ന്യൂഡൽഹി / 2026 / സെപ്റ്റംബർ 10
യുഗ യുഗീൻ ഭാരത് മ്യൂസിയത്തിന്റെ വികസനത്തിന്റെ ഭാഗമായി സാംസ്കാരിക മന്ത്രാലയം ശിൽപ്കാർ സമാഗമവും വെൻഡർ ഡെവലപ്മെന്റ് പ്രോഗ്രാമും സംഘടിപ്പിച്ചു. ശിൽപ്കാർ സമാഗമം സെപ്റ്റംബർ 2, 3 തീയതികളിലും വെൻഡർ ഡെവലപ്മെന്റ് പ്രോഗ്രാം സെപ്റ്റംബർ 7, 8 തീയതികളിലുമാണ് നടന്നത്. ശിൽപികൾ, കരകൗശല വിദഗ്ധർ, ഡിസൈനർമാർ, ആർക്കിടെക്ടുമാർ, മ്യൂസിയം വിദഗ്ധർ, നിർമ്മാതാക്കൾ, വ്യവസായ പ്രമുഖർ എന്നിവരെ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും പരിപാടികൾ ഒരുമിച്ചുകൂട്ടി. മേക്ക് ഇൻ ഇന്ത്യ കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം ഇന്ത്യയിലെ മ്യൂസിയം വ്യവസായ സംവിധാനത്തെ ശക്തിപ്പെടുത്തുകയും പുതിയ സഹകരണ സാധ്യതകൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
ഇന്ത്യയെ ആഗോള മ്യൂസിയം കേന്ദ്രമാക്കാൻ ശ്രമം
ഇന്ത്യൻ സംരംഭങ്ങളെയും ശിൽപികളെയും നിർമ്മാതാക്കളെയും പ്രമുഖ അന്താരാഷ്ട്ര മ്യൂസിയം വിദഗ്ധരുമായി ബന്ധിപ്പിക്കുകയായിരുന്നു രണ്ട് പരിപാടികളുടെയും പ്രധാന ലക്ഷ്യം. നവീകരണത്തിനും അറിവ് കൈമാറ്റത്തിനും പുതിയ പങ്കാളിത്തങ്ങൾക്കും ഇത് വഴിയൊരുക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മ്യൂസിയം വികസനം, സാംസ്കാരിക അടിസ്ഥാനസൗകര്യം, സൃഷ്ടിപരമായ സമ്പദ്വ്യവസ്ഥ എന്നിവയിൽ അതിവേഗം വളരുന്ന വിപണി മാത്രമല്ല ഇന്ത്യയെന്നും, മ്യൂസിയം ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യകൾ, സേവനങ്ങൾ, പ്രദർശന സംവിധാനങ്ങൾ എന്നിവയുടെ രൂപകൽപ്പന, നിർമ്മാണം, കയറ്റുമതി എന്നിവയ്ക്കുള്ള ഭാവിയിലെ ആഗോള കേന്ദ്രമായി ഇന്ത്യ മാറാമെന്നും പരിപാടികൾ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സ്വഭാവവും അന്താരാഷ്ട്ര നിലവാരവും ഒരുമിച്ചുള്ള ഒരു പ്രധാന സാംസ്കാരിക സ്ഥാപനമായി യുഗ യുഗീൻ ഭാരത് മ്യൂസിയത്തെ വികസിപ്പിക്കാനാണ് പദ്ധതി. രാജ്യത്തിന്റെ പാരമ്പര്യവും സൃഷ്ടിപരതയും ജനങ്ങളുടെ പ്രതീക്ഷകളും അതിൽ പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യം.
ശിൽപ്കാർ സമാഗമത്തിൽ ജീവിക്കുന്ന കരകൗശല പാരമ്പര്യങ്ങൾ
ന്യൂഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിലാണ് ശിൽപ്കാർ സമാഗമം നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ശിൽപികൾ, കരകൗശല സമൂഹങ്ങൾ, പരിശീലകർ, ഡിസൈനർമാർ, ആർക്കിടെക്ടുമാർ, മ്യൂസിയം വിദഗ്ധർ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവ പങ്കെടുത്തു.
