ന്യൂഡൽഹി / 2026 /ഓഗസ്റ്റ് 22
രാജ്യത്തെ കന്നുകാലികളിൽ കുളമ്പുരോഗവും ബ്രൂസെല്ലോസിസും നിയന്ത്രിച്ച് ഇല്ലാതാക്കാൻ 2019ൽ ആരംഭിച്ച ദേശീയ മൃഗരോഗ നിയന്ത്രണ പദ്ധതിയിലൂടെ ഇതുവരെ 147.16 കോടി കുളമ്പുരോഗ വാക്സിൻ ഡോസുകൾ നൽകി. 8.04 കോടി കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. വാക്സിനേഷനും രോഗനിരീക്ഷണവും ശക്തമാക്കിയതോടെ കുളമ്പുരോഗം റിപ്പോർട്ട് ചെയ്ത സംഭവങ്ങൾ 2019ലെ 132ൽ നിന്ന് 2025ൽ 40 ആയി കുറഞ്ഞു. ബ്രൂസെല്ലോസിസ് സംഭവങ്ങൾ 22ൽ നിന്ന് 15 ആയും കുറഞ്ഞതായി കേന്ദ്ര സർക്കാർ അറിയിച്ചു.
രോഗവ്യാപനം കുറഞ്ഞു, പ്രതിരോധശേഷി ഉയർന്നു
കുളമ്പുരോഗ വൈറസിന്റെ വ്യാപനം വ്യക്തമാക്കുന്ന എൻഎസ്പി ആന്റിബോഡി സാന്നിധ്യം 2019ലെ 20.8 ശതമാനത്തിൽ നിന്ന് 2025ൽ 8.1 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി രാജ്യത്ത് ഏഷ്യ-1 വിഭാഗത്തിലുള്ള കുളമ്പുരോഗ വൈറസ് മൂലമുള്ള രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒ, എ, ഏഷ്യ-1 എന്നീ വൈറസ് വിഭാഗങ്ങൾക്കെതിരായ ശരാശരി പ്രതിരോധശേഷി യഥാക്രമം 78.1, 71.7, 77.6 ശതമാനമാണ്.
കുളമ്പുരോഗം പശു, എരുമ, ആട്, ചെമ്മരിയാട്, പന്നി തുടങ്ങിയ ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന അതിവേഗം പകരുന്ന വൈറസ് രോഗമാണ്. പാൽ ഉത്പാദനം കുറയാനും വളർച്ച മന്ദഗതിയിലാകാനും പ്രത്യുത്പാദനശേഷി കുറയാനും ഇത് കാരണമാകും. തൊഴിൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മൃഗങ്ങളുടെ ശേഷിയും കുറയും. അന്താരാഷ്ട്ര വിപണിയിലേക്കുള്ള പ്രവേശനത്തെയും രോഗം ബാധിക്കും. അതിനാലാണ് രോഗസാധ്യതയുള്ള എല്ലാ കന്നുകാലികൾക്കും ആറുമാസത്തിലൊരിക്കൽ കൂട്ട വാക്സിനേഷൻ നടത്തുന്നത്.
ബ്രൂസെല്ല അബോർട്ടസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പ്രത്യുത്പാദന രോഗമാണ് ബ്രൂസെല്ലോസിസ്. പശുക്കളുടെയും എരുമകളുടെയും പ്രത്യുത്പാദന അവയവങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്. പ്രത്യുത്പാദനശേഷിയെയും പാലുത്പാദനത്തെയും ബാധിക്കുന്നതിനാൽ പാൽ, മാംസ ഉത്പാദനവും കുറയാം. കന്നുകാലികളിൽ രോഗം പൂർണമായി ഭേദമാക്കാനുള്ള ചികിത്സയില്ലാത്തതിനാൽ വാക്സിനേഷനാണ് പ്രധാന പ്രതിരോധ മാർഗം.
