധവത്കരണത്തിനൊപ്പം ഗവേഷണത്തിനും ഊന്നൽ
സ്ത്രീകളുടെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും, ആർത്തവവിരാമത്തിലേക്കുള്ള മാറ്റത്തിന്റെ സമയത്തും, ആരോഗ്യത്തിന് തുടർച്ചയായ ശ്രദ്ധ ആവശ്യമാണെന്ന് ആയുഷ് മന്ത്രാലയ സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച പറഞ്ഞു. പ്രതിരോധം, അനുയോജ്യമായ ജീവിതശൈലി, വ്യക്തിഗത പരിചരണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സമഗ്ര സമീപനമാണ് ആയുർവേദത്തിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മേഖലയിലെ ഗവേഷണവും ശാസ്ത്രീയ സാധൂകരണവും ശക്തിപ്പെടുത്തുന്നതിനൊപ്പം സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധവും ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന പരിചരണരീതികളും പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ആർത്തവവിരാമത്തെ രോഗമായല്ല, സ്വാഭാവിക മാറ്റമായാണ് ആയുർവേദം കാണുന്നതെന്ന് കൗൺസിൽ ഡയറക്ടർ ജനറൽ പ്രൊഫസർ രബിനാരായൺ ആചാര്യ പറഞ്ഞു. രസായന ചികിത്സ, ഭക്ഷണ മാർഗനിർദേശങ്ങൾ, മാനസിക ക്ഷേമത്തിനുള്ള പരിശീലനങ്ങൾ എന്നിവയിലൂടെ ഈ ഘട്ടത്തെ സന്തുലിതമായി നേരിടാൻ സഹായിക്കാമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഹോർമോൺ സന്തുലിതാവസ്ഥ, എല്ലുകളുടെ ആരോഗ്യം, വൈകാരിക പ്രതിരോധശേഷി എന്നിവയെ പിന്തുണയ്ക്കുന്നതിൽ അശോകാരിഷ്ടം, ആമലകി രസായനം തുടങ്ങിയ പരമ്പരാഗത ഔഷധങ്ങളുടെ ഫലപ്രാപ്തി ശാസ്ത്രീയമായി പരിശോധിക്കുകയാണ് കൗൺസിലിന്റെ ഗവേഷണലക്ഷ്യം. ബോധവത്കരണത്തിലൂടെയും പ്രതിരോധ പരിചരണത്തിലൂടെയും സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിഗത പരിചരണവും വൈകാരിക പിന്തുണയും
ആർത്തവവിരാമം ശ്രദ്ധാപൂർവമായ പരിചരണം ആവശ്യമായ സ്വാഭാവിക മാറ്റമാണെന്ന് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോക്ടർ എൻ. ശ്രീകാന്ത് പറഞ്ഞു. കാലങ്ങളായി പിന്തുടരുന്ന ഭക്ഷണരീതികൾ, രസായന ചികിത്സ, യോഗ, വൈകാരിക ക്ഷേമത്തിനുള്ള മാർഗങ്ങൾ എന്നിവയിലൂടെ സന്തുലിതാവസ്ഥയും ഊർജവും ആത്മവിശ്വാസവും നിലനിർത്താൻ ആയുർവേദം സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. പരമ്പരാഗത അറിവിനെ ശാസ്ത്രീയ തെളിവുകളുള്ള പരിഹാരങ്ങളാക്കി മാറ്റി സ്ത്രീകളുടെ സമഗ്ര ആരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുകയാണ് കൗൺസിലിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
രസായന ചികിത്സ, ഭക്ഷണ മാർഗനിർദേശങ്ങൾ, കൗൺസലിങ്, യോഗ, ഔഷധക്കൂട്ടുകൾ എന്നിവ ഉൾപ്പെടുന്ന ബഹുമുഖ സമീപനമാണ് ആർത്തവവിരാമ ലക്ഷണങ്ങളുടെ പരിചരണത്തിനായി ആയുർവേദം മുന്നോട്ടുവയ്ക്കുന്നത്. ഊർജസ്വലത നിലനിർത്താനും ശരീരത്തിലെ ക്ഷയസംബന്ധമായ മാറ്റങ്ങളെ നേരിടാനും രസായന ഔഷധസസ്യങ്ങളും അനുയോജ്യമായ ജീവിതശൈലി മാറ്റങ്ങളും പരമ്പരാഗതമായി ഉപയോഗിക്കുന്നു. സ്വയംപരിചരണം, സമ്മർദനിയന്ത്രണം, കുടുംബത്തിന്റെ പിന്തുണ എന്നിവയിലൂടെ മാനസിക ക്ഷേമം ഉറപ്പാക്കുന്നതിനും പ്രാധാന്യം നൽകുന്നു.
