തൃശൂർ, 2026 ഓഗസ്റ്റ് 18 –
മൂന്ന് ദിവസങ്ങളിൽ 1080 വിവാഹങ്ങൾ
ഗുരുവായൂർ ക്ഷേത്രത്തിൽ ഓഗസ്റ്റ് 23ന് 422, ഓഗസ്റ്റ് 30ന് 338, സെപ്റ്റംബർ 13ന് 320 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. വൻ തിരക്ക് കണക്കിലെടുത്ത് വിവാഹ ചടങ്ങുകളും ക്ഷേത്ര ദർശനവും സുഗമമാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കാൻ തീരുമാനിച്ചു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
പുലർച്ചെ നാലുമുതൽ വിവാഹം
മൂന്ന് ദിവസങ്ങളിലും പുലർച്ചെ നാലുമുതൽ വിവാഹ ചടങ്ങുകൾ നടത്തും. താലികെട്ടിനായി ആറ് മണ്ഡപങ്ങൾ സജ്ജമാക്കും. ക്ഷേത്രം കോയ്മമാരെയും മംഗളവാദ്യ സംഘത്തെയും അധികമായി നിയോഗിക്കും. ക്ഷേത്രത്തിന്റെ കിഴക്കേ നട പൂർണമായും ഏകദിശാ സംവിധാനത്തിലാക്കും. ഒരു വിവാഹ സംഘത്തിൽ ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കാണ് മണ്ഡപത്തിന് സമീപം പ്രവേശനം.
വിവാഹ സംഘത്തിന് പ്രത്യേക പ്രവേശനക്രമം
വരനും വധുവും ഉൾപ്പെടുന്ന വിവാഹ സംഘം നേരത്തെ എത്തി തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിൽ നിന്ന് ടോക്കൺ വാങ്ങണം. ഇവിടെ വിശ്രമിക്കാം. ഊഴമാകുമ്പോൾ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലൂടെ കിഴക്കേ നട മണ്ഡപത്തിലെത്തി ചടങ്ങ് നടത്താം. വിവാഹം കഴിഞ്ഞാൽ തെക്കേ നട വഴിയാണ് മടങ്ങേണ്ടത്.
ദർശനത്തിലും നിയന്ത്രണം
അഭൂതപൂർവമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ദർശനത്തിന് ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തി. പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ക്ഷേത്രത്തിനകത്തും പുറത്തും കൂടുതൽ പൊലീസിനെ വിന്യസിക്കും. മഫ്തിയിലും പൊലീസുകാരുണ്ടാകും. പോക്കറ്റടിയും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ കർശന നിരീക്ഷണമുണ്ടാകും.
ഇരുപത്തിനാല് മണിക്കൂറും നിരീക്ഷണം
ക്ഷേത്രത്തിനകത്തും പുറത്തുമുള്ള സി.സി.ടി.വി ക്യാമറകൾ അടിയന്തരമായി പ്രവർത്തനക്ഷമമാക്കും. സുരക്ഷാ ജീവനക്കാരെ നിയോഗിച്ച് ഇരുപത്തിനാല് മണിക്കൂറും നിരീക്ഷണം ശക്തമാക്കും. ക്ഷേത്രത്തിന്റെ അകത്തള, പുറംവളയം റോഡുകളിൽ വാഹന പാർക്കിങ് അനുവദിക്കില്ല. നിശ്ചിത കേന്ദ്രങ്ങളിൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ.
അനാവശ്യ യാത്ര ഒഴിവാക്കണം
വൻ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഗുരുവായൂരിലേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്രപരിസരത്ത് കുടിവെള്ളം ഉറപ്പാക്കും. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസിനും അഗ്നിരക്ഷാസേന വാഹനങ്ങൾക്കും തടസ്സമില്ലാതെ സഞ്ചരിക്കാനുള്ള സൗകര്യവും ഒരുക്കും.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.