ന്യൂഡൽഹി / 2026 / സെപ്റ്റംബർ 10
ബ്രിക്സിന്റെ പതിനെട്ടാമത് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിലാണ് ഉച്ചകോടി. ബ്രിക്സിന്റെ അധ്യക്ഷപദവി ഇന്ത്യ ഏറ്റെടുക്കുന്നത് ഇത് നാലാം തവണയാണ്. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവ മുൻനിർത്തിയുള്ളതാണ് 2026ലെ ഇന്ത്യയുടെ അധ്യക്ഷപദവി. വികസനം, ധനകാര്യം, സാങ്കേതികവിദ്യ, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയാണ് ചർച്ചകളിലെ പ്രധാന മേഖലകൾ.
ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യു.എ.ഇ. എന്നീ 11 രാജ്യങ്ങളാണ് ഇപ്പോൾ ബ്രിക്സിലുള്ളത്. ലോകജനസംഖ്യയുടെ 49.5 ശതമാനവും ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 40 ശതമാനവും ആഗോള വ്യാപാരത്തിന്റെ 26 ശതമാനവും ഈ രാജ്യങ്ങൾ ചേർന്ന് പ്രതിനിധീകരിക്കുന്നു. ആഗോള ഭരണസംവിധാനങ്ങളിൽ വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്.
നാല് രാജ്യങ്ങളിൽ നിന്ന് 11 അംഗങ്ങളിലേക്ക്
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെ സൂചിപ്പിക്കുന്ന ‘ബ്രിക്’ എന്ന പേര് 2001ലാണ് രൂപപ്പെട്ടത്. 2006ൽ രാഷ്ട്രീയ സഹകരണ വേദിയായി കൂട്ടായ്മ ഔപചാരികമായി രൂപംകൊണ്ടു. 2009ൽ റഷ്യയിലെ യെകാതെറിൻബർഗിൽ ആദ്യ ഉച്ചകോടി നടന്നു. ദക്ഷിണാഫ്രിക്ക 2011ൽ പൂർണ അംഗമായതോടെ ബ്രിക്, ബ്രിക്സായി മാറി.
2024ന് ശേഷം വലിയ വിപുലീകരണം
2024 ജനുവരിയിൽ ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങൾ പൂർണ അംഗങ്ങളായി. 2025 ജനുവരിയിൽ ഇന്തോനേഷ്യ പതിനൊന്നാമത്തെ അംഗമായി. ഇതോടൊപ്പം പങ്കാളി രാജ്യങ്ങൾക്കായി പ്രത്യേക സംവിധാനവും രൂപീകരിച്ചു. ബെലാറസ്, ബൊളീവിയ, ക്യൂബ, കസാഖ്സ്ഥാൻ, മലേഷ്യ, നൈജീരിയ, തായ്ലൻഡ്, ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ 2025ൽ ഈ സംവിധാനത്തിന്റെ ഭാഗമായി.
350ലേറെ യോഗങ്ങൾ, 25 നഗരങ്ങൾ
2026 ജനുവരി ഒന്നിന് ഇന്ത്യ നാലാം ബ്രിക്സ് അധ്യക്ഷപദവി ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി 25 നഗരങ്ങളിലായി 350ലേറെ യോഗങ്ങളും ഉന്നതതല കൂടിക്കാഴ്ചകളും നടന്നു. രാഷ്ട്രീയം-സുരക്ഷ, സാമ്പത്തിക-ധനകാര്യ സഹകരണം, സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ള ബന്ധവും എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിലാണ് പ്രവർത്തനം കേന്ദ്രീകരിച്ചത്.
