സിംഗപ്പൂർ / 2026 / ഓഗസ്റ്റ് 19
ഇന്ത്യ–സിംഗപ്പൂർ മന്ത്രിതല വട്ടമേശയുടെയും ബിസിനസ് വട്ടമേശയുടെയും നാലാം പതിപ്പിൽ പങ്കെടുക്കാൻ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ സിംഗപ്പൂരിലെത്തി. ഓഗസ്റ്റ് 19 മുതൽ 21 വരെയാണ് സന്ദർശനം. ഇന്ത്യയിൽനിന്നുള്ള വിവിധ മേഖലകളിലെ എഴുപതോളം മുതിർന്ന വ്യവസായ പ്രമുഖരും മന്ത്രിക്കൊപ്പമുണ്ട്. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക, വാണിജ്യ ബന്ധം കൂടുതൽ ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
സാങ്കേതികവിദ്യ, സോഫ്റ്റ്വെയർ, നിർമിതബുദ്ധി, ഉൽപാദനം, എൻജിനീയറിങ്, അടിസ്ഥാനസൗകര്യം, സുസ്ഥിര വികസനം, ധനകാര്യ സേവനങ്ങൾ, ആരോഗ്യ-ജീവശാസ്ത്ര മേഖല, ഭക്ഷ്യ-കാർഷിക മേഖല, ചരക്കുനീക്കം, സമുദ്രവ്യാപാരം, പ്രൊഫഷണൽ സേവനങ്ങൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികളാണ് ഇന്ത്യൻ സംഘത്തിലുള്ളത്. വ്യാപാര സ്ഥാപനങ്ങൾ തമ്മിലും സർക്കാരും വ്യാപാര സ്ഥാപനങ്ങളും തമ്മിലും വിവിധ ചർച്ചകൾ നടക്കും. നിക്ഷേപം, വിപണി പ്രവേശനം, സാങ്കേതിക സഹകരണം, നൈപുണ്യ വികസനം എന്നിവയിലാണ് പ്രധാന ശ്രദ്ധ.
ഓഗസ്റ്റ് 20-ന് നടക്കുന്ന നാലാമത് ഇന്ത്യ–സിംഗപ്പൂർ മന്ത്രിതല വട്ടമേശയിലാണ് സന്ദർശനത്തിലെ പ്രധാന ചർച്ചകൾ. ഇന്ത്യ–സിംഗപ്പൂർ സമഗ്ര തന്ത്രപര പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്ന ഉന്നതതല മന്ത്രിതല സംവിധാനമാണിത്. നാലാമത് ഇന്ത്യ–സിംഗപ്പൂർ ബിസിനസ് വട്ടമേശയും ഇതോടൊപ്പം നടക്കും. ധാരണാപത്രങ്ങൾ ഒപ്പിടുന്ന ചടങ്ങും സിംഗപ്പൂർ ഉപപ്രധാനമന്ത്രി നൽകുന്ന ഉച്ചവിരുന്നും പരിപാടിയുടെ ഭാഗമാണ്.
നാല് കേന്ദ്രമന്ത്രിമാർ ഒരേ വേദിയിൽ
കേന്ദ്ര ധന-കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, റെയിൽവേ-വാർത്താവിതരണ പ്രക്ഷേപണ-ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരും പീയൂഷ് ഗോയലിനൊപ്പം മന്ത്രിതല വട്ടമേശയിൽ പങ്കെടുക്കും. സിംഗപ്പൂരിലെ മന്ത്രിമാരുമായും മുതിർന്ന ഭരണനേതൃത്വവുമായും ഇന്ത്യൻ മന്ത്രിമാർ ചർച്ച നടത്തും. പീയൂഷ് ഗോയൽ ഇസ്താനയിൽ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങുമായും കൂടിക്കാഴ്ച നടത്തും.
നിക്ഷേപകരുമായും ആഗോള സ്ഥാപനങ്ങളുമായും ചർച്ച
ഗ്ലോബൽ ഫിനാൻസ് ആൻഡ് ടെക്നോളജി നെറ്റ്വർക്ക്, വൈ.പി.ഒ. ഗ്ലോബൽ, മിൽക്കൻ ഇൻസ്റ്റിറ്റ്യൂട്ട്, കെപ്പൽ ഇൻഫ്രാസ്ട്രക്ചർ, ടെമാസെക് ഹോൾഡിങ്സ്, ഐ.എച്ച്.എച്ച്. ഹെൽത്ത്കെയർ തുടങ്ങിയ സ്ഥാപനങ്ങളുടെ മുതിർന്ന പ്രതിനിധികളുമായി പീയൂഷ് ഗോയൽ ചർച്ച നടത്തും. സിംഗപ്പൂർ ബിസിനസ് ഫെഡറേഷൻ ചെയർമാൻ നയിക്കുന്ന സംഘവുമായും ടർണർ ആൻഡ് ടൗൺസെൻഡ്, എസ്.ടി.ടി. ജി.ഡി.സി. പ്രതിനിധികളുമായും കൂടിക്കാഴ്ചയുണ്ട്. തുടർന്ന് കുടുംബ നിക്ഷേപ സ്ഥാപനങ്ങളുടെ വട്ടമേശയും നടക്കും.