ഇന്ത്യയുടെ വൈവിധ്യമാർന്ന കരകൗശല പാരമ്പര്യങ്ങളെ മ്യൂസിയത്തിന്റെ വാസ്തുവിദ്യയിലും ഉൾഭാഗങ്ങളിലും ഗാലറികളിലും പൊതുസ്ഥലങ്ങളിലും എങ്ങനെ ഉൾപ്പെടുത്താമെന്നായിരുന്നു രണ്ട് ദിവസത്തെ പരിപാടിയിലെ പ്രധാന ചർച്ച. പരമ്പരാഗത അറിവ്, വസ്തുസംസ്കാരം, പരിസ്ഥിതി സൗഹൃദ രീതികൾ, സമൂഹകേന്ദ്രിത കരകൗശലം, പൈതൃക വൈദഗ്ധ്യത്തിന്റെ ആധുനിക ഉപയോഗം എന്നിവയും ചർച്ചയായി.
വസ്ത്രനിർമാണം, ലോഹപ്പണി, മരപ്പണി, കല്ലുകൊത്തുപണി, സെറാമിക്സ്, മുളയും ചൂരലും ഉപയോഗിച്ചുള്ള കരകൗശലം, അലങ്കാര കലകൾ, പരമ്പരാഗത ചിത്രകല, വാസ്തുശിൽപ കരകൗശലം, പുതിയ ഡിസൈൻ ഇടപെടലുകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയാധിഷ്ഠിത സെഷനുകളും ശിൽപശാലകളും അവതരണങ്ങളും കൂടിയാലോചനകളും നടന്നു.
സാംസ്കാരിക മന്ത്രാലയ സെക്രട്ടറി വിവേക് അഗർവാൾ പരിപാടിയെ അഭിസംബോധന ചെയ്തു. യുഗ യുഗീൻ ഭാരത് മ്യൂസിയം വസ്തുക്കൾ സൂക്ഷിക്കുന്ന ഒരു ഇടം മാത്രമല്ലെന്നും ഇന്ത്യയുടെ നാഗരിക തുടർച്ചയും കൂട്ടായ ഓർമ്മയും സൃഷ്ടിപരമായ പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന ജീവിക്കുന്ന സ്ഥാപനമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള സാംസ്കാരിക സ്ഥാപനത്തിന്റെ നിർമ്മാണത്തിൽ ശിൽപികൾക്കും കരകൗശല സമൂഹങ്ങൾക്കും നേരിട്ട് പങ്കാളികളാകാനുള്ള അവസരം നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
നൂറിലധികം പ്രമുഖ ശിൽപികളുടെയും കരകൗശല വിദഗ്ധരുടെയും സൃഷ്ടികളുടെ തത്സമയ പ്രദർശനം പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു. ഇതിലൂടെ ശിൽപികൾക്കും ഡിസൈനർമാർക്കും ആർക്കിടെക്ടുമാർക്കും മ്യൂസിയം പദ്ധതിക്കാർക്കും നേരിട്ട് സംവദിക്കാനായി. മ്യൂസിയത്തിന്റെ ഉൾഭാഗങ്ങളിലും പൊതുസ്ഥലങ്ങളിലും പരമ്പരാഗത കരകൗശലം ഉൾപ്പെടുത്താനുള്ള സാധ്യതകളും ഇതിലൂടെ കണ്ടെത്തി.
ശിൽപ്കാർ സമാഗമത്തിൽ ഇന്ത്യയിലുടനീളം നിന്നുള്ള 150-ലധികം പ്രമുഖ ശിൽപികളും കരകൗശല വിദഗ്ധരും സ്ഥാപനങ്ങളും പങ്കെടുത്തു. വിവിധ കരകൗശല പാരമ്പര്യങ്ങൾക്കും അറിവ് സംവിധാനങ്ങൾക്കും പ്രാതിനിധ്യം ലഭിച്ചു. ഗാലറികൾ, പൊതുസ്ഥലങ്ങൾ, സന്ദർശക സൗകര്യങ്ങൾ, ഭൂപ്രകൃതി ഘടകങ്ങൾ എന്നിവയിൽ കരകൗശല ഇടപെടലുകൾക്ക് സാധ്യത കണ്ടെത്തി. ശിൽപി സമൂഹങ്ങളുമായും ഡിസൈൻ സംഘങ്ങളുമായും തുടർബന്ധം നിലനിർത്താൻ വിഷയാധിഷ്ഠിത പ്രവർത്തക സംഘങ്ങളും രൂപീകരിച്ചു. പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം, പരമ്പരാഗത നിർമ്മാണരീതികൾ, സമൂഹപങ്കാളിത്തം എന്നിവ സംബന്ധിച്ച ശുപാർശകളും രേഖപ്പെടുത്തി.
