കൊച്ചി, 2026 സെപ്റ്റംബർ 8 –
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർ ജാതി തിരിച്ചറിയൽ തെളിയിക്കുമ്പോൾ സാധാരണ പൗരന്മാരിൽ നിന്ന് പ്രതീക്ഷിക്കുന്ന അതേ കർശനമായ തെളിവുകൾ നിർബന്ധമാക്കരുതെന്ന് കേരള ഹൈക്കോടതി. ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ച അവകാശവാദങ്ങൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്കാണ് കോടതിയുടെ നിർദേശം. തൃശൂർ പൂത്തോൾ സ്വദേശി വി. ബാലൻ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
രേഖയില്ലെന്നത് മാത്രം അവകാശം നിഷേധിക്കാൻ കാരണമല്ല
പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടയാളാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിയാത്ത സാഹചര്യം പലർക്കുമുണ്ടാകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. രേഖകൾ ഇല്ലെന്ന കാരണത്താൽ മാത്രം ഭരണഘടന നൽകുന്ന ആനുകൂല്യങ്ങൾ നിഷേധിക്കാനാവില്ല. വ്യക്തിയുടെ ജാതി അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവ് സർക്കാർ ഹാജരാക്കിയിട്ടില്ലെങ്കിൽ രേഖകളുടെ അഭാവം മാത്രം പ്രതികൂലമായി കാണരുതെന്നാണ് കോടതി വ്യക്തമാക്കിയത്.
1980ൽ പട്ടികവർഗ സംവരണത്തിൽ ജോലി
വിരമിച്ച പോസ്റ്റൽ അസിസ്റ്റന്റായ വി. ബാലൻ 1980ലാണ് പട്ടികവർഗ സംവരണത്തിൽ പോസ്റ്റ്മാനായി ജോലിയിൽ പ്രവേശിച്ചത്. തഹസിൽദാർ നൽകിയ ജാതി സർട്ടിഫിക്കറ്റിൽ ബാലൻ പട്ടികവർഗ വിഭാഗമായ ‘മലൈ പണ്ടാരം’ സമുദായത്തിൽപ്പെട്ടയാളാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. സർവീസിലിരിക്കെ അദ്ദേഹത്തിന്റെ ജാതി സംബന്ധിച്ച അവകാശവാദത്തിന്റെ ആധികാരികത പരിശോധിക്കാൻ പോസ്റ്റൽ സർവീസസ് ഡയറക്ടർ കിർടാഡ്സിനോട് ആവശ്യപ്പെട്ടു.
സർക്കാർ കണ്ടെത്തിയത് ഒബിസി വിഭാഗമെന്ന്
തുടർന്നുള്ള നടപടിയിൽ ബാലൻ ‘പണ്ടാരം (വീര ശൈവ)’ വിഭാഗത്തിൽപ്പെട്ടയാളാണെന്നും ഇത് ഒബിസി വിഭാഗത്തിലാണെന്നും സർക്കാർ ഉത്തരവിറക്കി. ഇതോടൊപ്പം അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിടാനും ഉത്തരവിട്ടു. ഈ നടപടി ചോദ്യം ചെയ്ത് ബാലൻ ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
ജാതി സർട്ടിഫിക്കറ്റ് പരിശോധനയിൽ നിർണായക വിധി
1996ലെ കേരള പട്ടികജാതി-പട്ടികവർഗ സമുദായ സർട്ടിഫിക്കറ്റ് നിയന്ത്രണ നിയമപ്രകാരമുള്ള പരിശോധനകൾക്കാണ് വിധി പ്രധാനമാകുന്നത്. തിരിച്ചറിയൽ രേഖകളില്ലാത്തതിനാൽ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന നിരവധി സംഭവങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ രേഖകളുടെ അഭാവം മാത്രം മുൻനിർത്തി ഒരാളുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിലപാട്.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.