2019 സെപ്റ്റംബറിൽ ആരംഭിച്ച ദേശീയ മൃഗരോഗ നിയന്ത്രണ പദ്ധതി കുളമ്പുരോഗത്തിനെതിരെ എല്ലാ കന്നുകാലികൾക്കും വർഷത്തിൽ രണ്ടുതവണ നൂറുശതമാനം വാക്സിനേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്. നാലുമുതൽ എട്ടുമാസം വരെ പ്രായമുള്ള പെൺ പശു, എരുമ കിടാക്കൾക്ക് ജീവിതത്തിൽ ഒരിക്കൽ ബ്രൂസെല്ലോസിസ് വാക്സിനും നൽകുന്നു. 2025ലെ പരിശോധനയിൽ വാക്സിൻ സ്വീകരിച്ച പശുക്കിടാക്കളിൽ 75.63 ശതമാനത്തിനും എരുമക്കിടാക്കളിൽ 67.17 ശതമാനത്തിനും ആന്റിബോഡി രൂപപ്പെട്ടതായി കണ്ടെത്തി.
വാക്സിനേഷനൊപ്പം കർശന രോഗനിരീക്ഷണം
രോഗസാധ്യതയുള്ള പശുവർഗ മൃഗങ്ങൾക്കും ചെറിയ അയവിറക്കുന്ന മൃഗങ്ങൾക്കും ആറുമാസത്തിലൊരിക്കൽ കുളമ്പുരോഗ വാക്സിൻ നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ഭാഗം. ജനബോധവത്കരണം, ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, മൃഗങ്ങൾക്ക് ചെവിയിൽ ടാഗ് ഘടിപ്പിക്കൽ, ഭാരത് പശുധൻ പോർട്ടലിൽ രജിസ്ട്രേഷൻ, വാക്സിനേഷന് മുമ്പും ശേഷവും സാമ്പിൾ പരിശോധന എന്നിവയും നടക്കുന്നു.
വാക്സിനുകളും ശീതശൃംഖല ഉപകരണങ്ങളും വാങ്ങുന്നതിനും സഹായമുണ്ട്. രോഗബാധ ഉണ്ടായാൽ അന്വേഷണം, വൈറസിനെ വേർതിരിച്ച് ഇനം തിരിച്ചറിയൽ, ക്വാറന്റൈനും ചെക്ക് പോസ്റ്റുകളും വഴി മൃഗങ്ങളുടെ സഞ്ചാരം നിയന്ത്രിക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. വിവരശേഖരണം, തുടർച്ചയായ നിരീക്ഷണം, ഫലപ്രാപ്തി വിലയിരുത്തൽ എന്നിവയും നടത്തുന്നു. വാക്സിനേറ്റർമാർക്ക് ഓരോ ഡോസിനും കുറഞ്ഞത് മൂന്ന് രൂപ പ്രതിഫലം നൽകുന്നു.
2024 മുതൽ ഇടയന്മാർക്കൊപ്പം വിവിധ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന ചെമ്മരിയാടുകളെയും ആടുകളെയും കുളമ്പുരോഗ വാക്സിനേഷനിൽ ഉൾപ്പെടുത്തി. ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ദേശാടന മൃഗങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൃഗങ്ങൾ സഞ്ചരിക്കുന്ന വഴികളിലൂടെ രോഗം വ്യാപിക്കുന്നത് തടയുകയാണ് ലക്ഷ്യം.
2019ലെ ഇരുപതാമത് കന്നുകാലി സെൻസസ് പ്രകാരം ഇന്ത്യയിൽ 53.578 കോടി കന്നുകാലികളുണ്ട്. ഇതിൽ 30.279 കോടി പശുവർഗ മൃഗങ്ങളാണ്. ഗ്രാമീണ മേഖലയിലെ കൃഷിക്കും അനുബന്ധ മേഖലകൾക്കും കന്നുകാലികൾ പ്രധാന വരുമാന മാർഗമാണ്. പാൽ ഉത്പാദനം കുറയുക, പ്രത്യുത്പാദനം തകരാറിലാകുക, വ്യാപാര നിയന്ത്രണങ്ങൾ ഉണ്ടാകുക തുടങ്ങിയവ കാരണം കുളമ്പുരോഗവും ബ്രൂസെല്ലോസിസും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയിരുന്നു.