ഔഷധങ്ങളും പോഷകാഹാരവും ശ്രദ്ധയോടെ
അശോകാരിഷ്ടം, ലോധ്രാസവം, ഉശീരാസവം, ചന്ദനാദി ലോഹം, ആമലകി രസായനം, മുക്താശുക്തി തുടങ്ങിയ പരമ്പരാഗത ആയുർവേദ ഔഷധങ്ങൾ ആർത്തവവിരാമവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്ക് ആയുർവേദ ചികിത്സയിൽ ഉപയോഗിക്കുന്നുണ്ട്. യോഗ്യതയുള്ള ആരോഗ്യവിദഗ്ധന്റെ മാർഗനിർദേശത്തോടെ മാത്രമേ ഇവ ഉപയോഗിക്കാവൂ എന്നാണ് മന്ത്രാലയത്തിന്റെ നിർദേശം.
വ്യക്തിഗത ആവശ്യങ്ങൾക്ക് അനുയോജ്യമായ, വൈവിധ്യമുള്ള സമീകൃതാഹാരം ആർത്തവവിരാമകാലത്തും അതിനുശേഷവും പൊതുവായ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ശരീരപ്രകൃതി, ദഹനസ്ഥിതി, ആരോഗ്യാവസ്ഥ എന്നിവ പരിഗണിച്ച് ആയുർവേദ ഭക്ഷണനിർദേശങ്ങളിൽ മാറ്റം വരുത്താം. പേശികളുടെ ശക്തിക്കും എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യത്തിന് പ്രോട്ടീൻ, കാൽസ്യം, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവ ലഭിക്കണം. ഭക്ഷണം മിതമായി കഴിക്കുക, എരിവും ഉപ്പും കൂടുതലുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗം ഒഴിവാക്കുക, മദ്യപാനം പരിമിതപ്പെടുത്തുക, പുകയില ഒഴിവാക്കുക, ശാരീരികവും വൈകാരികവുമായ സമ്മർദം നിയന്ത്രിക്കുക എന്നിവയ്ക്കും ആയുർവേദം പ്രാധാന്യം നൽകുന്നു.
യോഗയും സമയോചിത പരിചരണവും
ആസനങ്ങൾ, പ്രാണായാമം, ധ്യാനം എന്നിവ പതിവായി പരിശീലിക്കുന്നത് വൈകാരിക സന്തുലിതാവസ്ഥ, ഉറക്കത്തിന്റെ ഗുണനിലവാരം, പേശികളുടെയും എല്ലുകളുടെയും ആരോഗ്യം എന്നിവയെ പിന്തുണയ്ക്കാം. സേതുബന്ധാസനം, വിപരീതകരണിയാസനം, മാർജാരിയാസനം, ശവാസനം എന്നിവ വിശ്രമം ലഭിക്കാൻ സഹായിക്കുകയും ശരീരത്തിലെ പിടിത്തം, നടുവേദന, ക്ഷീണം എന്നിവ കുറയ്ക്കാൻ ഉപകരിക്കുകയും ചെയ്യാം. ശീതളി പ്രാണായാമം, ഭ്രാമരി പ്രാണായാമം, യോഗനിദ്ര എന്നിവയും വിശ്രമം, വൈകാരിക സന്തുലിതാവസ്ഥ, ഉറക്കം എന്നിവയ്ക്ക് സഹായകമായേക്കാം.
സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ആയുർവേദ സമീപനങ്ങളിൽ ശാസ്ത്രീയ തെളിവുകൾ സൃഷ്ടിക്കാനും ചികിത്സാഫലങ്ങൾ വിലയിരുത്താനും ശരിയായ അവബോധം വളർത്താനുമുള്ള ഗവേഷണം ആയുഷ് മന്ത്രാലയവും കൗൺസിലും തുടരുകയാണ്. ആർത്തവവിരാമത്തെ ആത്മവിശ്വാസത്തോടെ നേരിടാനും ആരോഗ്യം നിലനിർത്താനും കൂടുതൽ ബോധവത്കരണവും തുറന്ന ചർച്ചകളും സമയോചിതവും അനുയോജ്യവുമായ പരിചരണവും വേണമെന്ന് ലോക ആർത്തവവിരാമ ദിനത്തോടനുബന്ധിച്ച് മന്ത്രാലയം അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്കായി കൗൺസിലിന്റെ ‘മെനോപോസൽ സിൻഡ്രോം’ എന്ന ബോധവത്കരണ പ്രസിദ്ധീകരണം ലഭ്യമാണ്.
.