ന്യൂഡൽഹി / 2026 / ഒക്ടോബർ 17
മഹാരാഷ്ട്ര, ഒഡിഷ, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ അഞ്ച് ഐടിഐ ക്ലസ്റ്ററുകൾ നവീകരിക്കാൻ 1,194.92 കോടി രൂപയുടെ നിക്ഷേപപദ്ധതികൾക്ക് അംഗീകാരം. ഒക്ടോബർ 16ന് ചേർന്ന പിഎം സേതു പദ്ധതിയുടെ ആറാമത് ദേശീയ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം വ്യവസായമേഖലയ്ക്ക് ആവശ്യമായ തൊഴിൽപരിശീലനം നൽകുകയാണ് ലക്ഷ്യം.
കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം സെക്രട്ടറി ദേബശ്രീ മുഖർജിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. സംസ്ഥാന സർക്കാരുകളും വ്യവസായ പങ്കാളികളും ഐടിഐകളും ചേർന്നാണ് പദ്ധതികൾ നടപ്പാക്കുക. പുതിയ കോഴ്സുകൾ തുടങ്ങുക, പരിശീലകരുടെ കഴിവുകൾ മെച്ചപ്പെടുത്തുക, വ്യവസായ സ്ഥാപനങ്ങളുമായുള്ള ബന്ധം ശക്തമാക്കുക എന്നിവയ്ക്കാണ് മുൻഗണന.

പുതിയ അനുമതികളോടെ പിഎം സേതുവിൽ ഇതുവരെ അംഗീകരിച്ച മൊത്തം നിക്ഷേപം 3,687 കോടി രൂപയായി. ഐടിഐകളെ ആധുനിക തൊഴിൽപരിശീലന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ ക്ലസ്റ്ററിലും ഒരു പ്രധാന ഐടിഐയെ കേന്ദ്രമാക്കി മറ്റ് നാല് ഐടിഐകളെ ബന്ധിപ്പിച്ചാണ് നവീകരണം നടത്തുന്നത്.
ഒഡിഷയിൽ ടാറ്റ സ്റ്റീൽ ഫൗണ്ടേഷനുമായി കൈകോർത്ത് നവീകരണം
ഒഡിഷയിലെ കട്ടക്ക് ഐടിഐ ക്ലസ്റ്ററിന് 240.50 കോടി രൂപയുടെ പദ്ധതിയാണ് അംഗീകരിച്ചത്. ടാറ്റ സ്റ്റീൽ ഫൗണ്ടേഷനാണ് വ്യവസായ പങ്കാളി. കട്ടക്ക് സർക്കാർ ഐടിഐയായിരിക്കും ക്ലസ്റ്ററിന്റെ പ്രധാന കേന്ദ്രം.
ചൗദ്വാറിലെ മധുസൂദൻ സർക്കാർ ഐടിഐ, പാരദീപ്, ജാജ്പുർ, ധേൻകനാൽ സർക്കാർ ഐടിഐകൾ എന്നിവയും ഇതിന്റെ ഭാഗമാകും. മേഖലയിലെ പുതിയ തൊഴിൽ ആവശ്യങ്ങൾക്കനുസരിച്ച് പരിശീലനപരിപാടികൾ തുടങ്ങും. അടിസ്ഥാനസൗകര്യങ്ങളും വ്യവസായ സ്ഥാപനങ്ങളുമായുള്ള ബന്ധവും മെച്ചപ്പെടുത്തും.
മഹാരാഷ്ട്രയിൽ രണ്ട് ക്ലസ്റ്ററുകൾക്ക് പുതിയ സൗകര്യങ്ങൾ
പുണെ ക്ലസ്റ്ററിന് 241 കോടി രൂപ അനുവദിച്ചു. ബിവിജി ഫൗണ്ടേഷനുമായി ചേർന്ന് ബിവിജി ഇന്ത്യ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുക. പുണെയിലെ ഔന്ധ് സർക്കാർ ഐടിഐ പ്രധാന കേന്ദ്രമാകും. ഔന്ധ് വനിതാ ഐടിഐ, പിംപ്രി ചിഞ്ച്വഡ്, ഖേഡ് രാജ്ഗുരുനഗർ, മുൾഷി സർക്കാർ ഐടിഐകൾ അനുബന്ധ കേന്ദ്രങ്ങളാകും.