കൃഷി മുതൽ ആരോഗ്യവും നഗരവികസനവും വരെ
കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള കൃഷിക്കായി ബ്രിക്സ് മികവിന്റെ കേന്ദ്രങ്ങൾ രൂപീകരിക്കാനും ഡിജിറ്റൽ കൃഷി ശൃംഖല ശക്തിപ്പെടുത്താനും ധാരണയായി. കൃത്രിമബുദ്ധി അധിഷ്ഠിത കൃഷി സംവിധാനങ്ങൾ, വിത്ത്-ജനിതക വിഭവ സഹകരണം, ആരോഗ്യകരമായ ജീവിതശൈലി പദ്ധതി, മാനസികാരോഗ്യ പരിശീലന ശൃംഖല എന്നിവയും മുന്നോട്ട് വച്ചു. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി ഡിജിറ്റൽ സഹകരണ വേദി, സ്റ്റാർട്ടപ്പുകൾക്കായി നവീകരണ നിധി, ശാസ്ത്ര ഗവേഷണ ശേഖരം എന്നിവയും 2026ലെ പ്രധാന തീരുമാനങ്ങളിലുണ്ട്.
ഊർജം, നഗര ഗതാഗതം, വ്യാപാരം
സ്മാർട്ട് ഗ്രിഡുകൾക്കും ഊർജ സംഭരണത്തിനുമായി മാർഗനിർദേശ തത്വങ്ങൾ അംഗീകരിച്ചു. നഗര ഗതാഗത സഹകരണ വേദിയും കാലാവസ്ഥാ പ്രതിരോധശേഷിയുള്ള നഗര അടിസ്ഥാനസൗകര്യ മാർഗരേഖയും രൂപീകരിച്ചു. ചരക്ക് ഗതാഗതവും വിതരണ ശൃംഖലയും കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമാക്കാനുള്ള സഹകരണ ചട്ടക്കൂടും മുന്നോട്ട് വച്ചു. കസ്റ്റംസ് സഹകരണം ശക്തിപ്പെടുത്താനും നിലവാര നിർണയത്തിൽ പരസ്പര സഹകരണം വർധിപ്പിക്കാനും അംഗരാജ്യങ്ങൾ ധാരണയിലെത്തി.
ഇതിന് മുമ്പ് 2012, 2016, 2021 വർഷങ്ങളിലാണ് ഇന്ത്യ ബ്രിക്സ് അധ്യക്ഷപദവി വഹിച്ചത്. 2012ലെ ന്യൂഡൽഹി ഉച്ചകോടി പുതിയ വികസന ബാങ്കിന്റെ ആശയം മുന്നോട്ടുവച്ചു. 2016ലെ ഗോവ ഉച്ചകോടിയിൽ ഭീകരവിരുദ്ധ പ്രവർത്തനം, വ്യാപാരം, നവീകരണം, ശുദ്ധ ഊർജം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി. 2021ലെ അധ്യക്ഷപദവിക്കിടെ ഏകീകൃത ഭീകരവിരുദ്ധ പ്രവർത്തനപദ്ധതി, ഡിജിറ്റൽ ആരോഗ്യ ഉച്ചകോടി, വാക്സിൻ ഗവേഷണ സഹകരണം, ദൂരസംവേദന ഉപഗ്രഹ സഹകരണം തുടങ്ങിയ മേഖലകളിൽ മുന്നേറ്റമുണ്ടായി.
2026ലെ അധ്യക്ഷപദവിയിലൂടെ അംഗസംഖ്യയുടെ വളർച്ചയെ പ്രായോഗിക സഹകരണമായി മാറ്റുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആഗോള സാമ്പത്തിക വിഭജനം, സാങ്കേതിക മാറ്റങ്ങൾ, കാലാവസ്ഥാ വെല്ലുവിളികൾ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം എന്നിവ നേരിടാൻ കൂടുതൽ കൂട്ടായ പ്രവർത്തനം വേണമെന്നാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന നിലപാട്. ആഗോള ദക്ഷിണ മേഖലയ്ക്ക് ശക്തമായ ശബ്ദം നൽകുന്ന, പരിഹാരകേന്ദ്രിതമായ വേദിയായി ബ്രിക്സിനെ കൂടുതൽ ശക്തിപ്പെടുത്താനാണ് ശ്രമം.
.