ലോകോത്തര മ്യൂസിയത്തിനായി വ്യവസായ പങ്കാളിത്തം
സെപ്റ്റംബർ 7, 8 തീയതികളിൽ നടന്ന വെൻഡർ ഡെവലപ്മെന്റ് പ്രോഗ്രാമിൽ ഇന്ത്യൻ, അന്താരാഷ്ട്ര കമ്പനികൾ, നിർമ്മാതാക്കൾ, സാങ്കേതിക സേവനദാതാക്കൾ, വിദഗ്ധ ഏജൻസികൾ എന്നിവർ പങ്കെടുത്തു. മ്യൂസിയത്തിന്റെ വലിപ്പം, കാഴ്ചപ്പാട്, സാങ്കേതിക ആവശ്യകതകൾ, ഗുണനിലവാര മാനദണ്ഡങ്ങൾ എന്നിവ പങ്കെടുക്കുന്നവർക്ക് പരിചയപ്പെടുത്തി. പദ്ധതി ഉപദേഷ്ടാക്കൾ, ഡിസൈനർമാർ, ബന്ധപ്പെട്ട മറ്റ് വിഭാഗങ്ങൾ എന്നിവരുമായി നേരിട്ട് ചർച്ചയ്ക്കുള്ള സംവിധാനവും ഒരുക്കി.
ആധുനിക മ്യൂസിയം വികസനത്തിന് ആവശ്യമായ ഉൽപ്പന്നങ്ങളും വസ്തുക്കളും സാങ്കേതിക പരിഹാരങ്ങളും പ്രത്യേകമായി പ്രദർശിപ്പിച്ചു. മ്യൂസിയം നിലവാരത്തിലുള്ള പ്രദർശന പെട്ടികൾ, ലൈറ്റിംഗ് സംവിധാനങ്ങൾ, സംരക്ഷണ വസ്തുക്കൾ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, ഇമേഴ്സീവ് മീഡിയ സംവിധാനങ്ങൾ, വഴികാട്ടി സംവിധാനങ്ങൾ, പ്രത്യേക ഉൾഭാഗ രൂപകൽപ്പനകൾ എന്നിവ കമ്പനികൾ അവതരിപ്പിച്ചു. ഇതോടെ ബന്ധപ്പെട്ടവർക്ക് ഉൽപ്പന്നങ്ങൾ വിലയിരുത്താനും വിശദമായ സാങ്കേതിക ചർച്ചകൾ നടത്താനും സാധിച്ചു.
മ്യൂസിയം പ്രദർശന-സംരക്ഷണ സംവിധാനങ്ങൾ, പ്രത്യേക ഗ്ലേസിംഗ്, വാസ്തുവിദ്യാ-പ്രദർശന ലൈറ്റിംഗ്, ഓഡിയോ-വിഷ്വൽ സാങ്കേതികവിദ്യ, ഇമേഴ്സീവ് മീഡിയ, സംവേദനാത്മക വിശദീകരണ സംവിധാനങ്ങൾ, ഡിജിറ്റൽ കഥപറച്ചിൽ, ശേഖരസംരക്ഷണ സാങ്കേതികവിദ്യ, സുരക്ഷാ-നിരീക്ഷണ സംവിധാനങ്ങൾ, പ്രദർശന നിർമ്മാണം, വഴികാട്ടി-അടയാള സംവിധാനങ്ങൾ, പ്രത്യേക ഉൾഭാഗ നിർമാണം, സ്മാർട്ട് ബിൽഡിംഗ് സംവിധാനങ്ങൾ, പരിസ്ഥിതി നിയന്ത്രണം, സന്ദർശക പങ്കാളിത്ത സംവിധാനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ നിന്നുള്ള സ്ഥാപനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.
ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക സ്ഥാപനങ്ങളിലൊന്നായി വിഭാവനം ചെയ്യുന്ന മ്യൂസിയത്തിന് സാങ്കേതികമായി മുന്നേറിയതും സന്ദർശക സൗഹൃദവും സംരക്ഷണ ആവശ്യങ്ങൾ കണക്കിലെടുത്തതുമായ അനുഭവം ഒരുക്കാൻ അനുയോജ്യമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം.
200 സ്ഥാപനങ്ങൾ, 70 അവതരണങ്ങൾ, 200 കൂടിക്കാഴ്ചകൾ
ഇന്ത്യയിലും വിദേശത്തുമായി ഏകദേശം 200 കമ്പനികളും സംഘടനകളും വെൻഡർ ഡെവലപ്മെന്റ് പ്രോഗ്രാമിൽ പങ്കെടുത്തു. മ്യൂസിയം, സാംസ്കാരിക അടിസ്ഥാനസൗകര്യം, ഡിസൈൻ, സാങ്കേതികവിദ്യ, നിർമ്മാണം തുടങ്ങിയ മേഖലകളെ ഇവ പ്രതിനിധീകരിച്ചു.
മ്യൂസിയം പ്രദർശന സംവിധാനങ്ങൾ, സംരക്ഷണ സംവിധാനം, ലൈറ്റിംഗ്, ഓഡിയോ-വിഷ്വൽ സാങ്കേതികവിദ്യ, ഇമേഴ്സീവ് മീഡിയ, സുരക്ഷാ സംവിധാനം, പ്രദർശന നിർമ്മാണം, സ്മാർട്ട് ബിൽഡിംഗ് സംവിധാനങ്ങൾ, സന്ദർശക പങ്കാളിത്ത പ്ലാറ്റ്ഫോമുകൾ എന്നിവ ഉൾപ്പെടെ 10 പ്രധാന വിദഗ്ധ മേഖലകളിൽ പ്രാതിനിധ്യം ഉണ്ടായിരുന്നു.
പങ്കെടുത്ത സ്ഥാപനങ്ങൾ 70 കേന്ദ്രീകൃത ശേഷി അവതരണങ്ങളും സാങ്കേതിക വിശദീകരണങ്ങളും നടത്തി. അവരുടെ ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യകൾ, അന്താരാഷ്ട്ര അനുഭവം, നിർമ്മാണശേഷി, പുതുമയാർന്ന പരിഹാരങ്ങൾ എന്നിവ അവതരിപ്പിച്ചു. സ്ഥാപനങ്ങൾ, പദ്ധതി ഉപദേഷ്ടാക്കൾ, ഡിസൈനർമാർ, ബന്ധപ്പെട്ടവർ എന്നിവർക്കിടയിൽ 200 നേരിട്ടുള്ള കൂടിക്കാഴ്ചകളും നടന്നു. സാങ്കേതിക മാനദണ്ഡങ്ങൾ, ഡിസൈൻ സംയോജനം, സംഭരണ നടപടികൾ, നടപ്പാക്കൽ രീതികൾ എന്നിവ ഇവയിൽ ചർച്ചയായി.
മേക്ക് ഇൻ ഇന്ത്യ സഹകരണം, ഇന്ത്യയിൽതന്നെ നിർമ്മാണം വർധിപ്പിക്കൽ, സാങ്കേതികവിദ്യ കൈമാറ്റം, സംയുക്ത സംരംഭങ്ങൾ, തന്ത്രപരമായ പങ്കാളിത്തങ്ങൾ എന്നിവയെക്കുറിച്ച് 80 പ്രത്യേക ചർച്ചകളും നടന്നു. പ്രദർശന സംവിധാനം, സംരക്ഷണ സാങ്കേതികവിദ്യ, പ്രത്യേക ലൈറ്റിംഗ്, ഡിജിറ്റൽ-ഇമേഴ്സീവ് അനുഭവങ്ങൾ, സുരക്ഷാ സംവിധാനം, പരിസ്ഥിതി നിയന്ത്രണം, പ്രദർശന ഉൾസജ്ജീകരണം എന്നിവയ്ക്കായി സാധ്യതയുള്ള ഇന്ത്യൻ, അന്താരാഷ്ട്ര പങ്കാളികളെയും കണ്ടെത്തി.
