ന്യൂഡൽഹി / 2026 / ഒക്ടോബർ 17
നിലവിൽ ഏകദേശം 900 കോടി ഡോളർ മൂല്യമുള്ള ഇന്ത്യയുടെ ബഹിരാകാശ സമ്പദ്വ്യവസ്ഥ അടുത്ത ഏഴ് മുതൽ എട്ട് വർഷത്തിനുള്ളിൽ നാലായിരം മുതൽ നാലായിരത്തഞ്ഞൂറ് കോടി ഡോളറിലെത്തുമെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്. ന്യൂഡൽഹിയിൽ ഒക്ടോബർ 17ന് നടന്ന ‘ബഹിരാകാശം, പരമാധികാരം, പുതിയ സമ്പദ്വ്യവസ്ഥ’ എന്ന വിഷയത്തിലെ മാധ്യമ വട്ടമേശ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നതോടെ നിക്ഷേപം വർധിച്ചതായും മന്ത്രി വ്യക്തമാക്കി.
സാങ്കേതിക നേട്ടങ്ങളിൽ നിന്ന് ആഗോള ബിസിനസിലേക്ക്
സാങ്കേതിക കഴിവുകൾ തെളിയിക്കുന്ന ഘട്ടത്തിൽ നിന്ന് ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന വാണിജ്യ ബഹിരാകാശ കമ്പനികൾ വളർത്തുന്ന ഘട്ടത്തിലേക്ക് ഇന്ത്യ കടക്കണമെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. ആഭ്യന്തര, വിദേശ നിക്ഷേപം വർധിക്കണം. ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആവശ്യക്കാരുണ്ടാകുമെന്ന ഉറപ്പ്, വേഗത്തിലുള്ള നിയന്ത്രണ അനുമതികൾ, നിലനിൽപ്പുള്ള ബിസിനസ് മാതൃകകൾ എന്നിവയും വേണം. ഇന്ത്യൻ സംരംഭങ്ങൾ വളരാനും ആഗോള വിപണികളിൽ സാന്നിധ്യം വിപുലമാക്കാനും ഇവ നിർണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ബ്ലൂംബെർഗ് ന്യൂ ഇക്കോണമി ഫോറമാണ് ചർച്ച സംഘടിപ്പിച്ചത്. രാജ്യങ്ങൾ സ്വന്തമായി വികസിപ്പിച്ച ബഹിരാകാശ ശേഷിയെ വാണിജ്യരംഗത്ത് മത്സരിക്കാൻ കഴിയുന്ന വ്യവസായങ്ങളാക്കി എങ്ങനെ മാറ്റാമെന്നായിരുന്നു പ്രധാന ചർച്ച. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സ്വകാര്യ മൂലധനം ആകർഷിക്കുന്നതും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതും പരിശോധിച്ചു. മാറുന്ന ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥ, അന്താരാഷ്ട്ര പങ്കാളിത്തത്തിന്റെ പങ്ക്, സ്വകാര്യ ബഹിരാകാശ സംരംഭങ്ങൾ വിപുലമാക്കുന്നതിലെ വെല്ലുവിളികൾ എന്നിവയും ചർച്ചയായി.
ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററായ ഇൻസ്പേസിലെ പ്രമോഷൻ ഡയറക്ടർ വിനോദ് കുമാർ, സ്റ്റെംബോർഡ്, ലിംഗോ എന്നിവയുടെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ആയിഷ ബോവ് എന്നിവരും പങ്കെടുത്തു. ആയിഷ മുൻ നാസ എൻജിനീയറും ബ്ലൂ ഒറിജിൻ ബഹിരാകാശ യാത്രികയുമാണ്. ബഹിരാകാശ വ്യവസായം, സംരംഭകത്വം, വിദ്യാഭ്യാസരംഗം, അന്താരാഷ്ട്ര ബഹിരാകാശ സമൂഹം എന്നിവയിൽ നിന്നുള്ള പ്രതിനിധികളും ചർച്ചയ്ക്കെത്തി. ശാസ്ത്ര സാങ്കേതികം, ഭൗമശാസ്ത്രം എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് ജിതേന്ദ്ര സിങ്. പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്സണൽ, പൊതുപരാതി, പെൻഷൻ, ആണവോർജം, ബഹിരാകാശം എന്നീ വകുപ്പുകളുടെയും സഹമന്ത്രിയാണ് അദ്ദേഹം.