ഛത്രപതി സംഭാജിനഗർ ക്ലസ്റ്ററിന് 238.01 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരമായി. ബെൽറൈസ് ഇൻഡസ്ട്രീസ് ലിമിറ്റഡാണ് പങ്കാളി. ഛത്രപതി സംഭാജിനഗർ സർക്കാർ ഐടിഐയെ കേന്ദ്രമാക്കി പൈഠൺ, ഖുൽത്താബാദ്, ഫുലാംബ്രി, ഗംഗാപുർ സർക്കാർ ഐടിഐകളെ ബന്ധിപ്പിച്ചാണ് നവീകരണം.
ജമ്മുവിൽ അഞ്ച് ഐടിഐകൾക്ക് നേട്ടം
ജമ്മു ഐടിഐ ക്ലസ്റ്ററിന് 240 കോടി രൂപയുടെ നിക്ഷേപപദ്ധതിയാണ് അംഗീകരിച്ചത്. ഈഗിൾ ഇൻഫ്ര ഇന്ത്യ ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. ജമ്മു സർക്കാർ ഐടിഐയായിരിക്കും പ്രധാന കേന്ദ്രം.
ആർ എസ് പുര, നൗഷേര, സാംബ, കഠുവ സർക്കാർ ഐടിഐകളും ക്ലസ്റ്ററിൽ ഉൾപ്പെടും. പരിശീലനസൗകര്യങ്ങൾ നവീകരിക്കുന്നതിനൊപ്പം യുവാക്കളുടെ തൊഴിൽസാധ്യത മെച്ചപ്പെടുത്തുന്ന കോഴ്സുകൾക്കും വ്യവസായ പങ്കാളിത്തത്തിനും പ്രാധാന്യം നൽകും.
ശ്രീനഗർ ക്ലസ്റ്ററിന് 235.41 കോടി രൂപ
ശ്രീനഗർ ഐടിഐ ക്ലസ്റ്ററിന് 235.41 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചു. ഇന്ദർദീപ് ഇൻഫ്ര ഇന്ത്യ ലിമിറ്റഡാണ് വ്യവസായ പങ്കാളി. ശ്രീനഗർ സർക്കാർ ഐടിഐയെ പ്രധാന കേന്ദ്രമാക്കിയാണ് പ്രവർത്തനം.
ഗന്ദർബൽ, കംഗൻ, ബഡ്ഗാം, ചരാർ ഇ ഷരീഫ് സർക്കാർ ഐടിഐകളും ഇതിന്റെ ഭാഗമാകും. നൈപുണ്യപരിശീലനം ശക്തിപ്പെടുത്തുന്നതിൽ ജമ്മു കശ്മീർ കൈവരിച്ച പുരോഗതി പ്രോത്സാഹനകരമാണെന്ന് ദേബശ്രീ മുഖർജി പറഞ്ഞു.
പരിശീലനത്തിന്റെ നിലവാരം ഉയർത്താനും ഊന്നൽ
ക്ലസ്റ്ററുകൾ ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടാൻ ശ്രമിക്കണമെന്ന് യോഗം നിർദേശിച്ചു. അംഗീകരിച്ച നടപ്പാക്കൽ പദ്ധതികളിൽ ലോക നൈപുണ്യ മാനദണ്ഡങ്ങളോട് ചേർന്നുനിൽക്കുന്ന ഒരു ട്രേഡോ നൈപുണ്യമേഖലയോ എങ്കിലും ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. മികച്ച പരിശീലനത്തിലൂടെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
പരിശീലകരെ സജ്ജമാക്കാനുള്ള പിഎം സേതുവിന്റെ രണ്ടാം ഘടകത്തിന്റെ പുരോഗതിയും യോഗം വിലയിരുത്തി. 2026 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് ദേശീയ നൈപുണ്യ പരിശീലന സ്ഥാപനങ്ങളിലൂടെ 3,744 പരിശീലകർക്ക് പരിശീലനം നൽകി. ആധുനിക സാങ്കേതികവിദ്യയിലും പഠിപ്പിക്കുന്ന രീതികളിലും പരിശീലകരുടെ കഴിവ് മെച്ചപ്പെടുത്തുകയാണ് ഈ ഘടകത്തിന്റെ ലക്ഷ്യം.

