ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 22
ഇന്ത്യയെ ലോകം വളർച്ചയുടെയും പ്രതീക്ഷയുടെയും പ്രകാശകേന്ദ്രമായാണ് കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2026 ഓഗസ്റ്റ് 21ന് ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്സ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നയതലത്തിലും ഭരണതലത്തിലും പുതിയ തലമുറ പരിഷ്കാരങ്ങളാണ് രാജ്യം നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉൽപ്പാദനത്തിന് ശിക്ഷ നൽകിയിരുന്ന പഴയ സമീപനത്തിൽ നിന്ന് ഉൽപ്പാദനം വർധിപ്പിക്കുന്നവർക്ക് പ്രോത്സാഹനം നൽകുന്ന രീതിയിലേക്ക് രാജ്യം മാറിയെന്നും രാഷ്ട്രീയ സ്ഥിരതയും നയങ്ങളുടെ തുടർച്ചയും വികസനത്തിന് കരുത്താകുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ജനങ്ങളും സർക്കാരും തമ്മിലുള്ള ബന്ധം സംശയത്തിലല്ല, വിശ്വാസത്തിലായിരിക്കണമെന്നും രാജ്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ജനപക്ഷ, വളർച്ചാപക്ഷ, വികസനപക്ഷ നയങ്ങളാണ് സർക്കാർ രൂപപ്പെടുത്തുന്നതെന്നും മോദി പറഞ്ഞു.
ലോകത്തിന്റെ ഭാവി പരസ്പരം ബന്ധപ്പെട്ടു
‘ഷെയേർഡ് ഫ്യൂച്ചേഴ്സ്’ എന്ന ഈ വർഷത്തെ ഫോറത്തിന്റെ ആശയം ഏറെ പ്രസക്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലെ ആഗോള സാഹചര്യങ്ങൾ എല്ലാ രാജ്യങ്ങളുടെയും ഭാവി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് തെളിയിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇന്ത്യയുടെ ജി-20 അധ്യക്ഷകാലത്തെ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന സന്ദേശവും ഇതേ ചിന്തയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. വളർച്ചയെക്കുറിച്ചുള്ള ആശങ്കകളും വിഭവങ്ങളെ സമ്മർദോപാധിയാക്കുന്നതും രാജ്യങ്ങൾക്കിടയിലെ വിശ്വാസക്കുറവും വർധിക്കുന്ന സാഹചര്യത്തിലാണ് ലോകം ഇന്ത്യയെ പ്രതീക്ഷയോടെ കാണുന്നതെന്ന് മോദി പറഞ്ഞു. 25 കോടി പേരെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞെന്നും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി രാജ്യം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച ഉൽപ്പാദനം, സാങ്കേതികവിദ്യ, ഹരിത സമ്പദ്വ്യവസ്ഥ തുടങ്ങിയ ഏഴ് പ്രധാന മേഖലകളടങ്ങിയ ‘സപ്തധാര’യിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉൽപ്പാദനത്തിന് ശിക്ഷയല്ല, ഇനി പ്രോത്സാഹനം
ലൈസൻസ് രാജ് കാലത്ത് നിശ്ചയിച്ച പരിധിക്കപ്പുറം ഉൽപ്പാദിപ്പിച്ച കമ്പനികളെ ശിക്ഷിക്കുകയോ അധികമായി ഉൽപ്പാദിപ്പിച്ച സാധനങ്ങൾ നശിപ്പിക്കാൻ നിർബന്ധിക്കുകയോ ചെയ്തിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനെ അദ്ദേഹം ‘പ്രൊഡക്ഷൻ ലിങ്ക്ഡ് പണിഷ്മെന്റ്’ സമീപനമായി വിശേഷിപ്പിച്ചു. ക്ഷാമം നിലനിർത്തിയ പഴയ നയങ്ങൾ തൊഴിൽ അവസരങ്ങളെയും ബാധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അതിന് പകരം ഇപ്പോഴത്തെ ‘പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്’ പദ്ധതി ഉൽപ്പാദനം കൂട്ടുന്നവർക്ക് പ്രോത്സാഹനം നൽകുകയാണെന്ന് മോദി പറഞ്ഞു. ഈ പദ്ധതിയിലൂടെ 2.5 ലക്ഷം കോടി രൂപയുടെ യഥാർഥ നിക്ഷേപം എത്തിയെന്നും 22 ലക്ഷം കോടി രൂപയുടെ ഉൽപ്പാദനവും വിൽപ്പനയും നടന്നെന്നും 15 ലക്ഷം കോടി രൂപയുടെ കയറ്റുമതി സാധ്യമായെന്നും 14 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സ്ഥിരതയും നയങ്ങളുടെ തുടർച്ചയുമാണ് രാജ്യത്തിന്റെ അതിവേഗ വികസനത്തിന് സഹായിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘അനുമതി നൽകിയില്ലെങ്കിൽ നിരോധിതം’ എന്ന രീതിയിൽ നിന്ന് ‘നിരോധിച്ചിട്ടില്ലെങ്കിൽ അനുവദനീയം’ എന്ന സമീപനത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. ചെറിയ നടപടിക്രമ ലംഘനങ്ങൾക്ക് തടവിന് പകരം സാമ്പത്തിക പിഴ ഏർപ്പെടുത്തുന്ന ജൻ വിശ്വാസ് ബിൽ ഇതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. 40,000ത്തിലധികം അനുസരണ വ്യവസ്ഥകൾ ഒഴിവാക്കിയതായും 1,500ലധികം കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കിയതായും അദ്ദേഹം വ്യക്തമാക്കി. മൺസൂൺ സമ്മേളനത്തിൽ പാസാക്കിയ ബാങ്കേഴ്സ് ബുക്സ് എവിഡൻസ് ബിൽ 19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് നിയമത്തിന് പകരം ഡിജിറ്റൽ ബാങ്കിങ് രേഖകൾക്ക് നിയമപരമായ അംഗീകാരം നൽകുന്നതാണെന്നും ഇതിലൂടെ നിയമസങ്കീർണത കുറയുകയും വ്യവസായം നടത്തുന്നത് എളുപ്പമാകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
റെയിൽ സുരക്ഷ മുതൽ ഡ്രോൺ വ്യവസായം വരെ
മനുഷ്യജീവനും സമയത്തിനും പ്രാധാന്യം നൽകുന്ന ഭരണമാണ് വേണ്ടതെന്ന് പറഞ്ഞ പ്രധാനമന്ത്രി റെയിൽവേയിലെ മാറ്റങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടി. 6,500ലധികം സ്റ്റേഷനുകളിലും 10,000 ലെവൽ ക്രോസിങ്ങുകളിലും ഇലക്ട്രോണിക് ഇന്റർലോക്കിങ് സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. ഏകദേശം 9,000 ആളില്ലാ ലെവൽ ക്രോസിങ്ങുകൾ ഒഴിവാക്കിയതോടെ 2014ന് മുമ്പുള്ള കാലവുമായി താരതമ്യം ചെയ്യുമ്പോൾ ട്രെയിൻ അപകടങ്ങൾ 90 ശതമാനം വരെ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 2014 മുതൽ 3.6 ലക്ഷത്തിലധികം ബയോ ടോയ്ലറ്റുകൾ ട്രെയിനുകളിൽ സ്ഥാപിച്ചതോടെ പാളങ്ങളിൽ മനുഷ്യവിസർജ്യം വീഴുന്ന പ്രശ്നത്തിന് പരിഹാരമായെന്നും ഇത് ശുചിത്വത്തിനൊപ്പം യാത്രക്കാരുടെ അന്തസ്സിന്റെ വിഷയവുമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി-മീററ്റ് നമോ ഭാരത് റാപിഡ് റെയിലും ഡൽഹി മെട്രോയും 99.9 ശതമാനം സമയകൃത്യതയോടെ പ്രവർത്തിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചാണ് നയങ്ങൾ രൂപപ്പെടുത്തേണ്ടതെന്നും മോദി പറഞ്ഞു. ഒരുകാലത്ത് ഇന്ത്യയുടെ ഭൂപടം തയ്യാറാക്കുന്നത് സ്വന്തം പൗരന്മാർക്കുപോലും നിയന്ത്രിതമായിരുന്നുവെന്നും ജിയോസ്പേഷ്യൽ ഡാറ്റയിലെ നിയന്ത്രണങ്ങൾ നീക്കിയതോടെ സ്റ്റാർട്ടപ്പുകൾക്ക് വലിയ അവസരങ്ങൾ ലഭിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡ്രോൺ പറത്തുന്നതിലെ നിയന്ത്രണങ്ങൾ ഇളവാക്കിയതോടെ കൃഷി, പ്രതിരോധം, ദൃശ്യ ഉള്ളടക്ക നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഡ്രോൺ വ്യവസായം വളർന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി അടിസ്ഥാനസൗകര്യം ദൗർബല്യമല്ല, തന്ത്രപ്രധാന കരുത്താണെന്ന സമീപനമാണ് ഇപ്പോഴുള്ളതെന്നും 2024ലും 2025ലുമായി ബോർഡർ റോഡ്സ് ഓർഗനൈസേഷൻ 250 അടിസ്ഥാനസൗകര്യ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ആണവമേഖല മുതൽ ഡിജിറ്റൽ ജീവിതം വരെ
