ന്യൂഡൽഹി / 2026 / സെപ്റ്റംബർ 20
ഗ്രാമീണ കുടുംബങ്ങളിലേക്ക് സർക്കാർ പദ്ധതികളും അടിസ്ഥാന സേവനങ്ങളും നേരിട്ട് എത്തിക്കാൻ രാജ്യത്ത് ലക്ഷക്കണക്കിന് മുൻനിര പ്രവർത്തകർ സേവനം നൽകുന്നതായി കേന്ദ്ര സർക്കാരിന്റെ പശ്ചാത്തലക്കുറിപ്പ്. ഒമ്പത് ലക്ഷത്തിലധികം കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർക്കൊപ്പം ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, സ്വച്ഛാഗ്രഹികൾ, ആവാസ് മിത്രമാർ തുടങ്ങിയവരാണ് ഗ്രാമതലത്തിൽ പ്രവർത്തിക്കുന്നത്. ഉപജീവനം, ആരോഗ്യം, പോഷണം, ശുചിത്വം, കുടിവെള്ളം, ഭവനം, ധനകാര്യ ഉൾക്കൊള്ളൽ തുടങ്ങി വിവിധ മേഖലകളിൽ ഇവരുടെ സേവനം വ്യാപിച്ചിരിക്കുന്നു.
ഒമ്പത് ലക്ഷത്തിലധികം കമ്മ്യൂണിറ്റി പ്രവർത്തകർ
ഒമ്പത് ലക്ഷത്തിലധികം കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരിൽ ഏകദേശം 4.08 ലക്ഷം പേർ കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, വനോൽപ്പന്നങ്ങൾ, സംരംഭ വികസനം തുടങ്ങിയ ഉപജീവന മേഖലകളിലാണ് പ്രവർത്തിക്കുന്നത്. ശേഷിക്കുന്നവർ ബാങ്കിങ്, ഇൻഷുറൻസ്, ധനകാര്യ സാക്ഷരത, ലിംഗസമത്വ ബോധവത്കരണം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിൽ ഗ്രാമീണ കുടുംബങ്ങളെ സഹായിക്കുന്നു. പരിശീലനം, രേഖകൾ തയ്യാറാക്കൽ, പദ്ധതികളുമായി ബന്ധിപ്പിക്കൽ, സേവനലഭ്യത ഉറപ്പാക്കൽ എന്നിവയും ഇവരുടെ ചുമതലയിലുണ്ട്.
പത്ത് കോടിയിലധികം കുടുംബങ്ങൾ സ്വയംസഹായ സംഘങ്ങളിൽ
ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി പത്ത് കോടിയിലധികം ഗ്രാമീണ കുടുംബങ്ങളെ ഏകദേശം 92 ലക്ഷം സ്വയംസഹായ സംഘങ്ങളിലായി കൂട്ടിയിണക്കിയിട്ടുണ്ട്. 1.91 ലക്ഷത്തിലധികം കൃഷി സഖിമാരും 1.70 ലക്ഷം പശു സഖിമാരും 2,012-ലധികം മത്സ്യ സഖിമാരും ഗ്രാമീണ ഉപജീവന രംഗത്ത് പ്രവർത്തിക്കുന്നു. 2025 ജൂൺ വരെ 4.62 കോടി വനിതാ കർഷകർ കാർഷിക ഉപജീവന ഇടപെടലുകളുടെ പരിധിയിലെത്തിയിരുന്നു. 2026 ജൂൺ വരെ ഗ്രാമീണ സംരംഭകത്വ പദ്ധതിയിലൂടെ 4.32 ലക്ഷം സംരംഭങ്ങൾക്ക് പിന്തുണ നൽകിയതായും കേന്ദ്രം പറയുന്നു.
