ജോധ്പുർ, 2026 ഓഗസ്റ്റ് 23 –
സൈബർ സാമ്പത്തിക തട്ടിപ്പ് അന്വേഷണത്തിന്റെ പേരിൽ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ യാന്ത്രികമായി പൂർണമായി മരവിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി രാജസ്ഥാൻ ഹൈക്കോടതി. തർക്കത്തിലുള്ള തുക എത്രയെന്ന് തിരിച്ചറിയാൻ കഴിയുമെങ്കിൽ സാധാരണയായി ആ തുക മാത്രം ലിയൻ അഥവാ ഹോൾഡ് ചെയ്യണം. അക്കൗണ്ട് മുഴുവൻ മരവിപ്പിക്കണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ അതിന് വ്യക്തമായ കാരണം രേഖപ്പെടുത്തണമെന്നും ജസ്റ്റിസ് ആനന്ദ് ശർമ നിർദേശിച്ചു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ ചോദ്യം ചെയ്ത് നൽകിയ 105 ഹർജികൾ പരിഗണിച്ചാണ് കോടതി വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
അവ്യക്തമായ പൊലീസ് സന്ദേശം മാത്രം അക്കൗണ്ട് മരവിപ്പിക്കാൻ മതിയാകില്ല
അവ്യക്തമോ സ്ഥിരീകരിക്കാത്തതോ മതിയായ വിവരങ്ങളില്ലാത്തതോ ആയ അന്വേഷണ ഏജൻസിയുടെ സന്ദേശത്തിന്റെ പേരിൽ ഒരു ബാങ്ക് അക്കൗണ്ടും അനിശ്ചിതകാലത്തേക്ക് പൂർണമായി മരവിപ്പിക്കരുതെന്ന് കോടതി വ്യക്തമാക്കി. അക്കൗണ്ടിനോ അതിലെ പ്രത്യേക ഇടപാടിനോ അന്വേഷിക്കുന്ന കുറ്റകൃത്യവുമായി പ്രഥമദൃഷ്ട്യാ ബന്ധമുണ്ടെന്ന് കാണിക്കുന്ന വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തുകയും രേഖപ്പെടുത്തുകയും വേണം.
തർക്കത്തിലുള്ള പണം എത്രയെന്ന് കണ്ടെത്താൻ കഴിയുന്ന കേസുകളിൽ ആ തുക മാത്രം തടഞ്ഞുവയ്ക്കുന്നതാണ് സാധാരണ നടപടി. അക്കൗണ്ടിലെ മുഴുവൻ പണവും തടയണമെങ്കിൽ കുറ്റകൃത്യത്തിന്റെ സ്വഭാവം, ആവർത്തിച്ചുള്ള സംശയകരമായ ഇടപാടുകൾ, മറ്റുള്ളവർക്കുവേണ്ടി പണം കൈമാറുന്ന അക്കൗണ്ടാണെന്ന സൂചന, അക്കൗണ്ട് ഉടമയുടെ അറിഞ്ഞുള്ള പങ്കാളിത്തം തുടങ്ങിയ വ്യക്തമായ കാരണങ്ങൾ വേണമെന്നും കോടതി പറഞ്ഞു. ഈ കാരണങ്ങൾ കേസ് ഡയറിയിലോ ബന്ധപ്പെട്ട രേഖയിലോ രേഖപ്പെടുത്തി ബാങ്കിനെ അറിയിക്കണം.
അന്വേഷണം തുടരുന്നു എന്ന ഒറ്റക്കാരണത്താൽ അക്കൗണ്ട് അനിശ്ചിതമായി തടയാനാവില്ല
അന്വേഷണം പൂർത്തിയായിട്ടില്ലെന്ന കാരണത്താൽ മാത്രം അക്കൗണ്ട് മരവിപ്പിക്കൽ അനിശ്ചിതമായി തുടരരുതെന്നും ഹൈക്കോടതി നിർദേശിച്ചു. നിയന്ത്രണം തുടരേണ്ട ആവശ്യമുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥനും മേൽനോട്ട ഉദ്യോഗസ്ഥനും ഇടയ്ക്കിടെ പരിശോധിക്കണം. അക്കൗണ്ട് ഉടമയ്ക്ക് കുറ്റകൃത്യവുമായി ബന്ധമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും തർക്കത്തിലുള്ള പണം പിടിച്ചുവയ്ക്കേണ്ട സാഹചര്യം ഇല്ലാതാകുകയും ചെയ്താൽ നിയന്ത്രണം ഉടൻ പിൻവലിക്കണം.