ഭാവിയിലെ വാങ്ങൽ, നവീകരണം, സഹകരണം, പദ്ധതി നടപ്പാക്കൽ ആവശ്യങ്ങൾ എന്നിവയ്ക്കായി സമഗ്രമായ സ്ഥാപന വിവരശേഖരവും തയ്യാറാക്കി. രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നിൽ വ്യവസായ മേഖലയ്ക്ക് പുതിയ അവസരങ്ങളും ഇതിലൂടെ സൃഷ്ടിച്ചു. സാംസ്കാരിക മന്ത്രാലയം, പദ്ധതി ഉപദേഷ്ടാക്കൾ, വ്യവസായ പങ്കാളികൾ, സാങ്കേതിക സേവനദാതാക്കൾ എന്നിവർക്കിടയിൽ തുടർച്ചയായ സഹകരണത്തിനുള്ള സംവിധാനവും രൂപപ്പെട്ടു.
ഇന്ത്യയുടെ പാരമ്പര്യവും ആധുനിക സാങ്കേതികവിദ്യയും ഒരുമിക്കും
യുഗ യുഗീൻ ഭാരത് മ്യൂസിയത്തിന്റെ പങ്കാളിത്താധിഷ്ഠിത വികസനത്തിലെ പ്രധാന ഘട്ടങ്ങളാണ് രണ്ട് പരിപാടികളുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ശിൽപികൾ, ഡിസൈനർമാർ, നിർമ്മാതാക്കൾ, സാങ്കേതിക സേവനദാതാക്കൾ, സാംസ്കാരിക പ്രവർത്തകർ എന്നിവരെ ഒരുമിച്ചുകൊണ്ടുവന്ന് ഇന്ത്യയുടെ നാഗരിക പൈതൃകവും മ്യൂസിയം രൂപകൽപ്പന, വിശദീകരണം, സന്ദർശക അനുഭവം എന്നിവയിലെ ആഗോള മികച്ച രീതികളും ഒരുമിപ്പിക്കാനാണ് ശ്രമം.
പദ്ധതി അടുത്ത വികസന ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ ഈ കൂടിയാലോചനകളിൽ നിന്നുള്ള നിർദേശങ്ങൾ ആസൂത്രണത്തിലും നടപ്പാക്കലിലും ഉപയോഗിക്കും. ഇന്ത്യൻ, അന്താരാഷ്ട്ര പങ്കാളികളെ ഒരുമിപ്പിച്ചതിലൂടെ മ്യൂസിയം മേഖലയിലെ സഹകരണം, അറിവ് കൈമാറ്റം, നവീകരണം എന്നിവയ്ക്കും കൂടുതൽ സാധ്യത തുറന്നതായി മന്ത്രാലയം വ്യക്തമാക്കി.
ആഗോള വിദഗ്ധതയെ ഇന്ത്യയുടെ വളരുന്ന സാംസ്കാരിക അടിസ്ഥാനസൗകര്യവും നിർമ്മാണ ശേഷിയുമായി ബന്ധിപ്പിച്ച് മ്യൂസിയം വികസനത്തിനുള്ള വലിയ വിപണിയായി മാത്രമല്ല, ലോകോത്തര മ്യൂസിയം പരിഹാരങ്ങളുടെയും അനുഭവങ്ങളുടെയും രൂപകൽപ്പന, നിർമ്മാണം, കയറ്റുമതി എന്നിവയ്ക്കുള്ള ഭാവി കേന്ദ്രമായും ഇന്ത്യയെ ഉയർത്തുകയാണ് ലക്ഷ്യം.
ആയിരക്കണക്കിന് വർഷങ്ങളിലായി ഇന്ത്യയുടെ കഥ ലോകോത്തര പ്രദർശനങ്ങൾ, ഇമേഴ്സീവ് അനുഭവങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യകൾ, ജീവിക്കുന്ന സാംസ്കാരിക പാരമ്പര്യങ്ങളുടെ സംയോജനം എന്നിവയിലൂടെ അവതരിപ്പിക്കുന്ന ദേശീയ സാംസ്കാരിക സ്ഥാപനമായാണ് യുഗ യുഗീൻ ഭാരത് മ്യൂസിയത്തെ വിഭാവനം ചെയ്തിരിക്കുന്നത്.
.