ഉത്പാദനക്ഷമതയിലും പാലുത്പാദനത്തിലും വർധന
നാടൻ ഇനങ്ങളും വ്യക്തമായ ഇനം തിരിച്ചറിയാനാകാത്ത പശുക്കളും ചേർന്ന വിഭാഗത്തിന്റെ വാർഷിക ഉത്പാദനക്ഷമത 2014-15ലെ ഒരു മൃഗത്തിന് 927 കിലോഗ്രാമിൽ നിന്ന് 2024-25ൽ 1,343.2 കിലോഗ്രാമായി ഉയർന്നു. വർധന 44.89 ശതമാനമാണ്. എരുമകളുടെ ഉത്പാദനക്ഷമത ഇതേ കാലയളവിൽ 1,880 കിലോഗ്രാമിൽ നിന്ന് 2,365.2 കിലോഗ്രാമായി ഉയർന്നു. വർധന 25.80 ശതമാനമാണ്.
രാജ്യത്തെ പശുവർഗ മൃഗങ്ങളുടെ ശരാശരി ഉത്പാദനക്ഷമത 2014-15ലെ 1,640 കിലോഗ്രാമിൽ നിന്ന് 2024-25ൽ 2,250 കിലോഗ്രാമായി. 36.63 ശതമാനമാണ് വർധന. ലോകത്ത് ഒരു രാജ്യം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഉത്പാദനക്ഷമതാ വർധനയാണിതെന്ന് സർക്കാർ പറയുന്നു.
ഇന്ത്യയുടെ പാലുത്പാദനം 2014-15ലെ 14.631 കോടി ടണ്ണിൽ നിന്ന് 2024-25ൽ 24.787 കോടി ടണ്ണായി ഉയർന്നു. പത്ത് വർഷത്തിനിടെ 69.4 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 2030ഓടെ ഒരു മൃഗത്തിന്റെ ശരാശരി പാലുത്പാദനം വർഷത്തിൽ 3,000 കിലോഗ്രാമാക്കുകയാണ് ലക്ഷ്യം.
39 കോടി മൃഗങ്ങൾ ഡിജിറ്റൽ സംവിധാനത്തിൽ
ഭാരത് പശുധൻ പോർട്ടലിൽ കന്നുകാലി രജിസ്ട്രേഷനും കുളമ്പുരോഗ, ബ്രൂസെല്ലോസിസ് വാക്സിനേഷൻ വിവരങ്ങളും ഒരുമിച്ച് രേഖപ്പെടുത്തുന്നു. ഓരോ മൃഗത്തിനും 12 അക്കങ്ങളുള്ള പ്രത്യേക ടാഗ് തിരിച്ചറിയൽ നമ്പർ നൽകുന്നു. 2026 ജൂലൈവരെ 39 കോടിയിലധികം കന്നുകാലികളെ പോർട്ടലിൽ രജിസ്റ്റർ ചെയ്തു. ഇതിലൂടെ തത്സമയ നിരീക്ഷണവും മൃഗങ്ങളെ തിരിച്ചറിയാനുള്ള സംവിധാനവും വിവരാധിഷ്ഠിതമായ പദ്ധതി നടത്തിപ്പും സാധ്യമായി.
29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 4,019 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തിക്കുന്നു. 1962 എന്ന ടോൾ ഫ്രീ നമ്പർ വഴി വീട്ടുപടിക്കൽ മൃഗചികിത്സ ലഭ്യമാക്കുന്നു. ഇതുവരെ 136 ലക്ഷം കർഷകർക്ക് സേവനം ലഭിക്കുകയും 276 ലക്ഷം മൃഗങ്ങൾക്ക് ചികിത്സ നൽകുകയും ചെയ്തു. ഗ്രാമീണ ഇന്ത്യയിലെ വിവിധോദ്ദേശ്യ കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്ധരിലൂടെ കർഷകരിലേക്കുള്ള സേവനവും ശക്തമാക്കുന്നു. സാമ്പത്തിക സഹായത്തോടെ ഇതുവരെ 39,810 സാങ്കേതിക വിദഗ്ധർക്ക് പരിശീലനം നൽകി.
