കരുത്തുറ്റ ഹൃദയവുമായി രണ്ടരവയസുകാരന്‍ ജീന്‍പേ ലൈബീരിയയിലേക്ക് മടങ്ങുന്നു

കൊച്ചി: ജീന്‍പേ സ്വന്തം നാടായ ലൈബീരിയയിലേക്ക് മടങ്ങുന്നു. 2020 മാര്‍ച്ച് 2 നാണ് ആഫ്രിക്കയിലെ ലൈബീരിയയില്‍ നിന്ന് രണ്ടര വയസുകാരന്‍ ജീന്‍ പേ കേരളത്തിലെത്തുന്നത്. തന്‍റെ ഹൃദയത്തിന്‍റെ തകരാറുകളുടെ പരിഹാരത്തിനും , ശരീരഭാരം വര്‍ദ്ധിക്കാത്തതിനും, കൂടെക്കൂടെയുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടിയാണ് കുഞ്ഞ് ജീന്‍ പേ അമ്മ ജെന്നെയുമൊന്നിച്ച് കൊച്ചി ലിസി ആശുപത്രിയിലെത്തുന്നത്.

ലൈബീരിയന്‍ തലസ്ഥാനമായ മണ്‍റോവിയയിലെ ജെഎഫ്‌ കെ മെഡിക്കല്‍ സെന്‍ററിലെ സീനിയര്‍ പീഡിയാട്രീഷ്യന്‍ ഡോക്ടര്‍ സിയ കമനോര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഹൃദയം തുറന്നുളള ശസ്ത്രക്രിയക്കായിട്ടാണ് ഇവര്‍ ലിസിയിലെത്തിയത്. മാര്‍ച്ച് 12 ന് ശസ്ത്രക്രിയ നടത്തി . ഏപ്രില്‍ 2ന് മടങ്ങാനിരിക്കെയാണ് കോവിഡില്‍ കുരുങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി ഇരുവരും ആശുപത്രിയില്‍ തുടരുകയാണ്.

ആശുപത്രി ഡയറക്ടര്‍ ഫാദര്‍ പോള്‍ കരേടന്‍റെ നേതൃത്വത്തില്‍ ഒരുക്കിയ ഓണസദ്യക്കായി ഓണമുണ്ടുടുത്താണ് ജീന്‍പേ വന്നത്. ഓണസദ്യയും ആസ്വദിച്ചു. അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ ഫാദര്‍ ജെറി ഞാളിയത്ത് , ഫാദര്‍ ഷെനി മൂഞ്ഞേലി, ഫാദര്‍ ജോസഫ് മാക്കോതക്കാട്ട് എന്നിവരും ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം ഉള്‍പ്പടെയുളളവരും ഓണസദ്യക്കായി ഒത്തുചേര്‍ന്നിരുന്നു. ഓണസദ്യ കഴിഞ്ഞപ്പോഴേക്കും തനിക്ക് മടങ്ങാന്‍ സമയമായെന്നറിയിച്ച് ജീന്‍പേയുടെ പിതാവ് പീറ്ററിന്‍റെ വിളിയെത്തി. യാത്രക്കുളള നടപടികളെല്ലാം പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. ഇതിനോടകം കേരളത്തിന്‍റെ സ്‌നേഹവും സൗന്ദര്യവും ആവോളം ആസ്വദിച്ചുകഴിഞ്ഞ കുഞ്ഞു ജീന്‍ പേ നാളെ (04.09.2020)നാട്ടിലേക്ക് മടങ്ങും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →