ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 30
രാജ്യത്തെ നിയമപരവും ഭരണപരവും വാണിജ്യപരവും മറ്റ് ഔദ്യോഗികവുമായ ആവശ്യങ്ങൾക്ക് ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം പൊതുവായ സമയമാനദണ്ഡമാക്കുന്ന ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം) ചട്ടങ്ങൾ 2026 ഉപഭോക്തൃകാര്യ വകുപ്പ് വിജ്ഞാപനം ചെയ്തു. 2026 ഓഗസ്റ്റ് 27നാണ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 180 ദിവസത്തിന് ശേഷമാണ് ഇവ പ്രാബല്യത്തിൽ വരിക. സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മറ്റു സംഘടനകൾക്കും അവരുടെ സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഈ സമയം ലഭിക്കും.
ഡിജിറ്റൽ സംവിധാനങ്ങൾക്ക് കൃത്യമായ സമയം നിർണായകം
ഡിജിറ്റൽ, സാങ്കേതിക സംവിധാനങ്ങളുടെ ഉപയോഗം കൂടിയതോടെയാണ് രാജ്യത്താകെ ഒരേ സമയമാനദണ്ഡത്തിന്റെ ആവശ്യകത വർധിച്ചത്. ബാങ്കിങ്, ഡിജിറ്റൽ പണമിടപാടുകൾ, ടെലികമ്മ്യൂണിക്കേഷൻ, റെയിൽവേ, വൈദ്യുതി സംവിധാനങ്ങൾ, കംപ്യൂട്ടർ ശൃംഖലകൾ, സർക്കാർ രേഖകൾ എന്നിവയെല്ലാം കൃത്യമായ സമയത്തെയും സമയമുദ്രകളെയും ആശ്രയിക്കുന്നു. വ്യത്യസ്ത സമയ സ്രോതസ്സുകൾ ഉപയോഗിക്കുമ്പോൾ പ്രവർത്തനങ്ങളുടെ ഏകോപനത്തിലും രേഖപ്പെടുത്തലിലും വ്യത്യാസങ്ങൾ ഉണ്ടാകാം. രാജ്യത്തെ പ്രധാന സംവിധാനങ്ങൾ കൃത്യവും ഒരേ രീതിയിലുള്ളതുമായ ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ചട്ടങ്ങളുടെ ലക്ഷ്യം.
ബാങ്കിങ്, ഡിജിറ്റൽ പണമിടപാടുകളിൽ കൃത്യമായ സമയമുദ്ര നൽകാനും റെയിൽവേ, വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിക്കാനും പുതിയ പൊതുസമയമാനദണ്ഡം സഹായിക്കും. ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് ശൃംഖലകളുടെ വിശ്വസനീയമായ പ്രവർത്തനം, വൈദ്യുതി സംവിധാനങ്ങളിലെ കൃത്യമായ സമയനിർണയം, സർക്കാർ-നിയമ രേഖകളുടെ പരിപാലനം, അടിയന്തര സേവനങ്ങളും സമയത്തിന് നിർണായകമായ മറ്റു സേവനങ്ങളും ഏകോപിപ്പിക്കൽ എന്നിവയ്ക്കും ഇത് ഉപയോഗപ്പെടും.
ഇന്ത്യൻ സമയ സ്രോതസ്സുകൾക്ക് കൂടുതൽ പ്രാധാന്യം
ഇന്ത്യൻ സ്ഥാപനങ്ങളിലൂടെയും ലീഗൽ മെട്രോളജി ലബോറട്ടറികളിലൂടെയും രാജ്യത്താകെ കൃത്യമായ ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം എത്തിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം സർക്കാർ വികസിപ്പിച്ചുവരികയാണ്. ഇന്ത്യയുടെ ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ നവിക് ഉൾപ്പെടെ അംഗീകരിച്ച ഇന്ത്യൻ സമയ സ്രോതസ്സുകൾ വിശ്വസനീയവും സുരക്ഷിതവുമായി സമയം വിതരണം ചെയ്യാൻ ഉപയോഗിക്കാനും ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു.
നിലവിൽ നിരവധി സംവിധാനങ്ങൾ വിദേശ ഉപഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള സമയ സ്രോതസ്സുകളാണ് ഉപയോഗിക്കുന്നത്. ഇന്ത്യൻ സമയവിതരണ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിലൂടെ നിർണായക സംവിധാനങ്ങൾക്ക് കൂടുതൽ വഴികൾ ലഭിക്കും. പുറംരാജ്യങ്ങളിലെ സമയ സ്രോതസ്സുകളിലുള്ള ആശ്രയം കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
‘ഒരു രാജ്യം, ഒരു സമയം’; ബെംഗളൂരുവിൽ സാങ്കേതിക പരീക്ഷണം
‘ഒരു രാജ്യം, ഒരു സമയം’ പദ്ധതിയുടെ ഭാഗമായി വൈറ്റ് റാബിറ്റ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം വിതരണ പ്രദർശന ശൃംഖല 2026 ജൂലൈയിൽ ബെംഗളൂരുവിലെ റീജിയണൽ റഫറൻസ് സ്റ്റാൻഡേർഡ് ലബോറട്ടറിയിൽ പ്രവർത്തനം ആരംഭിച്ചു. ബാങ്കിങ്, ടെലികമ്മ്യൂണിക്കേഷൻ, വൈദ്യുതി, ഗതാഗതം, ഡിജിറ്റൽ ഭരണസംവിധാനം തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം എത്തിക്കാനാകുമെന്ന് ഈ സംവിധാനം തെളിയിച്ചിട്ടുണ്ട്.
റീജിയണൽ റഫറൻസ് സ്റ്റാൻഡേർഡ് ലബോറട്ടറി ബെംഗളൂരുവിനും എൻഎസ്ഇ ചെന്നൈയ്ക്കുമിടയിൽ ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം സുരക്ഷിതമായി വിതരണം ചെയ്യുന്നതും വകുപ്പ് പ്രദർശിപ്പിച്ചു. സി.എസ്.ഐ.ആർ.-എൻ.പി.എൽ., ഐ.എസ്.ആർ.ഒ., സെബി, എൻഎസ്ഇ, ബി.എസ്.എൻ.എൽ. എന്നിവയും മറ്റു പങ്കാളികളും ഇതിൽ സഹകരിച്ചു.
നടപ്പാക്കലിന് മുമ്പ് സംവിധാനങ്ങൾ പരിശോധിക്കാൻ സമയം
ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള 180 ദിവസം ബന്ധപ്പെട്ടവർക്ക് നിലവിലുള്ള സംവിധാനങ്ങൾ പരിശോധിക്കാനും ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്താനും നടപ്പാക്കലിന് തയ്യാറെടുക്കാനും അവസരം നൽകും. ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം) ചട്ടങ്ങൾ 2026 രാജ്യത്തെ സമയാധിഷ്ഠിത സംവിധാനങ്ങൾക്കും ഔദ്യോഗിക ആവശ്യങ്ങൾക്കും ഒരൊറ്റ ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം മാനദണ്ഡം ഉറപ്പാക്കും.
.