ന്യൂഡല്‍ഹി നവംബര്‍ 9: വര്‍ഷങ്ങള്‍ നീണ്ട അയോദ്ധ്യകേസില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് രാവിലെ 10.30യ്ക്ക് വിധി പ്രസ്താവിക്കുക. അയോദ്ധ്യ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ കേസില്‍ ശാശ്വത പരിഹാരം കാണുന്ന വിധിയാണ് ഇന്ന് വരുന്നത്. രാജ്യവ്യാപകമായി കനത്ത സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.
ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി, ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് വിധി പറയുന്ന അഞ്ചംഗ ബഞ്ചിലെ ജഡ്ജിമാര്‍. ഇവര്‍ക്കും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
4000 കേന്ദ്ര പോലീസ് സേനാംഗങ്ങള്‍കൂടി വെള്ളിയാഴ്ച അയോദ്ധ്യയില്‍ സുരക്ഷാചുമതലയേറ്റു. അയോദ്ധ്യയിലും സമീപ ജില്ലയായ അംബേദ്ക്കര്‍ നഗറിലുമായി 20 താത്കാലിക ജയിലുകള്‍ തുറന്നിട്ടുണ്ട്. 18 കോളേജുകളും 2 സര്‍ക്കാര്‍ കെട്ടിടങ്ങളുമാണ് ജയിലാക്കി മാറ്റിയിരിക്കുന്നത്. അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനായി ലഖ്നൗവിലും അയോദ്ധ്യയിലും രണ്ട് ഹെലികോപ്റ്ററുകളും ലഖ്നൗവില്‍ ഒരു വിമാനവും സജ്ജമാക്കി നിര്‍ത്തും.