ഇന്ത്യൻ കാർഷിക ഉൽപന്നങ്ങൾക്ക് സിംഗപ്പൂർ വിപണി
ഇന്ത്യൻ കാർഷിക-ഭക്ഷ്യ ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടാനുള്ള എപിഡ–ഫെയർപ്രൈസ് സംരംഭവും മന്ത്രി സന്ദർശിക്കും. സിറ്റി സ്ക്വയർ മാളിൽ നടക്കുന്ന സന്ദർശനത്തിൽ സിംഗപ്പൂർ വിദേശകാര്യ-വാണിജ്യ വ്യവസായ സഹമന്ത്രി ഗാൻ സിയോ ഹുവാങ്ങും പങ്കെടുക്കും. സിംഗപ്പൂരിലെ ചില്ലറവ്യാപാര വിപണിയിൽ ഇന്ത്യൻ ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വ്യാപാര സമൂഹവുമായി നേരിട്ടുള്ള സംവാദം
ഫിക്കി സംഘടിപ്പിക്കുന്ന ഇന്ത്യ–സിംഗപ്പൂർ ബിസിനസ് ഫോറത്തിൽ പീയൂഷ് ഗോയൽ പങ്കെടുക്കും. ഇൻസിയാഡ് ഏഷ്യ ക്യാമ്പസിലാണ് പരിപാടി. പുതിയ ആഗോള വളർച്ചാ സാഹചര്യത്തിൽ ഇന്ത്യയും ഏഷ്യയിലെയും ലോകത്തെയും വ്യാപാര അവസരങ്ങളും എന്ന വിഷയത്തിൽ മന്ത്രി സംവദിക്കും. ഇന്ത്യൻ, സിംഗപ്പൂർ വ്യവസായ സമൂഹവുമായി കൂടിക്കാഴ്ചയും ഉണ്ടാകും. സന്ദർശനത്തിന്റെ അവസാനഘട്ടത്തിൽ മറീന ബേ സാൻഡ്സ് എക്സ്പോ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഐ.സി.എ.ഐ. ആസിയാൻ സമ്മേളനം 2026-ൽ മന്ത്രി മുഖ്യപ്രഭാഷണം നടത്തും.
ഇന്ത്യയിലെ നിക്ഷേപത്തിൽ സിംഗപ്പൂർ മുന്നിൽ
2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപ ഉറവിടം സിംഗപ്പൂരായിരുന്നു. 19.8 ബില്യൺ ഡോളറാണ് ആ വർഷത്തെ നിക്ഷേപം. 2000 ഏപ്രിൽ മുതൽ 2026 മാർച്ച് വരെ സിംഗപ്പൂരിൽനിന്നുള്ള ആകെ നേരിട്ടുള്ള വിദേശ നിക്ഷേപം 194.68 ബില്യൺ ഡോളറിലെത്തി. ഇന്ത്യയ്ക്ക് ലഭിച്ച ആകെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ 24.72 ശതമാനമാണിത്. ആസിയാൻ രാജ്യങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും സിംഗപ്പൂരാണ്.
ഇന്ത്യ–സിംഗപ്പൂർ സമഗ്ര സാമ്പത്തിക സഹകരണ കരാറിന് ശേഷം ഉഭയകക്ഷി വ്യാപാരവും വലിയ തോതിൽ ഉയർന്നു. 2004–05 സാമ്പത്തിക വർഷത്തിലെ 6.7 ബില്യൺ ഡോളറിൽനിന്ന് 2025–26-ൽ 36.1 ബില്യൺ ഡോളറായി വ്യാപാരം വളർന്നു. വിദേശ വാണിജ്യ വായ്പകളുടെയും വിദേശ പോർട്ട്ഫോളിയോ നിക്ഷേപത്തിന്റെയും പ്രധാന ഉറവിടവുമാണ് സിംഗപ്പൂർ. ഉയർന്ന നിലവാരമുള്ള ഉൽപാദനം, ഡിജിറ്റൽവൽക്കരണം, നൈപുണ്യ വികസനം, ഹരിത സമ്പദ്വ്യവസ്ഥ എന്നിവയിലും സഹകരണം കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
.