സ്വകാര്യ പങ്കാളിത്തം തുറന്നത് പുതിയ അവസരങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2019–2020 കാലത്ത് ഇന്ത്യയുടെ ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നത് അഞ്ചാറ് വർഷത്തിനുള്ളിൽ ശ്രദ്ധേയമായ ഫലങ്ങളുണ്ടാക്കിയെന്ന് മന്ത്രി പറഞ്ഞു. വലിയ സാങ്കേതിക വൈദഗ്ധ്യവും നിക്ഷേപവും ദീർഘകാല പ്രതിബദ്ധതയും ആവശ്യമായ മേഖലയാണിത്. ഇവിടെ സർക്കാർ സ്ഥാപനങ്ങളെയും സ്വകാര്യ വ്യവസായത്തെയും ഒരുമിപ്പിക്കുന്നതിന്റെ സാധ്യതയാണ് ഇന്ത്യയുടെ അനുഭവം കാണിക്കുന്നത്. ഈ ശേഷികളെ അന്താരാഷ്ട്രതലത്തിൽ മത്സരിക്കാൻ കഴിയുന്ന, വാണിജ്യപരമായി നിലനിൽപ്പുള്ള സംരംഭങ്ങളാക്കി മാറ്റുന്നതിനാണ് ഇനി മുൻഗണന.
സ്വകാര്യ ബഹിരാകാശ കമ്പനികളുടെ വളർച്ചയ്ക്ക് അവരുടെ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആവശ്യക്കാരെ സൃഷ്ടിക്കണം. സാങ്കേതികവിദ്യയുടെ ഉപയോഗസാധ്യതകൾ അടിസ്ഥാനമാക്കിയുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ പ്രധാന ഉപഭോക്താവാകുന്നതും ആശയം പ്രായോഗികമാണെന്ന് തെളിയിക്കുന്ന പരീക്ഷണപദ്ധതികൾക്ക് പിന്തുണ നൽകുന്നതും സംരംഭങ്ങൾക്ക് സഹായമാകും. സാങ്കേതികവിദ്യ തെളിയിച്ച് വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗത്തിലേക്ക് കടക്കാനും ഇതിലൂടെ കഴിയും. സ്ഥിരമായ ഉപഭോക്തൃ അടിത്തറയുണ്ടാകുമെന്ന ഉറപ്പ് ഉൽപ്പാദനത്തിൽ നിക്ഷേപിക്കാനും വിപണിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനും സ്ഥിരവരുമാനം ഉറപ്പാക്കാനും കമ്പനികൾക്ക് ആത്മവിശ്വാസം നൽകും.
അനുമതികൾക്ക് സമയപരിധി, ബിസിനസ് ചെലവ് കുറയണം
നിയന്ത്രണ അനുമതികൾ സമയബന്ധിതമായി ലഭിക്കണമെന്നും ബിസിനസ് നടത്താനുള്ള ചെലവ് കുറയണമെന്നും ജിതേന്ദ്ര സിങ് ആവശ്യപ്പെട്ടു. വിതരണ ശൃംഖലകളുമായുള്ള ബന്ധവും ശക്തിപ്പെടുത്തണം. സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനോ കയറ്റുമതിക്കോ ലൈസൻസ് തേടുന്ന കമ്പനികൾക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ അനുമതി ലഭിക്കണം. ബഹിരാകാശ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട ജിഎസ്ടി നടപടികൾ പരാമർശിച്ച മന്ത്രി, പരിഷ്കാരങ്ങൾ വ്യവസായത്തിന് പ്രായോഗിക നേട്ടങ്ങളായി മാറണമെന്ന് പറഞ്ഞു. ആവശ്യക്കാരുണ്ടാകുമെന്ന ഉറപ്പും കാര്യക്ഷമമായ നടപടിക്രമങ്ങളും വാണിജ്യവളർച്ചയ്ക്കുള്ള വ്യക്തമായ വഴിയുമുണ്ടാകുമ്പോഴാണ് നിക്ഷേപം നിലനിൽപ്പുള്ളതാകുന്നത്.