കുളമ്പുരോഗവും ബ്രൂസെല്ലോസിസും സംബന്ധിച്ച വാക്സിൻ ഗവേഷണം, ഗുണനിലവാര പരിശോധന, രോഗനിരീക്ഷണം, സെറോ നിരീക്ഷണം, രോഗ മാതൃകാ പഠനം, സംസ്ഥാനാടിസ്ഥാനത്തിലുള്ള സാമ്പിൾ ശേഖരണം എന്നിവയ്ക്കായി പ്രധാന ഐസിഎആർ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാക്സിനേഷൻ ഉപകരണങ്ങൾ വാങ്ങാനും ശീതശൃംഖല ശക്തിപ്പെടുത്താനും സഹായമുണ്ട്. മൃഗസംരക്ഷണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിലൂടെ വെറ്ററിനറി വാക്സിൻ, മരുന്ന് നിർമാണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ വ്യക്തിഗത സംരംഭകർക്കും സ്വകാര്യ കമ്പനികൾക്കും അർഹരായ മറ്റ് സ്ഥാപനങ്ങൾക്കും സാമ്പത്തിക സഹായവും നൽകുന്നു.
രോഗനിയന്ത്രണത്തിനൊപ്പം മഹാമാരി പ്രതിരോധവും
ദേശീയ മൃഗരോഗ നിയന്ത്രണ പദ്ധതി, മൃഗാരോഗ്യ-രോഗനിയന്ത്രണ ഘടകം, പശു ഔഷധി പദ്ധതി എന്നിവ പരിഷ്കരിച്ച കന്നുകാലി ആരോഗ്യ-രോഗനിയന്ത്രണ പദ്ധതിയുടെ കീഴിൽ ഏകീകരിച്ചിട്ടുണ്ട്. 2026-27 സാമ്പത്തിക വർഷത്തിൽ ഇതിനായി 2,010 കോടി രൂപയാണ് ആകെ ബജറ്റ് വകയിരുത്തൽ.
മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന ആശയമാണ് വൺ ഹെൽത്ത് സമീപനത്തിന്റെ അടിസ്ഥാനം. മൃഗരോഗങ്ങൾ നേരത്തെ കണ്ടെത്തുകയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറയ്ക്കാനാണ് ശ്രമം. ആന്റിമൈക്രോബിയൽ മരുന്നുകളുടെ വിവേകപൂർവമായ ഉപയോഗത്തിനും ഭാവിയിലെ മഹാമാരികൾ ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ ഭീഷണികളെ നേരിടാനുള്ള തയ്യാറെടുപ്പിനും പദ്ധതി സഹായിക്കുന്നു.
പ്രധാനമന്ത്രിയുടെ ശാസ്ത്ര, സാങ്കേതികവിദ്യ, നവീകരണ ഉപദേശക സമിതിയുടെ 2022 ജൂലൈ ഏഴിന് നടന്ന 21-ാമത് യോഗത്തിലാണ് ദേശീയ വൺ ഹെൽത്ത് മിഷൻ സ്ഥാപിക്കാൻ അംഗീകാരം നൽകിയത്. വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തിലൂടെ നിലവിലുള്ള വൺ ഹെൽത്ത് പ്രവർത്തനങ്ങളെ ഒരുമിപ്പിക്കുകയും പോരായ്മകൾ പരിഹരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. വാക്സിനേഷൻ, മാലിന്യങ്ങളുടെ സുരക്ഷിത സംസ്കരണം, ശക്തമായ ജൈവസുരക്ഷ, പൊതുബോധവത്കരണം, വിവിധ വകുപ്പുകളുടെ ഏകോപനം എന്നിവയുടെ പ്രാധാന്യവും ബ്രൂസെല്ലോസിസ് നിയന്ത്രണത്തിൽ ദേശീയ ക്ഷീരവികസന ബോർഡിന്റെ മാതൃക ചൂണ്ടിക്കാട്ടുന്നു. മനുഷ്യരിലെ ബ്രൂസെല്ലോസിസ് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന സാഹചര്യത്തിലാണ് ഈ സമീപനം.