ബാങ്കിങ് മുതൽ ആരോഗ്യം വരെ വീടുകളിലേക്ക്
1.48 ലക്ഷത്തിലധികം ബാങ്കിങ് കറസ്പോണ്ടന്റ് സഖിമാർ ഗ്രാമങ്ങളിൽ അക്കൗണ്ട് തുറക്കൽ, പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, പണമിടപാട് തുടങ്ങിയ സേവനങ്ങൾ നൽകുന്നു. ബാങ്ക് സഖിമാരുടെ സഹായത്തോടെ 2013-14 മുതൽ സ്വയംസഹായ സംഘങ്ങൾക്ക് 13.41 ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്പ ലഭിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025 ഡിസംബർ 31-ലെ കണക്കുപ്രകാരം 10.40 ലക്ഷത്തിലധികം ആശാ പ്രവർത്തകരും ആരോഗ്യ സേവനങ്ങളുടെ ആദ്യ സമ്പർക്കകേന്ദ്രമായി പ്രവർത്തിക്കുന്നു. 2026 മാർച്ചോടെ 10.58 ലക്ഷത്തിലധികം അങ്കണവാടി പ്രവർത്തകർക്ക് പരിശീലനവും നൽകിയിട്ടുണ്ട്.
വെള്ളം, ശുചിത്വം, ഭവനം; ഗ്രാമതലത്തിൽ തുടർച്ചയായ സഹായം
സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ ഭാഗമായി 10.36 ലക്ഷത്തിലധികം പ്രവർത്തകരും 36,342 മാസ്റ്റർ പരിശീലകരും പരിശീലനം നേടിയിട്ടുണ്ട്. ജൽ ജീവൻ മിഷനിൽ രാജ്യത്താകെ 5.33 ലക്ഷത്തിലധികം ഗ്രാമ ജല-ശുചിത്വ സമിതികളും പാനി സമിതികളും പ്രവർത്തിക്കുന്നു. നൽ ജൽ മിത്രമാർക്ക് പ്ലംബിങ്, വൈദ്യുതി, പമ്പ് പ്രവർത്തനം തുടങ്ങിയ സാങ്കേതിക പരിശീലനവും നൽകുന്നു. പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ പദ്ധതിയിൽ ആവാസ് മിത്രമാർ ഗുണഭോക്തൃ തിരിച്ചറിയൽ മുതൽ വീട് പൂർത്തിയാകുന്നതുവരെ സഹായം നൽകുന്നു. 2029 മാർച്ചോടെ 4.95 കോടി വീടുകൾ നിർമിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഒരേ കുടുംബത്തിലേക്ക് പല സേവനങ്ങൾ
മുൻനിര പ്രവർത്തകരെ ഓരോ പദ്ധതിയുടെയും സഹായികളായി മാത്രം കാണാതെ ഒരേ കുടുംബത്തെ ഉപജീവനം, ആരോഗ്യം, പോഷണം, ശുചിത്വം, ധനകാര്യ സേവനങ്ങൾ എന്നിവയുമായി ഒരേസമയം ബന്ധിപ്പിക്കുന്ന സംവിധാനമായാണ് കേന്ദ്രം വികസിപ്പിക്കുന്നത്. ആശാ പ്രവർത്തകർ ആരോഗ്യത്തിനൊപ്പം പോഷണം, ശുചിത്വം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച ബോധവത്കരണത്തിലും ഇടപെടുന്നു. ലിംഗസമത്വ കമ്മ്യൂണിറ്റി പ്രവർത്തകർ വിവേചനം, അതിക്രമം, സാമൂഹിക ഒഴിവാക്കൽ തുടങ്ങിയ വിഷയങ്ങളിലും പ്രവർത്തിക്കുന്നു. തുടർച്ചയായ പരിശീലനവും ഗ്രാമത്തിൽ സ്ഥിരമായ സാന്നിധ്യവും വഴി സർക്കാർ പദ്ധതികൾ കുടുംബതലത്തിൽ യാഥാർഥ്യമായ സേവനങ്ങളാക്കുകയാണ് ലക്ഷ്യമെന്ന് പി.ഐ.ബി പശ്ചാത്തലക്കുറിപ്പ് വ്യക്തമാക്കുന്നു.