തദ്ദേശീയ ശേഷി ശക്തിപ്പെടുത്തുന്നതിനൊപ്പം മൂലധനത്തിനും പങ്കാളിത്തത്തിനുമുള്ള അവസരങ്ങൾ ഇന്ത്യ തുറക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ നിക്ഷേപം സാങ്കേതികവിദ്യാ വികസനത്തിനും നിർമാണത്തിനും അന്താരാഷ്ട്ര വിപണികളിലേക്കുള്ള പ്രവേശനത്തിനും സഹായിക്കും. അതേസമയം, ദേശീയ സുരക്ഷയ്ക്കും തന്ത്രപരമായ സ്വയംപര്യാപ്തതയ്ക്കും ആഭ്യന്തര ശേഷി പ്രധാനമാണ്. ഇന്ത്യൻ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സംരംഭങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണം. അതിനൊപ്പം വിദേശത്തെ സമാന സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തവും വേണം.
ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ആഗോള വിതരണ ശൃംഖലകളിൽ ചേരാനും ഉപഭോക്തൃ അടിത്തറ വിപുലമാക്കാനും വിശാലമായ ബഹിരാകാശ സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന നൽകാനും ഈ സമീപനം ഇന്ത്യൻ കമ്പനികളെ സഹായിക്കും. ഇന്ത്യയിലെ പൊതുമേഖലാ, സ്വകാര്യ സംരംഭങ്ങളുടെ കരുത്തും വിദേശ പങ്കാളികളുടെ കഴിവുകളും ഒരുമിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ബഹിരാകാശ സാങ്കേതികവിദ്യയുടെ നേട്ടം ഭൂമിയിലും
ബഹിരാകാശത്തെ നേട്ടങ്ങൾ മാത്രമല്ല, ഭൂമിയിലെ ആവശ്യങ്ങൾക്കായി സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നതും ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ പ്രത്യേകതയാണെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. ഉപഗ്രഹ ആശയവിനിമയം, ഭൗമസ്ഥാന വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ, ഭൗമനിരീക്ഷണം എന്നിവ അടിസ്ഥാനസൗകര്യ വികസനം, പദ്ധതി നിരീക്ഷണം, കൃഷി, ദുരന്തനിവാരണം, പ്രതിരോധം എന്നീ മേഖലകളെ സഹായിക്കുന്നു.
പദ്ധതികൾക്ക് അനുമതി നൽകുന്നതിനും നടപ്പാക്കൽ സമയക്രമം നിരീക്ഷിക്കുന്നതിനും വികസനപ്രവർത്തനങ്ങളുടെ സ്ഥാനം ജിയോടാഗ് ചെയ്യുന്നതിനും ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മ്യാൻമർ, ബംഗ്ലാദേശ്, ശ്രീലങ്ക ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾക്ക് ദുരന്തനിവാരണത്തിനായി ബഹിരാകാശ അധിഷ്ഠിത വിവരങ്ങളും സഹായവും ഇന്ത്യ നൽകുന്നുണ്ട്. ബഹിരാകാശ ശേഷിയിലെ നിക്ഷേപം പൊതുസേവനങ്ങൾ മെച്ചപ്പെടുത്താനും വികസനത്തെ സഹായിക്കാനും വാണിജ്യ ഉപയോഗത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കാനും എങ്ങനെ പ്രയോജനപ്പെടുന്നുവെന്നാണ് ഇവ വ്യക്തമാക്കുന്നത്.
സാങ്കേതിക നേട്ടങ്ങളെ പ്രായോഗിക ഉപയോഗങ്ങളുമായും ജനങ്ങളുടെ ആവശ്യങ്ങളുമായും ബന്ധിപ്പിക്കുന്നതിലാണ് ഈ മേഖലയുടെ വിശാലമായ സാമ്പത്തിക മൂല്യമെന്ന് മന്ത്രി പറഞ്ഞു. വിക്ഷേപണ വാഹനങ്ങൾക്കും ഉപഗ്രഹങ്ങൾക്കുമൊപ്പം അവയിൽ നിന്നുള്ള വിവരങ്ങളും സൗകര്യങ്ങളും ഉപയോഗിച്ചുള്ള സേവനങ്ങളും വളരണം. വിവരാധിഷ്ഠിത പരിഹാരങ്ങളും വ്യാവസായിക ഉപയോഗങ്ങളും ഇന്ത്യൻ ബഹിരാകാശ കമ്പനികളുടെ വിപണി വികസിപ്പിക്കുന്നതിൽ പ്രധാനമാകും.
സ്വന്തം കരുത്തിനൊപ്പം അന്താരാഷ്ട്ര സഹകരണവും
ദേശീയ ബഹിരാകാശ ശേഷിയും അന്താരാഷ്ട്ര സഹകരണവും പരസ്പരം മത്സരിക്കുന്ന ലക്ഷ്യങ്ങളാകേണ്ടതില്ലെന്ന് ജിതേന്ദ്ര സിങ് വ്യക്തമാക്കി. ഇന്ത്യ സ്വന്തം സാങ്കേതിക കരുത്ത് വർധിപ്പിക്കുന്നതിനൊപ്പം വ്യവസായത്തിനുള്ള അവസരങ്ങൾ വിപുലമാക്കാൻ ആഗോള പങ്കാളികളുമായി പ്രവർത്തിക്കണം. ആഭ്യന്തര, അന്താരാഷ്ട്ര തലങ്ങളിലെ ശക്തമായ പൊതുസ്വകാര്യ പങ്കാളിത്തം നിക്ഷേപത്തിനും സാങ്കേതികവിദ്യാ വികസനത്തിനും സഹായിക്കും. വിതരണ ശൃംഖലകളുമായുള്ള ബന്ധവും പുതിയ വിപണികളിലേക്കുള്ള പ്രവേശനവും ഇതിലൂടെ ശക്തിപ്പെടും.
പുരോഗമനപരമായ ആശയങ്ങളെ സ്വീകരിക്കാനും സാങ്കേതികവിദ്യയുടെയും വ്യവസായത്തിന്റെയും ആവശ്യങ്ങൾ മാറുന്നതിനനുസരിച്ച് നയങ്ങൾ പുതുക്കാനും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള പൊതുസ്ഥാപനങ്ങൾക്കൊപ്പം പുതിയ സംരംഭകർക്കും സംഭാവന നൽകാൻ അവസരമൊരുക്കുന്നതിന്റെ പ്രാധാന്യമാണ് സ്വകാര്യ പങ്കാളിത്തത്തിനായി ബഹിരാകാശ മേഖല തുറന്നത് വ്യക്തമാക്കുന്നത്.
സാങ്കേതിക കരുത്തിനെ വാണിജ്യവിജയം നേടുന്ന സംരംഭങ്ങളാക്കി മാറ്റുന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ അടുത്തഘട്ട വളർച്ച. കൂടുതൽ നിക്ഷേപം, ആവശ്യക്കാരുണ്ടാകുമെന്ന ഉറപ്പ്, കാര്യക്ഷമമായ നിയന്ത്രണ നടപടിക്രമങ്ങൾ, തദ്ദേശീയ ശേഷി, അന്താരാഷ്ട്ര പങ്കാളിത്തം എന്നിവ ഈ മാറ്റത്തിന്റെ കേന്ദ്രഘടകങ്ങളാകും. ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥയിൽ ഇന്ത്യയ്ക്ക് കൂടുതൽ വലിയ പങ്ക് നേടാനും ഇവ വഴിയൊരുക്കും.
.
