ന്യൂഡൽഹി /2026 / ജൂലൈ 31
രാജ്യത്തെ മത്സ്യബന്ധന, ജലകൃഷി മേഖലകളുടെ സമഗ്ര വികസനത്തിനായി പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയ്ക്ക് കീഴിൽ 12 സംയോജിത അക്വാപാർക്കുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. മൊത്തം 713.80 കോടി രൂപയാണ് പദ്ധതികളുടെ ചെലവ്. പ്രാദേശിക ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ മത്സ്യ ഉൽപാദനം മുതൽ സംസ്കരണം, പാക്കിങ്, വിപണനം, കയറ്റുമതി വരെയുള്ള പ്രവർത്തനങ്ങൾ ഒരിടത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം. രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജൻ സിങ് എന്ന ലാലൻ സിങ് ആണ് വിവരങ്ങൾ അറിയിച്ചത്.
ആന്ധ്രപ്രദേശിന് 88.08 കോടി രൂപയുടെ പദ്ധതി
ആന്ധ്രപ്രദേശ് സർക്കാർ സമർപ്പിച്ച സംയോജിത അക്വാപാർക്ക് പദ്ധതിക്ക് 88.08 കോടി രൂപയുടെ അനുമതി ലഭിച്ചു. സമുദ്രോൽപന്ന സംസ്കരണ പാർക്ക്, ചെമ്മീൻ വളർത്തൽ, കടൽ മത്സ്യകൃഷി, ഞണ്ട് വളർത്തൽ, കടൽപ്പായൽ ഉൽപാദനം, അലങ്കാര മത്സ്യകൃഷി തുടങ്ങിയ വിവിധ മേഖലകൾ പദ്ധതിയിൽ ഉൾപ്പെടും.
കേന്ദ്രവും സംസ്ഥാനങ്ങളും ചെലവ് പങ്കിടും
സംയോജിത അക്വാപാർക്കുകൾ വ്യക്തിഗത ഗുണഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പദ്ധതിയല്ല. കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങളിൽ ചെലവിന്റെ 90 ശതമാനം കേന്ദ്രവും 10 ശതമാനം സംസ്ഥാനവും വഹിക്കും. മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവും നൽകും. നിയമസഭയുള്ളതും ഇല്ലാത്തതുമായ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഴുവൻ ചെലവും കേന്ദ്ര സർക്കാർ വഹിക്കും.
മത്സ്യ സംസ്കരണത്തിന് കൂടുതൽ സൗകര്യങ്ങൾ
മത്സ്യ, ജലകൃഷി മേഖലകളിലെ സംസ്കരണശേഷി, ബ്രാൻഡിങ്, കയറ്റുമതി അധിഷ്ഠിത ഉൽപാദനം എന്നിവ ശക്തിപ്പെടുത്താൻ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 34 ഉൽപാദന, സംസ്കരണ ക്ലസ്റ്ററുകൾ പ്രഖ്യാപിച്ചു. മേഖലാ അടിസ്ഥാനത്തിലുള്ള മൂല്യവർധിത ഉൽപന്ന നിർമാണവും സംസ്കരണ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ 11 മത്സ്യബന്ധന തുറമുഖങ്ങൾ നിർമിക്കാനും നിലവിലുള്ള 11 തുറമുഖങ്ങൾ നവീകരിക്കാനും അനുമതി നൽകി. മത്സ്യം കരയ്ക്കെത്തിക്കൽ, കൈകാര്യം ചെയ്യൽ, പ്രാഥമിക സംസ്കരണം എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഇതിലൂടെ മെച്ചപ്പെടും. ശുചിത്വത്തോടെ മത്സ്യം കൈകാര്യം ചെയ്യാനും വിളവെടുപ്പിന് ശേഷമുള്ള നഷ്ടം കുറയ്ക്കാനുമായി 23 ആധുനിക മത്സ്യ ഇറക്കൽ കേന്ദ്രങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.
ആഴക്കടൽ മത്സ്യബന്ധനത്തിനും കയറ്റുമതിക്കും പിന്തുണ
സുസ്ഥിരമായ ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാനും സംസ്കരണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത വർധിപ്പിക്കാനുമായി 284 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ അനുവദിച്ചു. വൈവിധ്യമാർന്ന മൂല്യവർധിത സമുദ്രോൽപന്നങ്ങൾ, ബ്രാൻഡിങ്, കയറ്റുമതി അധിഷ്ഠിത ഉൽപാദനം എന്നിവയ്ക്കായി 121 സംരംഭ യൂണിറ്റുകൾക്കും പിന്തുണ നൽകി. സംസ്കരണം, പാക്കിങ്, ബ്രാൻഡിങ്, കയറ്റുമതി സഹായം എന്നിവ ഉൾപ്പെടുന്ന കേന്ദ്രങ്ങളായാണ് 12 സംയോജിത അക്വാപാർക്കുകൾ വിഭാവനം ചെയ്തിരിക്കുന്നത്.
ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ടിന് കീഴിൽ സ്വകാര്യ കമ്പനികൾക്കും സംരംഭകർക്കുമായി 18 പദ്ധതികൾക്ക് അനുമതി നൽകി. ആധുനിക മത്സ്യ സംസ്കരണ ശാലകൾ, ശീതശൃംഖലാ സൗകര്യങ്ങൾ, മൂല്യവർധിത ഉൽപാദന യൂണിറ്റുകൾ എന്നിവ സ്ഥാപിക്കാനും വികസിപ്പിക്കാനുമാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്.
പരിശീലനം ലഭിച്ചത് 1,75,261 മത്സ്യത്തൊഴിലാളികൾക്ക്
മത്സ്യമേഖലയിലെ നൈപുണ്യ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ, വ്യവസായ തൊഴിലാളികൾ എന്നിവരുടെ ശേഷി വർധിപ്പിക്കാൻ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയിൽ പ്രത്യേക ഘടകങ്ങൾ ഉൾപ്പെടുത്തി. ദേശീയ ഫിഷറീസ് വികസന ബോർഡിനെ പ്രധാന നിർവഹണ ഏജൻസിയാക്കി രാജ്യവ്യാപകമായി പരിശീലന പരിപാടികൾ നടത്തുകയാണ്. ഇതുവരെ 4,041 പരിശീലന പരിപാടികളിലൂടെ 1,75,261 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ലഭിച്ചതായി ബോർഡ് അറിയിച്ചു.