2024ൽ 2.5 കോടി അമേരിക്കൻ ഡോളറിന്റെ ‘ഇന്ത്യയിലെ മഹാമാരി തയ്യാറെടുപ്പിനും പ്രതികരണത്തിനുമായി മൃഗാരോഗ്യ സുരക്ഷ ശക്തിപ്പെടുത്തൽ’ പദ്ധതി സർക്കാർ ആരംഭിച്ചു. ജി20 മഹാമാരി ഫണ്ടിന്റെ പിന്തുണയുള്ള പദ്ധതി ഏഷ്യൻ വികസന ബാങ്ക്, ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന, ലോകബാങ്ക് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്.
ജനിതക, പരിസ്ഥിതി രോഗനിരീക്ഷണം ശക്തമാക്കുക, ലബോറട്ടറി സൗകര്യങ്ങൾ നവീകരിക്കുക, അതിർത്തി കടന്നുള്ള സഹകരണം വർധിപ്പിക്കുക എന്നിവ ഇതിന്റെ ഭാഗമാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളും രാജ്യാതിർത്തികൾ കടന്ന് വ്യാപിക്കുന്ന മൃഗരോഗങ്ങളും നേരത്തെ കണ്ടെത്താനും വേഗത്തിൽ പ്രതികരിക്കാനും ഇത് സഹായിക്കും.
ഇതിന്റെ ഭാഗമായി ശാസ്ത്രീയ വെറ്ററിനറി ചികിത്സ, മരുന്നുകളുടെ യുക്തിസഹമായ ഉപയോഗം, ആന്റിമൈക്രോബിയൽ പ്രതിരോധ നിയന്ത്രണം എന്നിവയ്ക്കുള്ള സ്റ്റാൻഡേർഡ് വെറ്ററിനറി ചികിത്സാ മാർഗനിർദേശങ്ങളും മൃഗരോഗങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ അതിവേഗ പ്രതിരോധത്തിനുള്ള പ്രതിസന്ധി കൈകാര്യം ചെയ്യൽ പദ്ധതിയും പുറത്തിറക്കി. വെറ്ററിനറി ഡോക്ടർമാർക്കും നയരൂപകർത്താക്കൾക്കും ഫീൽഡ് ഉദ്യോഗസ്ഥർക്കും മൃഗാരോഗ്യ പ്രതിസന്ധികളെ കാര്യക്ഷമമായി നേരിടാൻ ഇവ സഹായിക്കും.
കൃത്രിമബുദ്ധി അധിഷ്ഠിത വിശകലനം, വാക്സിനേഷൻ പിന്തുടരാനുള്ള സംവിധാനം, തത്സമയ വിവരപ്പലകകൾ, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആസൂത്രണം എന്നിവ ഭാവിയിൽ രോഗനിരീക്ഷണവും വിഭവവിനിയോഗവും കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര കുളമ്പുരോഗമുക്ത മാനദണ്ഡങ്ങളിലേക്കുള്ള മുന്നേറ്റം, കൂടുതൽ ലബോറട്ടറികൾക്ക് അംഗീകാരം, ജനിതക രോഗനിരീക്ഷണം, കാലാവസ്ഥാ മാറ്റങ്ങളെ നേരിടാൻ കഴിയുന്ന നിരീക്ഷണ സംവിധാനം, വൺ ഹെൽത്ത് ഏകോപനം എന്നിവയാണ് ഭാവിയിലെ പ്രധാന ലക്ഷ്യങ്ങൾ.
ദേശവ്യാപക വാക്സിനേഷൻ, ശക്തമായ രോഗനിരീക്ഷണം, ഡിജിറ്റൽ സംവിധാനം, ഗവേഷണം, സാമ്പത്തിക-അടിസ്ഥാനസൗകര്യ പിന്തുണ എന്നിവ ഒരുമിപ്പിച്ചാണ് ദേശീയ മൃഗരോഗ നിയന്ത്രണ പദ്ധതി മുന്നോട്ടുപോകുന്നത്. മൃഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ ഭക്ഷ്യസുരക്ഷയും കർഷകരുടെ വരുമാനവും ഉറപ്പാക്കുന്നതിനൊപ്പം ഭാവിയിലെ മഹാമാരികളെ നേരിടാനുള്ള രാജ്യത്തിന്റെ ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം.
.