നിയന്ത്രണം കൂടുതലുണ്ടായിരുന്ന മേഖലകളിലും ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. ശാന്തി ബില്ലിലൂടെ ആണവോർജ മേഖല സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്തതും 40ലധികം ഓർഡനൻസ് ഫാക്ടറികളെ ഏഴ് കോർപ്പറേറ്റ് സ്ഥാപനങ്ങളാക്കി പുനഃസംഘടിപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലൂടെ പ്രതിരോധ സ്വയംപര്യാപ്തത വർധിക്കുകയും 2014നെ അപേക്ഷിച്ച് പ്രതിരോധ കയറ്റുമതി 55 മടങ്ങ് ഉയരുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
പലചരക്ക് സാധനങ്ങൾ ഓൺലൈനായി വാങ്ങുന്നത് മുതൽ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണം നൽകുന്നതുവരെ ഡിജിറ്റൽ സേവനങ്ങൾ സാധാരണ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഡാറ്റയും അതിവേഗ ഫൈവ് ജി വ്യാപനവും ഇന്ത്യയുടെ ഡിജിറ്റൽ മുന്നേറ്റത്തിന്റെ അടിസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു. ആധാർ, മൊബൈൽ, ബാങ്ക് സേവനങ്ങൾ തമ്മിൽ ബന്ധിപ്പിച്ചതിലൂടെ ഇ-കെവൈസിയും ഡിജിറ്റൽ തിരിച്ചറിയൽ പരിശോധനയും ലളിതമായി. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിലും ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിലും ഇത് മാറ്റമുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. ഇ-സഞ്ജീവനി വഴി ഏകദേശം 50 കോടി ടെലി കൺസൾട്ടേഷനുകൾ നടന്നതായും ഡിജി യാത്രയും ഫാസ്റ്റാഗും യാത്രാസമയം കുറച്ചതായും അദ്ദേഹം വ്യക്തമാക്കി.
സൗജന്യ വൈദ്യുതിക്ക് പകരം ദീർഘകാല നേട്ടം
രാജ്യത്തെ മാറ്റുന്ന തീരുമാനങ്ങൾ തെരഞ്ഞെടുപ്പിലെ ഉടനടി നേട്ടം മാത്രം നോക്കി എടുക്കാൻ കഴിയില്ലെന്നും ഇന്നത്തെയും നാളത്തെയും ആവശ്യങ്ങൾ കണക്കിലെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പി.എം കുസും യോജനയും പി.എം സൂര്യഘർ മുഫ്ത് ബിജിലി യോജനയും ഇതിന്റെ ഉദാഹരണങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. വെറുതെ സൗജന്യ വൈദ്യുതി പ്രഖ്യാപിക്കുന്നതിന് പകരം 50 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് മേൽക്കൂര സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ സഹായം നൽകുന്ന വഴിയാണ് സർക്കാർ തെരഞ്ഞെടുത്തതെന്ന് മോദി പറഞ്ഞു. ഇതിലൂടെ കുടുംബങ്ങൾക്ക് വൈദ്യുതി ബിൽ ഒഴിവാക്കുന്നതിനൊപ്പം അധിക വൈദ്യുതി ഗ്രിഡിലേക്ക് വിറ്റ് വരുമാനം നേടാനും സാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുവാക്കൾക്കും സ്ത്രീകൾക്കും കർഷകർക്കും മധ്യവർഗത്തിനും ജീവിതസൗകര്യവും വ്യവസായ സൗകര്യവും വർധിപ്പിക്കുന്ന പരിഷ്കാരങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള സർക്കാരിന്റെ ‘റിഫോം എക്സ്പ്രസ്’ കൂടുതൽ വേഗത്തിൽ മുന്നോട്ടുപോകുമെന്നും ഇന്ത്യ കൂടുതൽ സ്ഥിരതയും സുരക്ഷയും കൈവരിക്കുമ്പോൾ ലോകത്തിനും അതിലൂടെ കൂടുതൽ സുരക്ഷാബോധം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.