അന്വേഷണം അവസാനിക്കുകയോ ക്ലോഷർ റിപ്പോർട്ട് നൽകുകയോ അക്കൗണ്ട് ഉടമയെ കുറ്റബന്ധത്തിൽനിന്ന് ഒഴിവാക്കുകയോ ചെയ്താൽ അക്കൗണ്ട് മരവിപ്പിക്കൽ നീക്കാനുള്ള നിർദേശം അനാവശ്യമായ കാലതാമസമില്ലാതെ നൽകണമെന്നും കോടതി വ്യക്തമാക്കി.
പൊലീസ് ആവശ്യപ്പെട്ടതിലും കൂടുതൽ തുക ബാങ്കുകൾ സ്വന്തം നിലയ്ക്ക് തടയരുത്
ഒരു പ്രത്യേക ഇടപാടിലെ തുക മാത്രം തടയാനാണ് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടതെങ്കിൽ ബാങ്ക് സ്വന്തം നിലയ്ക്ക് അക്കൗണ്ട് മുഴുവൻ മരവിപ്പിക്കരുത്. കൂടുതൽ വ്യാപകമായ നിയന്ത്രണത്തിന് നിയമപരമായ അടിസ്ഥാനവും അന്വേഷണ ഏജൻസിയുടെ നിർദേശവും ഉണ്ടായിരിക്കണം. ബാങ്കിലേക്ക് നൽകുന്ന സന്ദേശത്തിൽ കേസ്, അക്കൗണ്ട്, ഇടപാട്, തുക, നടപടി സ്വീകരിക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാനം എന്നിവ സാധ്യമായത്ര വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 106-ാം വകുപ്പ് പ്രകാരമുള്ള പിടിച്ചെടുക്കലാണെങ്കിൽ അത് ഉടൻ ബന്ധപ്പെട്ട മജിസ്ട്രേറ്റിനെ അറിയിക്കണം. കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്ത് കണ്ടുകെട്ടാനാണ് അന്വേഷണ ഏജൻസി ശ്രമിക്കുന്നതെങ്കിൽ 107-ാം വകുപ്പിലെ നടപടിക്രമം പാലിച്ച് വിഷയം ബന്ധപ്പെട്ട കോടതിയുടെയോ മജിസ്ട്രേറ്റിന്റെയോ മുന്നിലെത്തിക്കണമെന്നും നിർദേശമുണ്ട്.
മറ്റൊരു സംസ്ഥാനത്തെ കേസാണെങ്കിലും അക്കൗണ്ട് ഉടമ അവിടേക്ക് പോകേണ്ടതില്ല
മറ്റൊരു സംസ്ഥാനത്തെ സൈബർ കേസിന്റെ പേരിലാണ് രാജസ്ഥാനിലുള്ള ഒരാളുടെ അക്കൗണ്ട് മരവിപ്പിച്ചതെങ്കിൽ കാരണം അന്വേഷിക്കാൻ ആ വ്യക്തിയെ മറ്റൊരു സംസ്ഥാനത്തേക്ക് അയക്കരുതെന്നും കോടതി വ്യക്തമാക്കി. രാജസ്ഥാൻ പൊലീസോ ബാങ്കോ അക്കൗണ്ട് മരവിപ്പിക്കാൻ ആവശ്യപ്പെട്ട സംസ്ഥാനത്തെ അന്വേഷണ ഏജൻസിയുമായി നേരിട്ട് ബന്ധപ്പെടണം. സാധ്യമാകുന്നിടത്ത് അക്കൗണ്ട് ഉടമയുടെ പരാതി ഇലക്ട്രോണിക് സംവിധാനത്തിലൂടെയോ വീഡിയോ കോൺഫറൻസിലൂടെയോ പരിശോധിക്കണം. അന്വേഷണത്തിന് യഥാർഥത്തിൽ ആവശ്യമുണ്ടെങ്കിൽ മാത്രമേ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടാവൂ.
അന്തർസംസ്ഥാന സൈബർ അന്വേഷണം യാഥാർഥ്യമാണെങ്കിലും അതിന്റെ ബുദ്ധിമുട്ട് നിരപരാധിയായ പൗരന്റെ മേൽ മാറ്റിവയ്ക്കുന്നത് അനിവാര്യമായ പ്രത്യാഘാതമായി മാറരുതെന്നാണ് ഹൈക്കോടതിയുടെ നിലപാട്.
നാലാഴ്ചയ്ക്കകം പൊതുനിർദേശം; എട്ടാഴ്ചയ്ക്കകം അനുസരണ റിപ്പോർട്ട്
വിധിയിലെ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി നാലാഴ്ചയ്ക്കകം പൊതുസർക്കുലറോ സ്ഥിരം ഉത്തരവോ പുറപ്പെടുവിക്കാൻ രാജസ്ഥാൻ പൊലീസ് മേധാവിക്കും സംസ്ഥാന സൈബർ ക്രൈം വിഭാഗത്തിന്റെ ചുമതലയുള്ള ഐ.ജി./ഡി.ഐ.ജിക്കും കോടതി നിർദേശം നൽകി. ദീർഘകാലവും അനുപാതരഹിതവുമായ അക്കൗണ്ട് മരവിപ്പിക്കൽ പരാതികൾ നിരീക്ഷിക്കാൻ സംസ്ഥാനതലത്തിൽ മുതിർന്ന ഉദ്യോഗസ്ഥനെയും നിയോഗിക്കണം. ബാങ്കുകൾക്കും നോഡൽ അല്ലെങ്കിൽ പരാതി പരിഹാര ഉദ്യോഗസ്ഥരെ നിശ്ചയിക്കണം.
സൈബർ തട്ടിപ്പ് പരാതികളും അക്കൗണ്ട് മരവിപ്പിക്കലും കൈകാര്യം ചെയ്യുന്ന ബാങ്ക് ഉദ്യോഗസ്ഥർക്ക് കാലാകാലങ്ങളിൽ പരിശീലനം നൽകുന്നതിനായി ഷെഡ്യൂൾഡ് ബാങ്കുകൾക്കും മറ്റ് നിയന്ത്രിത ബാങ്കിങ് സ്ഥാപനങ്ങൾക്കും പൊതുനിർദേശം നൽകാൻ റിസർവ് ബാങ്കിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു. രാജസ്ഥാൻ പൊലീസ് മേധാവിയും സൈബർ ക്രൈം വിഭാഗവും റിസർവ് ബാങ്കും എട്ടാഴ്ചയ്ക്കകം അനുസരണ റിപ്പോർട്ട് സമർപ്പിക്കണം.
ഈ മാർഗനിർദേശങ്ങൾ സത്യസന്ധമായ സൈബർ കുറ്റാന്വേഷണത്തെ തടയാനല്ലെന്ന് കോടതി പ്രത്യേകം വ്യക്തമാക്കി. അന്വേഷണവും നിരപരാധികളുടെ സംരക്ഷണവും ഒരേസമയം ഉറപ്പാക്കുകയാണ് ലക്ഷ്യം. അതിനാൽ സൈബർ തട്ടിപ്പുമായി വ്യക്തമായ ബന്ധമുള്ള പണം തടഞ്ഞുവയ്ക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിയും. എന്നാൽ ഒരു സംശയകരമായ ഇടപാട് അക്കൗണ്ടിലൂടെ കടന്നുപോയി എന്നതുകൊണ്ട് മാത്രം മുഴുവൻ അക്കൗണ്ടും അനിശ്ചിതകാലത്തേക്ക് ഉപയോഗിക്കാനാകാത്തവിധം മരവിപ്പിക്കാനാവില്ല എന്നതാണ് ശ്രീ ബാലാജി എന്റർപ്രൈസസ്–റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ഹർജികളിലെ ഈ വിധിയുടെ പ്രധാന പ്രായോഗിക മാറ്റം.